1 GBP = 105.51
breaking news

യന്ത്രത്തിൽ കുടുങ്ങി കൈ വേർപെട്ടു; പ്രവാസി ഇന്ത്യാക്കാരനെ റോഡിലുപേക്ഷിച്ച് ഇറ്റലിയിലെ തൊഴിലുടമ; ദാരുണാന്ത്യം

യന്ത്രത്തിൽ കുടുങ്ങി കൈ വേർപെട്ടു; പ്രവാസി ഇന്ത്യാക്കാരനെ റോഡിലുപേക്ഷിച്ച് ഇറ്റലിയിലെ തൊഴിലുടമ; ദാരുണാന്ത്യം

ഇറ്റലിയിൽ പ്രവാസി ഇന്ത്യാക്കാരന് ദാരുണാന്ത്യം. അപകടത്തിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റ കർഷക തൊഴിലാളിയെ തൊഴിലുടമ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഇറ്റലിയിൽ റോമിനടുത്തുള്ള ലാറ്റിന എന്ന ഗ്രാമപ്രദേശത്താണ് സംഭവം. ഇവിടെ ഒരു ഫാമിൽ തൊഴിലാളിയായിരുന്ന ഇന്ത്യാക്കാരൻ സത്നം സിങാണ് മരിച്ചത്. 31 വയസായിരുന്നു. ജോലിക്കിടെ കൈക്ക് അതീവ ഗുരുതരമായി പരിക്കേറ്റ സത്നം സിങിനെ തൊഴിലുടമ റോഡിൽ ഉപേക്ഷിച്ചെന്നാണ് ആരോപണം. സംഭവം ഇറ്റലിയിൽ വലിയ വിവാദമായിട്ടുണ്ട്.

മൂന്ന് വർഷം മുൻപ് ഭാര്യക്കൊപ്പമാണ് സത്നം സിങ് ഇറ്റലിയിലെത്തിയത്. മണിക്കൂറിൽ 5 യൂറോ (448 രൂപ) കൂലിക്കാണ് സത്നം സിങ് ജോലി ചെയ്തിരുന്നത്. അപകട സമയത്ത് ഒരു ട്രാക്ടറിനോട് ഘടിപ്പിച്ച പ്ലാസ്റ്റിക് റോളർ റാപ്പിങ് യന്ത്രമായിരുന്നു സത്നം സിങ് കൈകാര്യം ചെയ്തിരുന്നത്. ജോലിക്കിടെ യന്ത്രത്തിൽ കൈ കുടുങ്ങി സത്നം സിങിൻ്റെ കൈ വേർപെട്ടുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സത്നം സിങിനെ ഇയാൾ താമസിക്കുന്ന ബൊർഗൊ സാന്ത മരിയയിലെ താമസ സ്ഥലത്തോട് ചേർന്ന റോഡിൽ തൊഴിലുടമ ഉപേക്ഷിച്ചെന്നാണ് ആരോപണം.

ഭാര്യ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സത്നം സിങിനെ ഹെലികോപ്റ്ററിൽ സാൻ കാമിലോ ഫോർലാലിനി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതക കുറ്റവും തൊഴിൽ നിയമ ലംഘനങ്ങളും ചുമത്തി സത്നം സിങിൻ്റെ തൊഴിലുടമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ ട്രേഡ് യൂണിയൻ സംഘടനകൾ വൻ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ഇറ്റലിയിലെ തൊഴിൽ മന്ത്രി തന്നെ വിശദീകരണവുമായി രംഗത്ത് വന്നു. നീചവും നിന്ദ്യവുമായ ക്രൂരകൃത്യമാണ് നടന്നതെന്നും ഇന്ത്യാക്കാരനായ തൊഴിലാളി മരിച്ചെന്നും അവർ പാർലമെൻ്റിൽ അറിയിച്ചു. എല്ലാ തൊഴിൽ ചൂഷണത്തിനും എതിരാണ് സർക്കാരെന്ന് കൃഷി മന്ത്രി ഫ്രാൻസെസ്കോ ലൊല്ലോബ്രിഗിഡ പാർലമെൻ്റിൽ പറഞ്ഞു. എന്നാൽ സംഭവത്തിൽ സർക്കാരിനെ നിശിതമായി വിമർശിച്ച് രാജ്യത്തെ സെൻ്റർ ലെഫ്റ്റ് ഡെമോക്രാറ്റിക് പാർട്ടിയും രംഗത്ത് വന്നിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more