1 GBP = 110.26

മാഞ്ചസ്റ്ററിൽ മാർ തോമാശ്ലീഹായുടെയും വി.അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി…..തിരുന്നാൾ ഇന്ന് സമാപിക്കും.

മാഞ്ചസ്റ്ററിൽ മാർ തോമാശ്ലീഹായുടെയും വി.അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി…..തിരുന്നാൾ ഇന്ന് സമാപിക്കും.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിൽ മാർ തോമാശ്ലീഹായുടെയും വി.അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷം ഭക്ത്യാദരപൂർവ്വം കൊണ്ടാടി. ഒരാഴ്ച നീണ്ടു നിന്ന തിരുന്നാൾ ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് ശേഷം കൊടിയിറക്കുന്നതോടെ സമാപിക്കും.
നാട്ടിലെ പള്ളിപ്പെരുന്നാളുകളോട് കിടപിടിക്കും വിധം അത്യാഘോഷമായിട്ടാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ഇന്നലെ കൊണ്ടാടിയത്. നൂറ് കണക്കിന് വിശ്വാസികൾ തിരുന്നാളിൽ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിച്ചു.

മാഞ്ചസ്റ്ററിലെ വിഥിന്‍ഷോ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ രാവിലെ 9 മണിക്ക് പ്രദക്ഷിണമായി
വൈദികരെ സ്വീകരിച്ചു കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിച്ച സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അള്‍ത്താരയിലേക്ക് ആനയിച്ചു. മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് കുന്നുംപുറം ഏവർക്കും സ്വാഗതമാശംസിച്ചു. തുടർന്ന് അത്യാഘോഷപൂര്‍വ്വമായ റാസാ കുര്‍ബാനക്ക് തുടക്കമായി.
പ്രെസ്റ്റണ്‍ സെൻ്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ വികാരി ഫാ.ബാബു പുത്തന്‍പുരയില്‍ മുഖ്യകാര്‍മ്മികനായി. റവ.ഫാ റോബർട്ട്, റവ.ഫാ. ജോസ് കുന്നുംപുറം എന്നിവർ സഹകാർമികരായിരുന്നു. ഡീക്കന്‍ ടോണി കോച്ചേരി ദിവ്യബലിമധ്യേ തിരുനാൾ സന്ദേശം നല്‍കി. തോമാശ്ലീഹാ പകര്‍ന്നുനല്‍കിയ വിശ്വാസ പൈതൃകം വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും യുകെയുടെ മണ്ണില്‍ വിശ്വാസത്തിന്റെ പ്രഘോഷകരും തേരാളികളുമായി മാറുവാന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. കത്തോലിക്കാ സഭയിൽ ലത്തീൻ കത്തോലിക്കർ കഴിഞ്ഞാൽ രണ്ടാമത്തെ വിശ്വാസി സമൂഹമായി ലോകമെമ്പാടുമുള്ള സീറോ മലബാർ സഭ വളർന്നതിൻ്റെ അഭിമാനാർഹമായ നേട്ടം അദ്ദേഹം പങ്കുവച്ചു.

ദിവ്യബലിയെത്തുടന്ന് തുടര്‍ന്ന് 12.30 തോടെ തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമായി.പൊൻ – വെള്ളിക്കുരിശുകളും, മുത്തുക്കുടകളും, കൊടികളുമേന്തിയാണ് വിശ്വാസികൾ പ്രദക്ഷിണത്തിൽ അണി നിരന്നത്. മാർത്തോമാ ശ്ലീഹയുടേയും വിശുദ്ധ അൽഫോൻസാമ്മയുടേയും, പരിശുദ്ധ ദൈവ മാതാവിൻ്റേയും, വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് ദേവാലയത്തെ വലംവെച്ചു പ്രധാന റോഡുകളിലൂടെ നടന്ന തിരുനാള്‍ പ്രദക്ഷിണം പ്രൗഢഗംഭീരമായി. വരിംഗ്ടൺ ചെണ്ടമേളവും, സ്‌കോര്‍ട്ടിഷ് പൈപ്പ് ബാന്‍ഡുമെല്ലാം പ്രദക്ഷിണത്തിന് മേളക്കൊഴുപ്പേകി.

ഫാമിലി യൂണിറ്റുകളുടെയും സന്നദ്ധ സംഘടനകളായ മെൻസ് ഫോറം, വിമൻസ് ഫോറം SMYM, CML, കാറ്റിക്കിസം, തുടങ്ങിയവർ അവരുടെ പതാകയ്ക്ക് പിന്നില്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടുനടന്ന നടന്ന തിരുന്നാള്‍ പ്രദക്ഷിണം പ്രവാസമണ്ണിലെ വിശ്വാസ പ്രഘോഷണമായി മാറുന്ന കാഴ്ചയാണ് കണ്ടത്. പ്രദക്ഷിണം തിരികെ പള്ളിക്കു മുന്നിലെ കുരിശടിയില്‍ എത്തി പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം ലദീഞ്ഞും വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടന്നു.

യു കെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കു വിജയിച്ച വിഥിന്‍ഷോ എംപി മൈക്ക് കൈൻനെ ദേവാലയത്തിലേക്ക് സജി സെബാസ്റ്റ്യൻ സ്വാഗതം ചെയ്തു. മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ട്വിങ്കിൾ ഈപ്പൻ, റോസ്ബിൻ സെബാസ്റ്റ്യൻ, ജോബിൻ ജോസഫ് തുടങ്ങിയവർ മിഷനുവേണ്ടി ബൊക്കെ നൽകി അനുമോദിച്ചു. തുടര്‍ന്ന് തിരുന്നാള്‍ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും റവ. ഫാ.ജോസ് കുന്നുംപുറം നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് സ്‌നേഹവിരുന്നും പങ്കുപറ്റിയാണ് ഏവരും ഭവനങ്ങളിലേക്ക് മടങ്ങിയത്. SMYM ൻ്റെ വിവിധ സ്റ്റാളുകള്‍ പള്ളി മുറ്റത്ത് പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് വൈകുന്നേരം നാലിന് ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെയാവും ഒരാഴ്ചക്കാലമായി നടന്നുവരുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപനം കുറിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more