തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്താൻ തിരച്ചിൽ പുനരാരംഭിച്ചു. ശനിയാഴ്ച രാവിലെ 11 ഓടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്. പുലർച്ചെ ഒരുമണിവരെ തിരച്ചിൽ നടത്തിയിട്ടും ജോയിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച തിരച്ചിൽ ഇന്ന് രാവിലെ ഏഴോടെ പുനരാരംഭിക്കുകയായിരുന്നു.
എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിലാണ് രണ്ടാംദിവസം രക്ഷാദൗത്യം തുടരുന്നത്. മുങ്ങൽവിദഗ്ധർ ഉൾപ്പെടെ 30 അംഗങ്ങൾ തിരച്ചിലിനുണ്ട്. ടണലിലെ മാലിന്യം നീക്കം ചെയ്യാൻ കൂടുതൽ റോബോട്ടുകളെയും എത്തിച്ചു. ഫയർഫോഴ്സിന്റെ 12 അംഗ സ്കൂബ സംഘവം ഒപ്പമുണ്ട്. ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജും സ്ഥലത്തെത്തിയിട്ടുണ്ട്. റോബോട്ടിന്റെ സഹായത്തോടെ വെള്ളത്തിനടിയിൽ പരിശോധന നടത്തുന്നുണ്ട്. തോടിന്റെ കരയിലും പരിശോധന നടത്തുന്നുണ്ട്. മൊത്തം നൂറോളം രക്ഷാപ്രവർത്തകരാണ് ദൗത്യത്തിൽ പങ്കാളികളാകുന്നത്.
മാലിന്യം നീക്കം ചെയ്ത ശേഷമായിരിക്കും ടണലിനുള്ളിൽ തിരച്ചിൽ നടത്തുക. ടണലിൽ ചെളിയും മാലന്യവും കുന്നുകൂടിക്കിടക്കുകയാണെന്ന് എൻ.ഡി.ആർ.എഫ് പറഞ്ഞു. ഫയർഫോഴ്സും സ്കൂബ ഡൈവിങ് സംഘവും സ്ഥലത്തെത്തിയെങ്കിലും തോട്ടിലെ കുന്നോളം മാലിന്യത്തിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. തോട് കടന്നുപോകുന്ന തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സ്ലാബുകൾ ഇളക്കി പരിശോധിച്ചെങ്കിലും ജോയിയെ കണ്ടെത്താനായിട്ടില്ല. ആറ് മണിക്കൂറോളം ജെ.സി.ബി ഉപയോഗിച്ച് തോട്ടിലെ മാലിന്യം നീക്കിയശേഷമാണ് മുങ്ങൽ വിദഗ്ധർക്ക് തോട്ടിലൂടെ മുന്നോട്ടുപോകാനായത്.
ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. മഴക്കാല പൂർവ ശുചീകരണത്തോടനുബന്ധിച്ച് തിരുവനന്തപുരം കോർപറേഷൻ കഴിഞ്ഞമാസം റെയിൽവേ പൊതുമരാമത്തിനോട് അവരുടെ അധീനതയിലുള്ള ഈ ഭാഗത്തെ മാലിന്യം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ കരാർ നൽകിയതുപ്രകാരമാണ് ജോയി ഉൾപ്പെടെ നാലുപേർ ശുചീകരണത്തിനിറങ്ങിയത്. മാലിന്യം അടിഞ്ഞുകൂടിയ തോട്ടിൽനിന്ന് കഴിഞ്ഞ രണ്ടുദിവസത്തിനിടയിൽ ടൺ കണക്കിന് മാലിന്യമാണ് ഇവർ പുറത്തെത്തിച്ചത്.
എന്നാൽ ശനിയാഴ്ച നഗരത്തിലുണ്ടായ അപ്രതീക്ഷിത മഴയിൽ തോട്ടിലെ ജലനിരപ്പുയർന്നു. അതിശക്തമായ അടിയൊഴുക്കിനെ തുടർന്ന് കരയ്ക്കുകയറാൻ ശ്രമിക്കുന്നതിനിടയിൽ ജോയി ഒഴുകിപ്പോകുകയായിരുന്നെന്ന് സുഹൃത്തുകൾ പറഞ്ഞു. മാലിന്യത്തിൽ മുങ്ങിത്താഴ്ന്ന ജോയിയെ രക്ഷപ്പെടുത്താൻ സുഹൃത്തുകൾ കയർ എറിഞ്ഞുകൊടുത്തെങ്കിലും മുങ്ങിത്താഴുകയായിരുന്നു.
click on malayalam character to switch languages