1 GBP = 107.63

കണക്ക് തീര്‍ത്ത് രോഹിത്; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ ടി20 ഫൈനലില്‍, ജയം 68 റണ്‍സിന്

കണക്ക് തീര്‍ത്ത് രോഹിത്; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ ടി20 ഫൈനലില്‍, ജയം 68 റണ്‍സിന്


രണ്ട് വര്‍ഷം മുമ്പ് അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് തോല്‍വിയറിഞ്ഞതിന്റെ സങ്കടം തീര്‍ത്ത് ഇന്ത്യ. വെസ്റ്റ്ഇന്‍ഡീസിലെ ഗയാനയില്‍ മഴ മാറി നിന്നപ്പോള്‍ രൗദ്രഭാവം പുറത്തെടുത്ത ഇന്ത്യന്‍ ബോളര്‍മാര്‍ ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ നിലംപരിശാക്കി ടി20 ലോക കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 68 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സ് മികവില്‍ ഏഴിന് 171 റണ്‍സെടുത്തു. വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് ഓള്‍ ഔട്ട് ആക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നട്ടെല്ല് തകര്‍ത്തത്. ബുംറക്ക് രണ്ടു വിക്കറ്റുണ്ട്.

ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ 15 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 23 റണ്‍സോടെ മികച്ച തുടക്കം തുടക്കം കണ്ടെത്തിയെങ്കിലും അക്ഷര്‍ പട്ടേല്‍ എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ബട്ട്ലര്‍ പുറത്തായി. പിന്നീട് അതിവേഗമാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ വീണത്. അഞ്ച് റണ്‍സുമായി ഫില്‍ സാള്‍ട്ട്, റണ്‍സൊന്നുമില്ലാതെ ജോണി ബെയര്‍സ്റ്റോ, എട്ട് റണ്‍സുമായി മോയിന്‍ അലി, രണ്ട് റണ്‍സുമായി സാം കറന്‍ എന്നിവരെയെല്ലാം വേഗത്തില്‍ തന്നെ ഇന്ത്യന്‍ ബോളര്‍മാര്‍ പവലിയനിലേക്ക് മടക്കി. 50 തികയും മുമ്പ് ഇംഗ്ലീഷ് സംഘത്തിന്റെ പ്രധാന വിക്കറ്റുകളെല്ലാം വീഴ്ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞതാണ് വിജയത്തിലേക്ക് നയിച്ചത്.

മെച്ചപ്പെട്ട പ്രകടനവുമായി ക്രീസിലുറച്ച ഹാരി ബ്രൂക്കിനെ കുല്‍ദീപ് യാദവ് അവസാനിപ്പിച്ചതോടെ ഇംഗ്ലണ്ടിന്റെ വിജയ പ്രതീക്ഷ തീര്‍ത്തും നഷ്ടപ്പെട്ടിരുന്നു. 19 പന്തില്‍ 25 റണ്‍സെടുത്ത ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 11 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണിന്റെ റണ്ണൗട്ട് ആകുകയായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ 21 റണ്‍സെടുത്ത് പുറത്തായി. ഒരു റണ്ണുമായി ക്രിസ് ജോര്‍ദന്‍, രണ്ട് റണ്‍സുമായി ആദില്‍ റഷീദും വൈകാതെ തന്നെ പുറത്തായി.

ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സെടുത്തത്. മഴയും പിച്ചിലെ ഈര്‍പ്പവും ഇന്ത്യന്‍ ബാറ്റിങ്ങിനെ ബാധിച്ചു. ഈര്‍പ്പമുണ്ടായിരുന്ന പിച്ചിനെ മുതലെടുക്കാന്‍ സ്പിന്നര്‍മാരെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ ഇറക്കിയത്. ഇത് ഫലം കാണുകയും ചെയ്തു. 39 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 57 റണ്‍സെടുത്ത രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 36 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ രണ്ട് സിക്സും നാല് ഫോറുമടക്കം 47 റണ്‍സെടുത്ത് പുറത്തായി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 73 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്. 14-ാം ഓവറില്‍ പുറത്തായ ക്യാപ്റ്റന്‍ രോഹിത്തിനു പിന്നാലെ 16-ാം ഓവറില്‍ സൂര്യകുമാര്‍ യാദവും പുറത്തായത് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ ബോളിങ്ങില്‍ ഇന്ത്യ ശക്തമായ നീക്കങ്ങളാണ് നടത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more