1 GBP = 105.62
breaking news

ബന്ദിമോചനം: യുദ്ധം അവസാനിപ്പിക്കാൻ തയാറല്ലെങ്കിൽ കരാറില്ലെന്ന് ഹമാസ്

ബന്ദിമോചനം: യുദ്ധം അവസാനിപ്പിക്കാൻ തയാറല്ലെങ്കിൽ കരാറില്ലെന്ന് ഹമാസ്

ഗസ്സ: ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിച്ച് ​സൈന്യത്തെ ഇസ്രായേൽ പൂർണമായും പിൻവലിക്കാൻ സമ്മതിക്കാതെ ഒരു കരാറിലും തങ്ങൾ ഒപ്പിടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഫലസ്തീൻ വിമോചന സംഘടനയായ ഹമാസ്. ബന്ദിമോചനവും വെടിനിർത്തലും സംബന്ധിച്ച് ദോഹയിൽ നടന്ന ദ്വിദിന ചർച അവസാനിച്ചതിന് പിന്നാലെയാണ് പ്രതികരണം.

‘ചർച്ച തടസ്സപ്പെടുത്തുകയും നിബന്ധനകളിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് ഇസ്രയേലാണ്. തുടർച്ചയായി ചർച്ചകൾ പൊളിയാൻ കാരണവും അവരാണ്. മേയ് അവസാനം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച കരാറിന്റെ രൂപരേഖയോട് ജൂലൈ 2 ന് തന്നെ ഞങ്ങൾ പ്രതികരിച്ചിരുന്നു. ആ ചട്ടക്കൂടിനുള്ളിൽ നിന്നുള്ള കരാറിന് മാത്രമേ ഞങ്ങൾക്ക് താൽപ്പര്യമുള്ളൂ’ -ഹമാസ് വ്യക്തമാക്കി.

ബൈഡൻ മുന്നോട്ടുവെച്ച കരട് കരാറിൽ ഇസ്രായേൽ നിബന്ധനകളും വ്യവസ്ഥകളും ചേർക്കുന്നത് തുടരുകയാണ്. യുദ്ധം അവസാനിപ്പിച്ച് ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണമായി പിൻവലിക്കാൻ സന്നദ്ധമല്ലെങ്കിൽ തങ്ങൾ കരാറിന് സമ്മതിക്കില്ലെന്നും ഹമാസ് അധികൃതർ അറിയിച്ചു.

അതിനിടെ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ തിങ്കളാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഗസ്സ യുദ്ധം ആരംഭിച്ച ശേഷം ബ്ലിങ്കൻ നടത്തുന്ന പത്താമത്തെ സന്ദർശനമാണിത്. വെടിനിർത്തൽ കരാർ ഉടൻ നടപ്പാക്കാൻ ബ്ലിങ്കൻ സമ്മർദം ചെലുത്തുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഗസ്സയിൽ വെ​ടി​നി​ർ​ത്ത​ൽ -ബന്ദിമോചന കരാറിലേക്ക് കൂടുതൽ അടുത്തിരിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ പറഞ്ഞിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദോഹയിൽ നടന്ന സന്ധി സംഭാഷണത്തിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം. കരാറിന് അടുത്ത ആ​ഴ്ചയോടെ അന്തിമരൂപം കൈവരിക്കുമെന്ന് മധ്യസ്ഥരായ ഖ​ത്ത​ർ, അ​മേ​രി​ക്ക, ഈ​ജി​പ്ത് എന്നീ രാ​ജ്യ​ങ്ങ​ളും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചിരുന്നു. എന്നാൽ, നിരന്തരം ചർച്ച നടത്തി ഇസ്രായേൽ പ്രഹസനമാക്കുകയാണെന്നാരോപിച്ച് ഹമാസ് ചർച്ചയിൽ പ​ങ്കെടുത്തിരുന്നില്ല. ഹമാസിനെ കരാറിന് സമ്മതിപ്പിക്കാനുള്ള മധ്യസ്ഥരുടെ ശ്രമങ്ങൾക്ക് നെതന്യാഹു നന്ദി പറഞ്ഞു. ഇസ്രായേലിന്റെ നിർദ്ദേശം അംഗീകരിക്കാൻ ഹമാസിനുമേൽ മധ്യസ്ഥർ നടത്തുന്ന സമ്മർദ്ദം ഫലം കാണു​മെന്ന് ഇസ്രായേൽ പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more