1 GBP = 107.49
breaking news

മാർ ജോസഫ് സ്രാമ്പിക്കൽ നയിക്കുന്ന വാത്സിങ്ങാം തിരുന്നാളിന് ഇനി 20 നാൾ; തീർത്ഥാടനത്തിന് ആതിഥേയരാവുക സീറോമലബാർ കേംബ്രിഡ്ജ് റീജിയൻ.

മാർ ജോസഫ് സ്രാമ്പിക്കൽ നയിക്കുന്ന വാത്സിങ്ങാം തിരുന്നാളിന് ഇനി 20 നാൾ; തീർത്ഥാടനത്തിന് ആതിഥേയരാവുക സീറോമലബാർ കേംബ്രിഡ്ജ് റീജിയൻ.

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങാം: ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ചുള്ള മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ അഭിലാഷത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാൽസിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മരിയൻ തീർത്ഥാടനവും തിരുന്നാളും സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത നേതൃത്വം നൽകുന്ന ഏട്ടാമത് തീർത്ഥാടനത്തിൽ ആതിഥേയത്വം വഹിക്കുന്നത് സീറോമലബാർ കേംബ്രിഡ്ജ് റീജണിലെ വിശ്വാസ സമൂഹമാണ്.

തീർത്ഥാടകരെ വരവേൽക്കുന്നതിനും, ഗതാഗത നിയന്ത്രണം, ദേവാലയം, തീർത്ഥാടന വീഥികൾ അടക്കം അലങ്കാരം,അടിസ്ഥാന സൗകര്യങ്ങൾ, പാർക്കിംഗ്, ഫസ്റ്റ് എയ്ഡ് അടക്കം ഒരുക്കങ്ങൾ പൂർത്തിയായതായി ആതിഥേയർ അറിയിച്ചു. . സീറോമലബാർ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വാൽസിങ്ങാം തീർത്ഥാടനങ്ങൾക്ക് സംഘാടക റോളിൽ അനുഭവ സമ്പത്തുള്ളവരാണ് കേംബ്രിഡ്ജ് റീജയൻ വിശ്വാസ സമൂഹം.

ഉച്ചക്ക് രണ്ടു മണിക്ക് രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, മിഷനുകളിൽ നിന്നുള്ള വൈദികർ സഹകാർമ്മികരുമായി ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും. പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുന്നാൾ സന്ദേശവും നൽകും.

അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തിൽ പതിനായിരത്തിലേറെ മരിയ ഭക്തരെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയൻ പ്രഘോഷണ തിരുന്നാളിനാളിൽ പങ്കു ചേരുന്ന തീർത്ഥാടകർക്ക്, മാതൃ മാദ്ധ്യസ്ഥത്തിൽ അനുഗ്രഹ-കൃപാ വർഷവും, പ്രാർത്ഥനാ സാഫല്യവും നിറവേറുന്നതിനായി രൂപതയുടെ നേതൃത്വത്തിലും പ്രത്യേകിച്ച് കേംബ്രിഡ്ജ് റീജണിലെ ഓരോ ഭവനങ്ങളിലും മധ്യസ്ഥ പ്രാർത്ഥനകൾ നടന്നുവരുന്നു.

തീർത്ഥാടനത്തിൽ മാതൃഭക്തരായ വൻജനാവലി എത്തുമ്പോൾ ഉണ്ടാവാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി എല്ലാ മിഷനുകളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു ഒരുമിച്ച് പ്രാർത്ഥിച്ചും ഭക്തിഗാനങ്ങൾ ആലപിച്ചും വരാനുള്ള നിർദ്ദേശം രൂപത നൽകിയിട്ടുണ്ട്.

ആദിമകാലങ്ങളിൽ വാൽസിങ്ങാം തീർത്ഥാടനത്തിനായി എത്തുന്നവർ മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് ‘ഹോളി മൈൽ’ നഗ്ന പാദരായി നടന്നു നീങ്ങുതിനായി ‘സ്ലിപ്പർ’ അഴിച്ചു വെക്കുന്ന ഇടമായ ‘സ്ലിപ്പർ ചാപ്പൽ’ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ അധീനതയിലുള്ളത്. ‘സ്ലിപ്പർ ചാപ്പൽ’ എന്ന് വിളിക്കുന്ന ‘കാത്തലിക്ക് നാഷണൽ ഷ്രയിൻ ഓഫ് ഔർ ലേഡി ഇൻ വാത്സിങ്ങാം’ ബസിലിക്കയിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ സഭയുടെ മരിയൻ തീർത്ഥാടനം നടക്കുക.

തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് നീണ്ട ക്യുവിൽ നിന്ന് പ്രയാസം ഉണ്ടാവാതിരിക്കുവാൻ മുൻകൂറായി ബുക്ക് ചെയ്യുന്നതിന് ഉള്ള സംവിധാനവും ഒരുക്കുന്നതാണ്.

വാൽസിങ്ങാം പള്ളിയുടെ വിലാസം.
Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, NR22 6AL

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more