1 GBP = 111.01
breaking news

അൻവർ തുറന്നു വിട്ട പോലീസ് ഭൂതം ആവേശിക്കാൻ പോകുന്നത് CPIM പാർട്ടി സമ്മേളനങ്ങൾ

അൻവർ തുറന്നു വിട്ട പോലീസ് ഭൂതം ആവേശിക്കാൻ പോകുന്നത് CPIM പാർട്ടി സമ്മേളനങ്ങൾ

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നിരവധി വിവാദങ്ങളാണ് ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും ബന്ധപ്പെട്ട് ഉയർന്നത്. ഇപ്പോൾ സിപിഐഎമ്മിന്റെ നിർണായക സമ്മേളനങ്ങളായ ബ്രാഞ്ച്, ഏരിയ, ജില്ലാ, സംസ്ഥാന സമ്മേളനങ്ങൾ നടക്കാനിരിക്കെയാണ് പൊലീസിനെതിരെ ആരോപണങ്ങൾ തുടർക്കഥയാകുന്നത്. ഏറ്റവും ഒടുവിൽ ആരോപണം ഉയർത്തിയിരിക്കുന്നത് ഇടതുപക്ഷ എംഎൽഎയായ കടന്നലുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന പിവി അൻവർ എംഎൽഎ ആണ്. പ്രതിപക്ഷ ആരോപണങ്ങൾ ന്യായീകരിച്ച് മുന്നോട്ട് പോകാൻ കഴിയുന്നതായിരുന്നെങ്കിലും ഇടതുപക്ഷത്തിനുള്ളിൽ നിന്ന് തന്നെ പൊലീസിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർന്നത് സിപിഐഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരായ പിവി അൻവറിന്റെ ആരോപണങ്ങൾ പാർട്ടിക്കകത്ത് തന്നെ വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. ഇന്ന് ആരംഭിച്ചിരിക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ തന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമർശനം ഉയർന്നു കഴിഞ്ഞു. ബ്രാഞ്ച് സമ്മേളനം മുതൽ തന്നെ പിവി അൻവറിന്റെ ആരോപണങ്ങളിൽ ചർച്ച തുടങ്ങിക്കഴിഞ്ഞു.

പിവി അൻവറിന്റെ ആരോപണങ്ങളിൽ ​ഗൗരവകരമായ ചർച്ചകൾക്കാണ് പാർട്ടിക്കകത്ത് തുടക്കം കുറിച്ചിരിക്കുന്നത്. ആര് തടുക്കും ആര് ചെറുക്കും എന്ന വെല്ലുവിളി പോലെ അൻവർ ആരോപണങ്ങപ്രഹരങ്ങൾ തുടരുകയാണ്. എഡിജിപി അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും ലക്ഷ്യമിട്ടികൊണ്ടുള്ളതായിരുന്ന പിവി അൻവറിന്റെ ആരോപണങ്ങളത്രയും. എം.ആർ അജിത്കുമാർ കൊന്നും കൊല്ലിച്ചും ശീലമുള്ള ആളാണെന്നാണ് അൻവർ തുറന്നടിച്ചത്. മുഖ്യമന്ത്രിയെ പി ശശി കുഴിയിൽ ചാടിക്കുന്നുവെന്നാണ് ഇടത് എംഎൽഎയായ അൻവറിന്റെ ആരോപണം.

പൊലീസ് സേനയിൽ‌ പീഡനമുണ്ടെന്നും കീഴ് ഉദ്യോ​ഗസ്ഥരെകൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്നുവെന്ന് പിവി അൻവർ ആരോപിക്കുന്നു. ഒരു ഭാ​ഗത്ത് അടിമപ്പണിയാണെന്നും മറു ഭാ​ഗത്ത് സമ്പൂർണ സ്വാതന്ത്ര്യമാണെന്നും പിവി അൻവർ പറയുന്നു. പാർട്ടിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ബാരിക്കേഡ് തീർത്തായിരുന്നു പൊളിറ്റിക്കൽ സെക്രട്ടറിയുടെ പ്രവർത്തനമെന്ന് അൻവറിന്റെ മറ്റൊരു ആരോപണം. ഇടതുപക്ഷത്തിനുള്ളിൽ‌ നിന്ന് തന്നെ ​ഗുരുതരം ആരോപണങ്ങൾ ഉയർന്നിരിക്കുന്നത് പാർട്ടി പ്രവർത്തകരെ വരെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പാർട്ടിക്കും മുകളിലേക്ക് പോലീസും പോലീസിനെ നിയന്ത്രിക്കുന്ന പി.ശശിയും വളർന്നുവെന്ന് സിപിഐഎമ്മിൽ ഒരുവിഭാഗത്തിന് അഭിപ്രായവുമുണ്ട്.

ആഭ്യന്തര വകുപ്പിനെതിരായി ഉയരുന്ന തുടർച്ചയായ ആരോപണങ്ങളിൽ ഇടതുപക്ഷ സർക്കാരിന്റെ ക്യാപ്റ്റൻ എന്ന് പാർട്ടിക്കാർ വിശേഷിപ്പിക്കുന്ന പിണറായി വിജയന്റെ പ്രതിച്ഛായക്കും മങ്ങലേൽക്കുന്നുണ്ട്. പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ പിണറായിയുടെ ശൈലിക്കെതിരെ ഭിന്നാഭിപ്രായമാണ് ഉയരുന്നത്. വീണ്ടും ഭരണത്തിൽ എത്താനായി പിണറായി മാറുമോ പിണറായിയെ മാറ്റുമോ എന്ന ചോദ്യങ്ങളും രാഷ്ട്രീയ കേരളത്തിൽ ചർച്ച ചെയ്യപ്പെടുമെന്നത് തീർച്ചയാണ്.

അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയുടെ ഈ സുപ്രധാന സമ്മേളനങ്ങളിൽ ഉയരുന്ന നിലപാടുകളും വിമർശനങ്ങളും പ്രതിഫലിക്കും. ഒക്‌ടോബറിലാണ്‌ ലോക്കൽ സമ്മേളനങ്ങൾ. ഏരിയ സമ്മേളനങ്ങൾ നവംബറിലും ജില്ലാ സമ്മേളനങ്ങൾ ഡിസംബർ, ജനുവരി മാസങ്ങളിലുമാണ്‌. 2025 ഫെബ്രുവരിയിൽ കൊല്ലത്താണ്‌ സംസ്ഥാന സമ്മേളനം. സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം നിർണായക സമ്മേളനങ്ങൾ നടക്കാനിരിക്കെ പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നതും സംശയകരമായി നിലനിൽക്കുകയാണ്യ. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിക്കകത്ത് തന്നെ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more