ദോഹ: പത്തുമാസം പിന്നിടുന്ന ഗസ്സയിലെ ഇസ്രായേൽ നരനായാട്ട് ഉടൻ അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷയോടെ ദോഹയിൽ നടന്ന മധ്യസ്ഥ ചർച്ച അവസാനിച്ചു. ഗൗരവപരവും ക്രിയാത്മകവുമായിരുന്നു രണ്ടു ദിവസത്തെ ചർച്ചയെന്ന് ഖത്തർ, അമേരിക്ക, ഈജിപ്ത് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ചർച്ചയുടെ രണ്ടാം ഘട്ടം അടുത്തയാഴ്ച ഈജിപ്തിലെ കൈറോയിൽ നടക്കും. ദോഹ ചർച്ചയിലൂടെ രൂപപ്പെട്ട നിർദേശങ്ങൾ നടപ്പാക്കാനും വെടിനിർത്തൽ കരാറിൽ എത്താനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
‘‘ഇനി ഒട്ടും സമയം പാഴാക്കാനില്ല. കൂടുതൽ കാലതാമസത്തിന് ഒഴിവുകഴിവുകളുമില്ല. ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനും വെടിനിർത്തൽ സാധ്യമാക്കാനും കരാറുകൾ നടപ്പാക്കാനുമുള്ള സമയമാണിത്’’ -ദോഹ ചർച്ച സമാപിച്ചതായി അറിയിച്ച് ഖത്തർ വ്യക്തമാക്കി.
സമാധാന കരാറിനായി മധ്യസ്ഥ രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ മാർഗനിർദേശം മുന്നോട്ടുവെച്ചാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന ദോഹ ചർച്ച അവസാനിച്ചത്. മേയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശങ്ങളുടെയും യു.എൻ സുരക്ഷ കൗൺസിൽ പ്രമേയത്തിന്റെയും അടിസ്ഥാനത്തിലുള്ള സമാധാന പദ്ധതിയെ അടിസ്ഥാനമാക്കിയാവും തുടർചർച്ചകൾ. അടുത്ത ഘട്ടമെന്ന നിലയിൽ ബന്ദിമോചനം, വെടിനിർത്തൽ കരാർ, അതിർത്തിയിലെ നിയന്ത്രണം, മാനുഷിക സഹായം തുടങ്ങിയ വിഷയങ്ങളിൽ സാങ്കേതിക സംഘം വിശദപരിശോധന നടത്തി അന്തിമ ധാരണയിലെത്തും.
ഹമാസിന്റെ അസാന്നിധ്യത്തിലാണ് ദോഹയിൽ ചർച്ച നടന്നത്. മൊസാദ് തലവന് ഡേവിഡ് ബെര്ണിയ, ആഭ്യന്തര സുരക്ഷ വിഭാഗം മേധാവി റോനൻ ബാർ, മിലിട്ടറി ഹോസ്റ്റേജ് ചീഫ് നിറ്റ്സാൻ അലോൺ എന്നിവർ ഇസ്രായേൽ പക്ഷത്തുനിന്ന് പങ്കെടുത്തു. ഹമാസ് മാറിനിന്നെങ്കിലും ചർച്ചയിലെ നിർദേശങ്ങൾ അവരുമായി മധ്യസ്ഥർ ആശയവിനിമയം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
click on malayalam character to switch languages