1 GBP = 106.63
breaking news

രക്ഷകനായി വാക്കിൻസ്; നെതർലൻഡ്സിനെ കീഴടക്കി ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ (2-1)

രക്ഷകനായി വാക്കിൻസ്; നെതർലൻഡ്സിനെ കീഴടക്കി ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ (2-1)

ഡോർട്ട്മുണ്ട്: 90ാം മിനിറ്റിൽ പകരക്കാരൻ ഓലീ വാക്കിൻസ് നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. നെതർലൻഡ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് കലാശപ്പോരിന് ടിക്കറ്റെടുത്തത്. ഞായറാഴ്ച ബെർലിനിൽ നടക്കുന്ന ഫൈനലിൽ സ്പെയിനാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികൾ.

ആദ്യ സെമിയിൽ ഫ്രാൻസിനെ വീഴ്ത്തിയാണ് (2-1) സ്പെയിൻ ഫൈനൽ ഉറപ്പിച്ചത്. ഇംഗ്ലണ്ടിന്‍റെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. ആറാം തവണയാണ് ഡച്ചുകാർ യൂറോ കപ്പ് സെമിയിൽ പുറത്താകുന്നത്. നായകൻ ഹാരി കെയിനും (18ാം മിനിറ്റിൽ, പെനാൽറ്റി) ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. സാവി സിമോൺസാണ് നെതർലൻഡ്സിനായി ഒരു ഗോൾ മടക്കിയത്. ഒത്തിണക്കത്തോടെയുള്ള നീക്കങ്ങളുമായി കളം നിറഞ്ഞ ഇംഗ്ലണ്ടിനു തന്നെയായിരുന്നു മുന്നേറ്റത്തിലും പന്തടക്കത്തിലും മുൻതൂക്കം. ഈ യൂറോയിലെ ഇംഗ്ലണ്ടിന്‍റെ ഏറ്റവും മനോഹരമായ ആദ്യ പകുതിയാണ് ഡച്ചുകാർക്കെതിരെ കളത്തിൽ കണ്ടത്. ഫിൽ ഫോഡൻ ഫോമിലേക്കുയർന്നത് ഇംഗ്ലണ്ടിന്‍റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. ബുകായോ സാകയും ജൂഡ് ബെല്ലിങ്ഹാമും മുന്നേറ്റത്തിന് നേതൃത്വം നൽകി.

രണ്ടാം പകുതിയുടെ ആദ്യ 15 മിനിറ്റിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും ഇരുടീമുകളും നടത്തിയില്ല. പ്രതിരോധത്തിലൂന്നി കളിച്ചതോടെ ആദ്യ പകുതിയുടെ ആവേശവും വേഗവും മത്സരത്തിന് നഷ്ടമായി. 65ാം മിനിറ്റിൽ ബോക്സിനുള്ളിലേക്ക് നൽകിയ ഫ്രീകിക്ക് വെർജിൽ വാൻഡേക്ക് പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും പിക്ഫോർഡ് ടീമിന്‍റെ രക്ഷകനായി. 78ാം മിനിറ്റിൽ സിമോൺസിന്‍റെ ഷോട്ട് നേരെ പിക്ഫോർഡിന്‍റെ കൈകകളിലേക്ക്. ഇതിനിടെ ബുകായോ സാക വലകുലുക്കിയെങ്കിലും ഓഫ് സൈഡിൽ കുരുങ്ങി. ഇംഗ്ലണ്ട് ഹാരി കെയിനെയും ഫോഡനെയും പിൻവലിച്ച് കോൾ പാൾമറെയും വാറ്റ്കിൻസിനെയും കളത്തിലിറക്കി.

84ാം മിനിറ്റിൽ ഡച്ചുകാർ നടത്തിയ മികച്ചൊരു നീക്കം ബോക്സിനുള്ളിൽ ഇംഗ്ലണ്ട് പ്രതിരോധിച്ചു. തൊട്ടുപിന്നാലെ ബോക്സിനു വെളിയിൽ ഡച്ചുകാർക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. മത്സരം അധിക സമയത്തേക്ക് കടക്കുമെന്ന ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് പകരക്കാരൻ ഓലി വാക്കിൻസ് ഇംഗ്ലണ്ടിന്‍റെ രക്ഷകനാകുന്നത്. മറ്റൊരു പകരക്കാരൻ പാൾമറാണ് ഗോളിന് വഴിയൊരുക്കിയത്. താരം ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് ഒരു കിടിലൻ ഷോട്ടിലൂടെ വാറ്റ്കിൻസ് വലയിലെത്തിച്ചു. 2-1 എന്ന സ്കോറിൽ ഇംഗ്ലണ്ട് ഫൈനലിലേക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more