സണ്ടർലാൻഡിൽ കലാപകാരികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഒരു പോലീസ് ഓഫീസ് കെട്ടിടം ആക്രമിക്കപ്പെടുകയും അതിനടുത്തുള്ള വസ്തുവകകൾ കത്തിക്കുകയും ചെയ്തു.
പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എട്ട് പേരെ അറസ്റ്റ് ചെയ്തതായി നോർത്തുംബ്രിയ പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി കലാപത്തിനിടെ ഒരു മസ്ജിദിന് പുറത്ത് കാവൽ നിന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ബിയർ ക്യാനുകളും കല്ലുകളും എറിയുകയും ഒരു കാർ കത്തിക്കുകയും ചെയ്തു. തിങ്കളാഴ്ച സൗത്ത്പോർട്ടിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇംഗ്ലണ്ടിലെ പല പട്ടണങ്ങളിലും നഗരങ്ങളിലും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.
അതിഗുരുതരമായ അക്രമങ്ങളാണ് ഉദ്യോഗസ്ഥർ നേരിട്ടതെന്നും അത് തികച്ചും പരിതാപകരമാണെന്നും നോർതുംബ്രിയ പോലീസ് സൂപ്രണ്ട് ഹെലീന ബാരൺ പറഞ്ഞു. ക്രിമിനൽ പെരുമാറ്റത്തിന് ഉത്തരവാദികളെ തിരിച്ചറിയാൻ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും അവർ പറഞ്ഞു. അക്രമം, നാശനഷ്ടങ്ങൾ എന്നിവ വെച്ചുപൊറുപ്പിക്കില്ലെന്ന് ബാരൺ കൂട്ടിച്ചേർത്തു.
പരിക്കേറ്റ മൂന്ന് പോലീസുകാരിൽ ഒരാൾ ഡിസ്ചാർജ് ചെയ്യപ്പെട്ടു, രണ്ട് പേർ കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരുകയാണ്, അവർ പറഞ്ഞു.
ടോമി റോബിൻസൺ എന്ന അപരനാമം ഉപയോഗിക്കുന്ന തീവ്ര വലതുപക്ഷ പ്രവർത്തകനായ സ്റ്റീഫൻ യാക്‌സ്‌ലി-ലെനനെ പിന്തുണച്ച് ആൾക്കൂട്ടത്തിലെ അംഗങ്ങൾ ഇസ്‌ലാമോഫോബിക് അധിക്ഷേപങ്ങളും ആക്രോശങ്ങളും പ്രതിഷേധത്തിൽ നടത്തിയിരുന്നു. യാക്‌സ്‌ലി-ലെനൻ്റെ എക്‌സ് അക്കൗണ്ട്, സൗത്ത്‌പോർട്ട് ആക്രമണകാരി, അടുത്തിടെ ബോട്ടിൽ യുകെയിൽ എത്തിയ അഭയാർത്ഥിയാണെന്ന തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിച്ചിരുന്നു.
പ്രകടനക്കാരെ പിന്തിരിപ്പിക്കാൻ സണ്ടർലാൻഡിൻ്റെ സിറ്റി സെൻ്ററിലേക്ക് മൗണ്ടഡ് പോലീസിനെ വിന്യസിച്ചു. അതേസമയം പോലീസിനെ ആക്രമിക്കുന്ന കുറ്റവാളികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.
click on malayalam character to switch languages