1 GBP = 106.03
breaking news

പോലീസുകാർക്കിടയിലെ ആത്മഹത്യ; പോലീസുകാരുടേത് നരക ജീവിതമെന്ന് പിസി വിഷ്ണുനാഥ്; ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി

പോലീസുകാർക്കിടയിലെ ആത്മഹത്യ; പോലീസുകാരുടേത് നരക ജീവിതമെന്ന് പിസി വിഷ്ണുനാഥ്; ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പോലീസുകാരുടെത് ദുരിത നരക ജീവിതമെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പിസി വിഷ്ണുനാഥ് പറഞ്ഞു. 44 പോലീസുകാരെ വെച്ചാണ് 118 ഉദ്യോഗസ്ഥർ വേണ്ട സ്റ്റേഷൻ പ്രവർത്തിക്കുന്നത്. നിയമസഭ സമ്മേളനം സമ്മേളിച്ച 6 ദിവസത്തിനിടെ അഞ്ച് പോലീസുകാർ ജീവനൊടുക്കിയെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.

പൊലീസുകാർക്ക് എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. സേനയിൽ ഉണ്ടാകുന്ന സംഘർഷം കൊണ്ട് മാത്രം സംഭവിക്കുന്നതല്ല ആത്മഹത്യയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസുകാരുടെ ഇടയിലെ ആത്മഹത്യ പ്രവണത തടയാൻ യോഗ, കൗൺസിലിംഗ് ഉൾപ്പെടെ നടത്തി വരുന്നു. സേനയിലെ ചില പ്രശ്നങ്ങളും മാനസിക സംഘർഷത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആത്മഹത്യ വർധിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനസിക സംഘർഷം കുറയ്ക്കാൻ യോഗ സഹായിക്കും. 8 മണിക്കൂർ ജോലി പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ചില സ്റ്റേഷനുകളിൽ നടപ്പാക്കുന്നുണ്ടെന്നും അത് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഞ്ഞളിഞ്ഞ മൃതദേഹത്തിന് അരികിൽ നിന്ന് പൊലീസുകാരന് മാറിപ്പോകാൻ കഴിയില്ലെന്നും അത് പൊലീസ് ഡ്യൂട്ടിയുടെ ഭാഗമായി വരുന്നതാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

24 മണിക്കൂറും ഡ്യൂട്ടി നോക്കുന്ന പോലീസുകാർക്ക് എവിടെയാണ് യോഗ ചെയ്യാൻ നേരമെന്നും പിസി വിഷ്ണുനാഥ് ചോദിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണ്. അതുകൊണ്ടാണ് മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തതെന്ന് വിഷ്ണുനാഥ് വ്യക്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് പോലീസ് സേനയിലെ ആത്മഹത്യ അടിയന്തര പ്രമേയമായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ 88 പൊലീസുകാർ ആത്മഹത്യ ചെയ്തെന്ന് വിഷ്ണുനാഥ് പറഞ്ഞു.

എട്ടു മണിക്കൂർ ഡ്യൂട്ടി പൊലീസുകാർക്ക് സ്വപ്നം കാണാൻ പോലും കഴിയുന്നില്ല. സമയത്തിന് ആഹാരമോ ഉറക്കമോ ഇല്ല. പൊലീസുകാരുടേത് ദുരിത നരക ജീവിതം. 118 പോലീസുകാർ ഉണ്ടെങ്കിൽ ഒരു പോലീസ് സ്റ്റേഷൻ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ശരാശരി 44 പോലീസുകാരെ വെച്ചാണ് 118 പോലീസുകാരുടെ ജോലി ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്നതെന്ന് വിഷ്ണുനാഥ് അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊൺണ്ട് പറഞ്ഞു. സേനയിൽ അംഗബലമില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റേഷനറി സാധനങ്ങൾ വാങ്ങിക്കാൻ പൊലീസ് സ്റ്റേഷനുകൾക്ക് പണം നൽകുന്നില്ല. സ്റ്റേഷനുകളിൽ കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നില്ലെന്നും ഫയലുകളിൽ നടപടിയില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. പോലീസുകാരൻ സ്വന്തം പണം മുടക്കി ലാപ്ടോപ്പ് വാങ്ങിയാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 500 പൗരന് ഒരു പോലീസ് എന്ന നിർദ്ദേശം നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് വിഷ്ണുനാഥ് ചോദിച്ചു. ഒഴിവുകൾ നികത്തിയിട്ടില്ല അംഗബലം ഇല്ലാതിരുന്നിട്ടും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ സമരം കാണാൻ തയ്യാറായോ? കേരളത്തിൽ ഏറ്റവും കൂടുതൽ PSC നിയമനം നടക്കുന്നുവെന്നാണ് അവകാശവാദം. എന്നാൽ വസ്തുത മറ്റൊന്നാണ്. മറ്റ് സംസ്ഥാനങ്ങളിൽ സേനയിൽ ആളുകളെ നിയമിക്കുന്നത് റിക്രൂട്ട്മെൻറ് ബോർഡ് വഴിയാണ്. PSC വഴിയല്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. 148 പേർ വിആർഎസ് എടുത്തു പോയി. പൊലീസുകാർക്ക് വിഷാദരോഗം ഉണ്ടാകുന്നു. പിടിച്ചുനിൽക്കാനാകാതെ ആത്മഹത്യ ചെയ്യുന്നു. വനിതാ പൊലീസുകാർക്ക് ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more