1 GBP = 110.75
breaking news

യുക്രെയ്ൻ സൈനിക നീക്കം; ഒരു റഷ്യൻ പ്രവിശ്യയിൽ കൂടി അടിയന്തരാവസ്ഥ

യുക്രെയ്ൻ സൈനിക നീക്കം; ഒരു റഷ്യൻ പ്രവിശ്യയിൽ കൂടി അടിയന്തരാവസ്ഥ

മോസ്കോ: യൂക്രെയ്ൻ സേന അപ്രതീക്ഷീത സൈനിക നീക്കം നടത്തിയ റഷ്യൻ അതിർത്തി പ്രവിശ്യയായ ബെൽഗോറോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ. കുർസ്കിൽ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കുർസ്കിൽ സൈനിക മുന്നേറ്റം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതായും റിപ്പോർട്ടുണ്ട്.

രണ്ടാം ലോക യുദ്ധത്തിനു ശേഷം റഷ്യക്കകത്ത് നടക്കുന്ന ഏറ്റവും വലിയ സൈനിക നീക്കമാണിത്. ആഗസ്റ്റ് ആറിനാണ് അതിർത്തി കടന്ന് ആയിരക്കണക്കിന് യുക്രെയ്ൻ സൈനികർ റഷ്യക്കുള്ളിൽ ആക്രമണം നടത്തിയത്. ഉടൻ തിരിച്ചുപിടിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെയും സാധ്യമായിട്ടില്ല. പ്രവിശ്യയിൽ കൂടുതൽ മേഖലകൾ വരുതിയിലാക്കുന്നത് തുടരുകയാണെന്നും ബുധനാഴ്ച മാത്രം ഒന്നോ രണ്ടോ കിലോമീറ്റർ ഉള്ളിലേക്ക് സൈന്യം കയറിയതായും യുക്രെയ്ൻ പ്രസിഡന്റ് വോളോദമിർ സെലൻസ്കി അവകാശപ്പെട്ടു. 100ലേറെ റഷ്യൻ സൈനികരെ യുദ്ധത്തടവുകാരായി പിടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലർച്ചെയുമായി 117 ഡ്രോണുകൾ കുർസ്ക്, വോറോനിഷ്, ബെൽഗോറോഡ്, നിഷ്നി നോവ്ഗോറോഡ് പ്രവിശ്യകളിൽ പതിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കുർസ്കിലെ ആണവ നിലയത്തിന്റെ സുരക്ഷ വിലയിരുത്തിവരികയാണെന്ന് റഷ്യൻ നേഷനൽ ഗാർഡ് അറിയിച്ചു. കഴിഞ്ഞ ദിവസം യൂറോപിലെ ഏറ്റവും വലിയ ആണവ നിലയങ്ങളിലൊന്നായ സപോറഷ്യയിൽ അഗ്നി പടർന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more