1 GBP = 105.79
breaking news

ബില്ലിങ്‌ഹാമിന്റെയും ഹാരി കെയ്‌നിന്റെയും വണ്ടർ ഗോളുകൾ; യൂറോ കപ്പിൽ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ

ബില്ലിങ്‌ഹാമിന്റെയും ഹാരി കെയ്‌നിന്റെയും വണ്ടർ ഗോളുകൾ; യൂറോ കപ്പിൽ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ

ഷാൽക്കെ: യൂറോകപ്പ് പ്രീ ക്വാർട്ടറിന്റെ അവസാന മിനിറ്റ് വരെ പുറത്താവൽ ഭീതിയിലായിരുന്ന ഇംഗ്ലണ്ടിനെ ക്വാർട്ടറിലേക്ക് പിടിച്ചുകയറ്റി യുവതാരം ജൂഡ് ബെല്ലിങ്ഹാമിന്റെയും ക്യാപ്റ്റൻ ഹാരി കെയ്നിന്റെയും ഗോളുകൾ. ​െസ്ലാവാക്യൻ പോർവീര്യത്തെ എക്സ്ട്രാ ടൈം ഗോളിൽ മറികടന്നാണ് ഗാരത് സൗത് ഗേറ്റിന്റെ സംഘം കിരീട പ്രതീക്ഷകളിലേക്ക് ഇരച്ചുകയറിയത്.

മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ ജൂഡ് ബെല്ലിങ്ഹാമിന്റെ ബൈസിക്കിൾ കിക്ക് ഗോളാണ് ഇംഗ്ലീഷുകാരെ പുറത്താവലിന്റെ വക്കിൽനിന്ന് രക്ഷിച്ചെടുത്തത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ലഭിച്ച കോർണറാണ് ഗോളിലേക്ക് വഴിതുറന്നത്. കോൾ പാൽമർ എടുത്ത കിക്ക് മാർക് ഗുവേഹിയുടെ തലയിൽ തട്ടി ബോക്സിൽ ഉയർന്നു​പൊങ്ങിയപ്പോൾ അതിമനോഹരമായി ബെല്ലിങ്ഹാം വലയിലാക്കുകയായിരുന്നു. ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. ആദ്യ മിനിറ്റിൽ തന്നെ ഇവാൻ ടോണിയുടെ അസിസ്റ്റിൽ ഹാരി കെയ്ൻ ഉശിരൻ ഹെഡറിലൂടെ വിജയഗോളും സമ്മാനിച്ചു.

വൻ താരനിരയടങ്ങിയ ഇംഗ്ലീഷുകാർ മത്സരത്തിൽ കൂടുതൽ സമയം പന്ത് വരുതിയിലാക്കിയെങ്കിലും ആദ്യ പകുതിയിൽ നേടിയ ഒറ്റ ഗോളിൽ ​​​െസ്ലാവാക്യ നിശ്ചിത സമയവും ഇഞ്ചുറി സമയത്തിന്റെ അവസാനം വരെയും പിടിച്ചുനിന്നു. 25ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ​​​െസ്ലാവാക്യ ലീഡ് പിടിച്ചത്. ഡേവിഡ് സ്ട്രെലക്കിന്റെ മനോഹര പാസിൽ ഇവാൻ ഷ്രാൻസ് ആയിരുന്നു ഇംഗ്ലീഷ് വലയിൽ പന്തെത്തിച്ചത്. താരത്തിന്റെ ടൂർണമെന്റിലെ മൂന്നാം ഗോൾ ആയിരുന്നു ഇത്. ഇതോടെ ജർമനിയുടെ ജമാൽ മുസിയാലക്കൊപ്പം ടോപ് സ്കോറർ പട്ടികയിലും ഇടം പിടിച്ചു.

ഗോൾ വീണതോടെ ഒന്നുകൂടി ഉണർന്ന ഇംഗ്ലണ്ട് എതിർ ബോക്സിൽ പലതവണ ഭീതി വിതച്ചെങ്കിലും ഹാരി കെയ്നിനും ജൂഡ് ബെല്ലിങ്ഹാമിനും ബുകായോ സാകക്കും ഫിൽ ഫോഡനുമൊന്നും ലക്ഷ്യം കാണാനായില്ല. ആദ്യപകുതിയിൽ അവസരങ്ങളൊരുക്കുന്നതിൽ ​​െസ്ലാവാക്യ ഒപ്പത്തിനൊപ്പം നിന്നപ്പോൾ രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ കേന്ദ്രീകരിക്കുകയായിരുന്നു.

രണ്ടാം പകുതി തുടങ്ങിയയുടൻ ഫിൽ ഫോഡൻ ​​െസ്ലാവാക്യൻ വല കുലുക്കിയെങ്കിലും വി.എ.ആർ പരിശോധനയിൽ ഓഫ്സൈഡാണെന്ന് കണ്ടെത്തി. തൊട്ടുടൻ ഹാരി കെയ്നിന്റെ ശ്രമം എതിർ പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി ദിശതെറ്റിയതും ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഇതിനിടെ ഇംഗ്ലീഷ് താരങ്ങളുടെ മിസ്പാസിനെ തുടർന്ന് ഒരു ഗോൾകൂടി വഴങ്ങേണ്ടതായിരുന്നു. പന്ത് കിട്ടിയ െസ്ലാവാക്യൻ താരം ബോക്സിൽനിന്ന് കയറിനിന്ന ഗോൾകീപ്പർ പിക്ക് ഫോർഡിന്റെ തലക്ക് മുകളിലൂടെ പോസ്റ്റിലേക്ക് ​​​നീട്ടിയടിച്ചെങ്കിലും ലക്ഷ്യം തെറ്റിയത് ഇംഗ്ലണ്ടിന് രക്ഷയായി.

ഇതിനിടെ പ്രതിരോധത്തിൽനിന്ന് ട്രിപ്പിയറെ പിൻവലിച്ച് ചെൽസി ഗോളടിയന്ത്രം കോൾ പാൽമറെ ഇംഗ്ലണ്ട് മുന്നേറ്റ നിരയിൽ കൊണ്ടുവന്നതോടെ ആക്രമണങ്ങളുടെ മൂർച്ച കൂടി. നിശ്ചിത സമയം അവസാനിക്കാൻ 13 മിനിറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്കിൽനിന്ന് ഹാരി കെയ്ൻ തകർപ്പൻ ഹെഡറുതി​ർത്തെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. തൊട്ടുപിന്നാലെ ഡെക്ലാൻ റൈസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചതും റീബൗണ്ടിൽ ഹാരി കെയ്നിന്റെ ഷോട്ട് പുറത്തായതും ഇംഗ്ലണ്ട് പുറത്തേക്കുള്ള വഴിയിലാണെന്ന സൂചനയായി. എന്നാൽ, ​​െസ്ലാവാക്യൻ പ്രതീക്ഷകളെ അട്ടിമറിച്ച് ആദ്യം ജൂഡ് ബെല്ലിങ്ഹാമും തുടർന്ന് ഹാരി കെയ്നും അവരുടെ വലയിൽ പന്തെത്തിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more