1 GBP = 110.31

‘തിരുവനന്തപുരം മേയർക്കെതിരെ മനപൂർവമുള്ള നരഹത്യക്ക് കേസെടുക്കണം’; കെ.സുരേന്ദ്രൻ

‘തിരുവനന്തപുരം മേയർക്കെതിരെ മനപൂർവമുള്ള നരഹത്യക്ക് കേസെടുക്കണം’; കെ.സുരേന്ദ്രൻ


തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ മനപൂർവമുള്ള നരഹത്യക്ക് കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നഗരസഭയുടെ കൃത്യ വിലോപവും, മിസ് മാനേജ്മെൻ്റുമാണ് ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

കോടികളാണ് തിരുവനന്തപുരം നഗരസഭയിൽ വികസന പ്രവർത്തനങ്ങൾക്കായി ചെലവിട്ടത്. എന്നിട്ടും വെള്ളക്കെട്ട് പരിഹരിക്കുന്നതിനും, മാലിന്യ നിർമാർജനത്തിലും നഗരസഭയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു. നഗരസഭ റെയിൽവേയെ കുറ്റപ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.വീഴ്ച മറച്ചുവെക്കാനാണ് മേയർ റെയിൽവേയെ കുറ്റപ്പെടുത്തുന്നത്. ലാഭം ഉണ്ടാക്കാൻ വേണ്ടി ഇവൻ്റ് മാനേജ്മെൻ്റ് പരിപാടി നടത്താൻ മാത്രമാണ് നഗരസഭയക്ക് താത്പര്യം. തിരുവനന്തപുരം മേയർ ധിക്കാരവും കഴിവുകേടും നിറഞ്ഞ ആളാണെന്ന് ആരോപിച്ച ബിജെപി അധ്യക്ഷൻ സർക്കാർ ഒരു കോടി രൂപ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണംമെന്നും ആവശ്യപ്പെട്ടു.

അതേസമയം ജോയിയുടെ സംസ്കാരം ഇന്ന് മൂന്ന് മണിയോടെ നടക്കും. പോസ്റ്റ്‍മോർട്ടം കഴിഞ്ഞാൽ മൃതദേഹം വീട്ടിലെത്തിക്കും. ജോയിയുടെ പുരയിടത്തിലായിരിക്കും സംസ്കാരം. ജോയിയുടെ മൃതദേഹം ബന്ധുവും ഒപ്പം ജോലി ചെയ്തിരുന്നവരും സ്ഥിരീകരിച്ചുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ അറിയിച്ചു

46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more