ചികാഗോ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാമനിര്‍ദേശം കമല ഹാരിസ് സ്വീകരിച്ചു. വര്‍ഗ-ലിംഗ- കക്ഷിഭേദമന്യേ എല്ലാ അമേരിക്കക്കാര്‍ക്കുംവേണ്ടി പ്രസിഡന്റ് ആവാനുള്ള നാമനിര്‍ദേശം സ്വീകരിക്കുകയാണെന്ന് നാലു ദിവസമായി ചികാഗോയില്‍ നടന്ന ഡെമോക്രാറ്റിക് നാഷനല്‍ കൺവെന്‍ഷനില്‍ കമല ഹാരിസ് പറഞ്ഞു.
45 മിനിറ്റ് നീണ്ട പ്രസംഗത്തിൽ എതിരാളിയായ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ അവർ കടന്നാക്രമിച്ചു. ഭൂരിഭാഗം സമയവും ഒട്ടും ഗൗരവമില്ലാത്ത മനുഷ്യനാണ് ഡോണള്‍ഡ് ട്രംപ്. അദ്ദേഹം വീണ്ടും പ്രസിഡന്റാകുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കമല പറഞ്ഞു. ട്രംപ് ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ പാർലമെന്റിലേക്ക് ആള്‍ക്കൂട്ടത്തെ അയച്ചു. അവര്‍ നിയമപാലകരെ ആക്രമിച്ചു. ആള്‍ക്കൂട്ടത്തെ തിരികെവിളിക്കാനും പ്രശ്നം പരിഹരിക്കാനും സ്വന്തം പാര്ട്ടിക്കാർ അപേക്ഷിച്ചപ്പോള്‍ അദ്ദേഹം നേരെ വിപരീതമാണ് ചെയ്തത്. എരിതീയില്‍ എണ്ണയൊഴിച്ചുവെന്നും കമല ആരോപിച്ചു.
ഗസ്സയിലെ യുദ്ധവുമായി ബന്ധപ്പെട്ട് പ്രസിഡൻറ് ബൈഡനും ഞാനും രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണ്. കാരണം ഇപ്പോൾ ബന്ദി മോചനവും വെടിനിർത്തൽ കരാറും നടത്താനുള്ള സമയമാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിനുവേണ്ടി ഞാൻ എപ്പോഴും നിലകൊള്ളും. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിനുണ്ടെന്ന് ഞാൻ എപ്പോഴും ഉറപ്പാക്കും. കാരണം ഒക്ടോബർ ഏഴിന് ഹമാസ് എന്ന ഭീകരസംഘടന നടത്തിയ ആക്രമണം ഇനിയൊരിക്കലും ഇസ്രായേൽ ജനത അഭിമുഖീകരിക്കരുത്. അതേസമയം ഗസ്സയിൽ കഴിഞ്ഞ 10 മാസമായി വിനാശകരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടു. പട്ടിണി കിടക്കുന്ന മനുഷ്യർ സുരക്ഷ തേടി വീണ്ടും വീണ്ടും പലായനം ചെയ്യുന്നു. അവരുടെ കഷ്ടപ്പാടുകർ ഹൃദയഭേദകമാണെന്നും അവർ പറഞ്ഞു.
ജീവിത പങ്കാളി ഡഗ്ലസ് എമോഫിനും യു.എസ് പ്രസിഡന്റ് ജോ ബൈഡനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു കമലയുടെ പ്രസംഗം തുടങ്ങിയത്. മാതാവ് ശ്യാമള ഗോപാലൻ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയതു മുതലുള്ള തന്റെ ജീവിതകഥയും കമല കൺവെൻഷനിൽ പങ്കുവെച്ചു. അനീതിക്കെതിരെ പരാതി പറയുകയല്ല. മറ്റുള്ളവർക്ക് നീതി ഉറപ്പാക്കാൻ എന്തെങ്കിലും ചെയ്യുകയാണ് വേണ്ടതെന്നാണ് അമ്മ പഠിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുക്കപ്പെട്ടാൽ യു.എസിന്റെ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കമല. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ-അമേരിക്കക്കാരിയും കറുത്തവർഗക്കാരിയുമാണ് അവർ.
click on malayalam character to switch languages