1 GBP = 109.92
breaking news

‘മാതൃകാപരമായ നിലപാട് ബാങ്കുകൾ എടുക്കണം; ദുരന്ത പ്രദേശത്തെ വായ്പ ആകെ എഴുതിത്തള്ളണം’; മുഖ്യമന്ത്രി

‘മാതൃകാപരമായ നിലപാട് ബാങ്കുകൾ എടുക്കണം; ദുരന്ത പ്രദേശത്തെ വായ്പ ആകെ എഴുതിത്തള്ളണം’; മുഖ്യമന്ത്രി

ബാങ്കുകൾ‌ മാതൃകപരമായ നിലപാടുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും അനുമതി വാങ്ങിക്കൊണ്ട് ഈ പ്രദേശത്തെ കടം പൂർണമായും ഓരോ ബാങ്കും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വായ്പ എഴുതി തള്ളുന്നത് ബാങ്കിന് താങ്ങാനാകാവുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്ക് ഈ ഒരു രീതിയാണ് എടുത്തത്. ഇത് മാതൃകയായി കാണണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സർക്കാർ ആദ്യ ഘട്ട സഹായമായാണ് 10,000 രൂപ നൽകിയത്. എന്നാൽ ഇതിൽ നിന്നും ഗ്രാമീൺ ബാങ്ക് വായ്പ തിരിച്ചുപിടിച്ചു. ബാങ്കുകൾ യാന്ത്രികമായി മാറാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കന്നുകാലി വളർത്തുന്നതിനായി വായ്പയെടുത്തവരുണ്ട്. വായ്പകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ വയനാട്ടിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഹതഭാഗ്യരെടുത്ത വായ്പകൾ നിങ്ങൾ മൊത്തത്തിൽ നൽകിയ വായ്പയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വായ്പാ അടവിന് അവധി നൽകലോ പലിശയിളവോ ഒന്നും പരിഹാരമാകില്ലെന്നും അതിനാൽ വായ്പ എഴുതി തള്ളണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരന്തബാധിതരെ മാതൃകാപരമായി പുനരധിവസിപ്പിക്കും. ദുരന്തം വയനാടിൻ്റെ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷി ഭൂമി അതിന് യോഗ്യമല്ലാതായി. ഓരോ കുടുംബവും കർഷക കുടുംബമാണ്. പല തരത്തിലുള്ള വായ്പകൾ ഇവർ എടുത്തിട്ടുണ്ട്. ദുരന്ത ആഘാതം പഠിച്ചവർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more