1 GBP = 110.28

പരസ്യമായി അപമാനിക്കല്‍, തെറി വിളി; അദാനി കുരുക്കില്‍പ്പെട്ട മാധബി ബുച്ചിനെതിരെ സെബി ജീവനക്കാര്‍

പരസ്യമായി അപമാനിക്കല്‍, തെറി വിളി; അദാനി കുരുക്കില്‍പ്പെട്ട മാധബി ബുച്ചിനെതിരെ സെബി ജീവനക്കാര്‍

ആക്രോശം, ആക്ഷേപം, അധിക്ഷേപം.. ഇതൊക്കെ നടത്തുന്ന ഒരു ബോസിനെ ആര്‍ക്കാണ് ഇഷ്ടപ്പെടുക? ആര്‍ക്കും ഇഷ്ടപ്പെടാന്‍ ഇടയില്ല. ഇതുപോലൊരു നേതൃത്വമാണ് സെബിയിലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സഹപ്രവര്‍ത്തകരെ ബഹുമാനിക്കാതെയുള്ള മാധബി പുരി ബുച്ചിന്റെ നേതൃത്വത്തിനെതിരെ ധനമന്ത്രാലയത്തിന് കത്തയച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ടോക്‌സിക്കായ തൊഴില്‍ സംസ്‌കാരം വളര്‍ത്തുന്നുവെന്ന ആരോപണമാണ് ഇവര്‍ സെബി നേതൃത്വത്തിനെതിരെ ഉന്നയിക്കുന്നത്.

ലേശം ബഹുമാനമാകാം

‘മേലധികാരിയില്‍ നിന്ന് ബഹുമാനം തേടി’ കത്തയക്കേണ്ട ഗതികേടിലാണ് രാജ്യത്തെ തന്നെ ഏറ്റവും സമുന്നതമായ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍. ‘Grievances of Sebi Officers-A Call for Respect’ എന്ന തലക്കെട്ടോടെയാണ് ഉദ്യോഗസ്ഥര്‍ കത്തെഴുതിയിരിക്കുന്നത്. ടീം അംഗങ്ങളോട് കര്‍ക്കശവും അണ്‍പ്രൊഫഷണലുമായ ഭാഷ ഉപയോഗിക്കുന്നു, മിനുട്ട് വച്ച് തങ്ങളുടെ പ്രവര്‍ത്തികള്‍ സൂക്ഷ്മമായി നിരീക്ഷിക്കല്‍ എന്നിവയൊക്കെയാണ് ദേഷ്യം വന്നാല്‍ ബുച് ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മനുഷ്യരെക്കൊണ്ട് പറ്റാത്ത യമണ്ടന്‍ ടാര്‍ജറ്റുകള്‍ നിശ്ചയിക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. പകുതിയോളം ഓഫിസേഴ്‌സ് ഒപ്പിട്ട പരാതിയാണ് ധനമന്ത്രാലയത്തിലെത്തിയത്. സെബി മാനേജ്‌മെന്റ് പരാതികള്‍ കേള്‍ക്കാതെ വന്നതോടെയാണ് മന്ത്രാലയത്തിന് പരാതി അയച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇത്തരം നടപടികള്‍ തങ്ങളുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സെബിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജീവനക്കാരോട് സൗഹൃദപരമല്ലാതെ അന്തരീക്ഷത്തിന്റെ പേരില്‍ ആശങ്ക ഉയരുന്നത്. ഉദ്യോഗസ്ഥരുടെ വര്‍ക്ക് – ലൈഫ് ബാലന്‍സിനെയും ബുച്ചിന്റെ പെരുമാറ്റം സാരമായി ബാധിക്കുന്നുണ്ട്. ഉയര്‍ന്ന ഗ്രേഡില്‍ ജോലിചെയ്യുന്നവര്‍ പോലും മേലധികാരികളുടെ പ്രതികാര മനോഭാവം ഭയന്ന് പരാതി പറയാറില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ രണ്ട് – മൂന്ന് വര്‍ഷമായി സെബിയെ മുന്നേട്ട് നയിക്കുന്ന ഘടകം ഭയമാണെന്നും ഇവര്‍ ആരോപിക്കുന്നു. കൂടാതെ സ്ഥാപനത്തില്‍ അടിച്ചമര്‍ത്തുന്ന തരത്തിലുള്ള അന്തരീക്ഷമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സെബിയുടെ മറുപടി

ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് സെബി പറയുന്നത്. റിവ്യൂ മീറ്റിങ്ങുകളുടെ ഫോര്‍മാറ്റ് മാറ്റിയിട്ടുണ്ടെന്നും സെബി വ്യക്തമാക്കി.

വിവാദങ്ങളില്‍ മാധബി

ഹിന്‍ഡന്‍ബര്‍ഗിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ കുറ്റാരോപിത സ്ഥാനത്ത് നില്‍ക്കുന്ന വ്യക്തിയാണ് മാധബി പുരി ബുച്ച്. മാധബിയും ഭര്‍ത്താവും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ബര്‍മുഡ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളില്‍ ഇവര്‍ നിക്ഷേപം നടത്തിയെന്നും ഈ കമ്പനികള്‍ പിന്നീട് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ പങ്കാളികളായെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. അദാനി ഗ്രൂപ്പിനെതിരെ 2023 ജനുവരിയില്‍ തങ്ങള്‍ നേരത്തെ പുറത്തുവിട്ട ആരോപണങ്ങളില്‍ അന്വേഷണം നടത്താത്ത സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോര്‍ഡിന്റെ നിലപാടിന് പിന്നിലും ഇതാണ് കാരണമെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more