തിരുവനന്തപുരം: ശുചീകരണത്തിനിറങ്ങി കനാലിൽ കാണാതായ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പ് ചിത്രാ ഹോമിന്റെ പിറകിലെ കനാലിൽ മൃതദേഹം പൊങ്ങുകയായിരുന്നു. മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു.
ജോയിയെ കാണാതായി മൂന്നാം ദിവസമായ ഇന്ന് രാവിലെ ആറരയോടെ തിരച്ചിൽ പുനഃരാരംഭിച്ചിരുന്നു. സ്കൂബാ സംഘവും നാവികസേനാ സംഘവും തിരച്ചിലിനെത്തിയിരുന്നു. ഇതിനിടെ തകരപ്പറമ്പിലെ കനാലിൽ ഒരു മൃതദേഹം കണ്ടെത്തിയതായി സബ് കലക്ടർക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അധികൃതരും ജോയിക്കൊപ്പമുണ്ടായിരുന്നവരും ഇവിടെ എത്തി. റെയിൽവേയിൽനിന്ന് വെള്ളം ഒഴുകിയെത്തുന്നത് ഇവിടെയാണ്. 46 മണിക്കൂറിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 11ഓടെയാണ് തിരുവനന്തപുരം നഗരമധ്യത്തിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി മാരായമുട്ടം സ്വദേശി ജോയിയെ (47) കാണാതായത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത തോട്ടിൽ കെട്ടിക്കിടന്ന മാലിന്യം വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. മഴയിൽ തോട്ടിലെ ജലനിരപ്പുയരുകയും അടിയൊഴുക്കിനെ തുടർന്ന് കരയ്ക്കുകയറാൻ ശ്രമിക്കുന്നതിനിടയിൽ ജോയി ഒഴുകിപ്പോകുകയായിരുന്നെന്നും സുഹൃത്തുകൾ പറഞ്ഞു. റെയിൽവേ കരാർ നൽകിയതുപ്രകാരമാണ് ജോയി ഉൾപ്പെടെ നാലുപേർ ശുചീകരണത്തിനിറങ്ങിയത്. മാലിന്യം അടിഞ്ഞുകൂടിയ തോട്ടിൽനിന്ന് ടൺ കണക്കിന് മാലിന്യം ഇവർ പുറത്തെത്തിച്ചിരുന്നു.
തോട്ടിലെ കുന്നോളം മാലിന്യമാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. ഇന്നലെ എൻ.ഡി.ആർ.എഫിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലുള്ള ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. അടിത്തട്ടിലെ ചളി നീക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. അഗ്നിരക്ഷാസേനക്ക് കീഴിലെ 12 അംഗ സ്കൂബ ഡൈവിങ് സംഘം മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല. മീറ്ററോളം ദൂരത്തിൽ റെയിൽവേ സ്റ്റേഷന് അടിയിലൂടെ കടന്നുപോകുന്ന തുരങ്കത്തിലാണ് രക്ഷാപ്രവർത്തനം. ഇതിനിടെ റോബോട്ടിക് പരിശോധനയില്‍ മനുഷ്യശരീരത്തിന്റെ ഭാഗം കണ്ടെന്ന സംശയമുണ്ടായെങ്കിലും പിന്നീട് അതല്ലെന്ന് സ്ഥിരീകരിച്ചു. പിന്നീടാണ് കൊച്ചിയിൽനിന്ന് നാവികസേനയുടെ സഹായം തേടിയത്.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമീഷന് അധികൃതര്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്. തോട്ടിലെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് കോർപറേഷനും റെയിൽവേയും പരസ്പരം പഴിചാരുകയും ചെയ്തിരുന്നു.
click on malayalam character to switch languages