അലക്സ് വർഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
ആറാമത് യുക്മ -ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി വേദിയുടെ അരങ്ങുണർത്തുവാൻ അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ പുലികളി വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് ഡാൻസും കാണികൾക്ക് ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കും.
യുക്‌മ കേരളപൂരം വള്ളംകളി ആരംഭിച്ച 2017 മുതൽ വള്ളംകളി പ്രേമികളെ ആനന്ദത്തിലാറാടിച്ച കലാപ്രകടനങ്ങളാണ് വള്ളംകളി വേദികളിൽ നടന്ന് കൊണ്ടിരുന്നത്. പതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളുവാൻ സൌകര്യമുള്ള മാൻവേഴ്സ് തടാകക്കരയിലാണ് ഇത്തവണയും യുക്‌മ കേരളപൂരം വള്ളംകളി 2024 ന് വേദിയൊരുങ്ങുന്നത്. സ്കൂൾ അവധിക്കാലത്തിൻ്റെ അവസാന നാളുകളിലും, ഓണാഘോഷങ്ങളുടെയും നടുവിൽ നിൽക്കുന്ന യുകെ മലയാളി സമൂഹത്തിന് ഒരു ദിവസം മുഴുവൻ ആഹ്ലാദിച്ചുല്ലസിക്കാൻ പറ്റുന്ന തരത്തിൽ എല്ലാ വിഭവങ്ങളും മുന്നൊരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
കഴിഞ്ഞ തവണ ലൈവ് പ്രോഗ്രാമുകൾ നടത്തുന്നതിനായി സ്റ്റേജ് ക്രമീകരിച്ചിരുന്ന തടാകത്തിന്റെ തീരത്ത് തന്നെയാണ് ഇത്തവണയും സ്റ്റേജ് സജ്ജീകരിക്കുന്നത്. രാവിലെ 10 മണി മുതൽ വള്ളംകളി മത്സരങ്ങളുടെ ഇടവേളകളിൽ, സ്റ്റേജിൽ തനത് കേരളീയ കലാരൂപങ്ങളും, നൃത്ത സംഗീത ഇനങ്ങളും അരങ്ങേറും. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, യുക്മ ലയ്സൺ ഓഫീസർ മനോജ് കുമാർ പിള്ള, മുൻ വൈസ് പ്രസിഡൻറ് ലിറ്റി ജിജോ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേജ് പ്രോഗ്രാമുകളുടെ ക്രമീകരണങ്ങൾ നടന്ന് വരുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ കേരളപൂരം വേദിയിൽ, ആയിരക്കണക്കിന് കാണികളുടെ മുമ്പിൽ തങ്ങളുടെ കലാപ്രാവീണ്യം പ്രദർശിപ്പിക്കുവാനുള്ള അസുലഭാവസരമാണ് കലാകാരൻമാർക്ക് യുക്മ ഒരുക്കുന്നത്. സിനിമാറ്റിക് ഡാൻസ്, ക്ളാസ്സിക്കൽ ഡാൻസ്, നാടൻ പാട്ട്, തനത് കേരളീയ കലാരൂപങ്ങൾ, മ്യൂസിക് ബാൻഡ്, മൈം തുടങ്ങി വൈവിദ്ധ്യമേറിയ ഇനങ്ങളാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ യുക്മയുടെ ആറാമത് കേരളപൂരം വള്ളംകളി വേദിയിൽ തങ്ങളുടെ കലാപ്രകടനങ്ങൾ (ഗ്രൂപ്പ് ഇനങ്ങൾക്ക് മുൻഗണന) ഉൾക്കൊള്ളിക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെ പേര് കൊടുത്തിരിക്കുന്നവരെ ബന്ധപ്പെടുക:-
ലീനുമോൾ ചാക്കോ – 07868607496
സ്മിത തോട്ടം – 07450964670
മനോജ്കുമാർ പിള്ള – 07960357679
ലിറ്റി ജിജോ – 07828424575.
click on malayalam character to switch languages