ഒളിമ്പിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. അമ്പെയ്ത്ത് പുരുഷ-വനിത വിഭാഗങ്ങളിലെ റാങ്കിംഗ് റൗണ്ടിൽ ഇന്ത്യൻ താരങ്ങൾ ഇറങ്ങും. ഫുട്ബോൾ, റഗ്ബി, ഹാൻഡ്ബോൾ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളും ഇന്ന് നടക്കുന്നുണ്ട്. നാളെയാണ് ഒളിന്പിക്സിന് ഔദ്യോഗികമായി തുടക്കമാകുന്നത്.
ഇന്ത്യൻ പ്രതീക്ഷകളുമായി വില്ലുകുലയ്ക്കുന്നത് ആറ് താരങ്ങൾ. പുരുഷ വിഭാഗത്തിൽ ധീരജ് ബൊമ്മദേവര, തരുൺദീപ് റായ്, പ്രവീൺ ജാദവ്, വനിതാ വിഭാഗത്തിൽ മുൻ ലോക ഒന്നാം നമ്പർ ദീപികാ കുമാരി, ഭജൻ കൗർ, അങ്കിത ഭഗത് എന്നിവരാണ് ഇറങ്ങുന്നത്. ഇത്തവണത്തെ ഒളിമ്പിക്സിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ പ്രാധിനിത്യമുള്ള ഏക ഇനമാണ് അമ്പെയ്ത്ത്. പുരുഷ- വനിത വ്യക്തി ഗത , ടീം വിഭാഗങ്ങളിലും മിക്സഡ് റൌണ്ടിലും ഇന്ത്യൻ താരങ്ങൾ മത്സരിക്കും.
റാങ്കിങ് നിശ്ചയിക്കുന്ന റൗണ്ടാണ് ഇന്ന് നടക്കുന്നത്. 64 വീതം താരങ്ങൾ പുരുഷ – വനിത വിഭാഗങ്ങളിൽ മത്സരരംഗത്ത്. 70 മീറ്റർ ദൂരത്തുള്ള ലക്ഷ്യത്തിലേക്ക് 72 തവണ ഓരോ താരങ്ങളും അന്പെയ്യണം. നേടുന്ന പോയിന്റിന് അനുസരിച്ച് താരങ്ങൾക്ക് റാങ്ക് നൽകും. ഈ റാങ്ക് അനുസരിച്ചാണ് അടുത്ത റൗണ്ടിലെ മത്സരക്രമം തയ്യാറാക്കുന്നത്. ഒന്നാം സ്ഥാനത്ത് വരുന്നയാൾ അറുപത്തിനാലാം റാങ്കിലുള്ളയാളേയും രണ്ടാം സ്ഥാനത്തുള്ളയാൾ അറുപത്തി മൂന്നാം റാങ്കിലുള്ളയാളെയും ഈ തരത്തിലായിരിക്കും മത്സരക്രമം. അതായത് താരതമ്യേന ദുർബലനായ എതിരാളിയെ കിട്ടണമെങ്കിൽ റാങ്കിങ്ങിൽ മുന്നിലെത്തണമെന്ന് സാരം. ഈ റാങ്കുകൾ തന്നെയാണ് ടീം, മികസഡ് വിഭാഗങ്ങളിലേയും മത്സരക്രമം തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നത്.
വനിത റാങ്കിംഗ് റൗണ്ട് ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങും. പുരുഷ വിഭാഗം മത്സരം അഞ്ചേ മുക്കാലിനും നടക്കും. 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് അമ്പെയ്ത്തിന് യോഗ്യത നേടുന്നത്. ദീപിക കുമാരിയുടെയും തരുൺദീപിന്റെയുമെല്ലാം മിന്നും ഫോം അമ്പെയ്ത്ത് ചരിത്രത്തിലെ ആദ്യ മെഡൽ സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
ഫുട്ബോൾ, റഗ്ബി, ആദ്യ റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുന്നതിനൊപ്പം ഹാൻഡ് ബോൾ മത്സരത്തിനും ഇന്ന് തുടക്കമാവും. പുരുഷ ഫുട്ബോളിൽ പന്ത്രണ്ടരയ്ക്ക് ആതിഥേയരായ ഫ്രാൻസ് , അമേരിക്കയെ നേരിടും. വനിത വിഭാഗത്തിൽ രാത്രി പത്തരയ്ക്ക് ബ്രസീൽ , നൈജീര പോരാട്ടവും ഇന്നുണ്ട്.
click on malayalam character to switch languages