ബിനു ജോർജ്
മെയ്ഡ്സ്റ്റോണ്‍: മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ (എം എം എ) സംഘടിപ്പിക്കുന്ന മൂന്നാമത് ഓള്‍ യുകെ സെവൻ എ സൈഡ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ജൂലൈ 14 ഞായറാഴ്ച നടക്കും. കെന്റിലെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ മെയ്ഡ്സ്റ്റോണ്‍ എഫ് സിയുടെ ഹോം ഗ്രാണ്ടായ ഗാലഗർ സ്റ്റേഡിയത്തില്‍ ആണ് ഇത്തവണയും ഫുട്ബോൾ മാമാങ്കം അരങ്ങേറുക.
യൂറോ കപ്പ് ഫുട്ബോൾ മത്സരത്തിന്റെ കലാശപ്പോരാട്ടം നടക്കുന്ന ജൂലൈ 14 ഞായറാഴ്ച തന്നെയാണ് എംഎംഎയുടെ ടൂർണമെന്റും സംഘടിപ്പിച്ചിരിക്കുന്നത്. യുകെയുടെ വിവിധഭാഗങ്ങളിൽ നിന്നും കരുത്തരായ ടിമുകളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് ഇത്തവണയും ഫുട്ബോൾ മത്സരങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫുട്ബോൾ പ്രേമികളുടെ ഇഷ്ട സ്റ്റേഡിയമായ ഗാലഗർ മികച്ച സരകര്യങ്ങളുള്ളതും അതിമനോഹരവുമാണ്.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 ടീമുകള്‍ മാറ്റുരക്കുന്ന പോരാട്ടത്തിൽ വന്‍ സമ്മാനത്തുകകളും ട്രോഫികളുമാണ് വിജയികളെ കാത്തിരിക്കുന്നത്. ജേതാക്കള്‍ക്ക് 750 പൗണ്ട് , റണ്ണര്‍ അപ്പ് ടീമിന് 500 പൗണ്ട്, മൂന്നാം സ്ഥാനക്കാര്‍ക്ക് 250 പൗണ്ട്, എന്നിവക്കൊപ്പം എംഎംഎ നൽകുന്ന ട്രോഫികളും സമ്മാനമായിട്ടുണ്ട്. കൂടാതെ ബെസ്റ്റ് ഗോൾ കീപ്പർ, ബെസ്റ്റ് സ്‌കോറർ എന്നിവർക്ക് ട്രോഫികളും ഏർപ്പെടുത്തിയിട്ടുണ്ട്.
4 മത്സരങ്ങള്‍ ഒരേ സമയം നടക്കുവാ൯ സൌകര്യമുള്ള ഗലാഗര്‍ സ്റ്റേഡിയത്തില്‍ 4200 കാണികള്‍ക്ക് കളി കാണാന്‍ സാധിക്കുമ്പോള്‍ 792 സീറ്റുകളുള്ള ഗാലറിയുമുണ്ട്. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി സ്പെഷ്യൽ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നു എം എം എ ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ജോർജ് ഫിലിപ്പ്, നോബിൾ ലോറൻസ്, ജോസ് കുര്യൻ എന്നിവർ അറിയിച്ചു.
രുചിയേറുന്ന നാടൻ ഭക്ഷണശാലകളും റിഫ്രഷ്മെന്റ് കൗണ്ടറുകളും സ്റ്റേഡിയത്തിൽ ക്രമീകരിച്ചിട്ടുണ്ട്. കാണികൾക്ക് പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അത്യന്തം വാശിയേറിയ കാൽപ്പന്തുകളിയുടെ മനോഹാരിത ആസ്വദിക്കുവാൻ എല്ലാ ഫുട്ബോൾ പ്രേമികളെയും മെയ്ഡസ്റ്റോൺ ഗാലഗർ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നതായി
അസോസിയേഷന്‍ പ്രസിഡണ്ട് മനോജ് മാത്യു , സെക്രട്ടറി ജെഫിൻ ജോസഫ്, ട്രഷറർ സാജു ജോസഫ് എന്നിവര്‍ അറിയിച്ചു.
click on malayalam character to switch languages