1 GBP = 106.77
breaking news

യുക്മ കേരളപൂരം വള്ളംകളി 2024 വിജയികൾക്ക് യുക്മ ട്രോഫിയും 2000 പൗണ്ടും സമ്മാനം…ആദ്യ നാല് സ്ഥാനക്കാർക്ക് മികച്ച പാരിതോഷകങ്ങൾ.

യുക്മ കേരളപൂരം വള്ളംകളി 2024 വിജയികൾക്ക് യുക്മ ട്രോഫിയും 2000 പൗണ്ടും സമ്മാനം…ആദ്യ നാല് സ്ഥാനക്കാർക്ക് മികച്ച പാരിതോഷകങ്ങൾ.

അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

ആറാമത് യുക്മ കേരളപൂരം – 2024 വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ പുരോഗമിക്കവെ വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി. 2024 ആഗസ്റ്റ് 31 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന ആറാമത് യുക്മ കേരളപൂരം വള്ളംകളി വിജയികളാകുന്ന ടീമിന് യുക്മ ട്രോഫിയും 2000 പൌണ്ടും സമ്മാനമായി ലഭിക്കുമ്പോൾ രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് ലഭിക്കുന്നത് ട്രോഫിയും 1500 പൌണ്ട് ക്യാഷ് അവാർഡും, മൂന്നാം സ്ഥാനത്തിന് അർഹരാകുന്ന ടീമിന് ട്രോഫിയോടൊപ്പം 1000 പൌണ്ട് ക്യാഷ് അവാർഡും നാലാം സ്ഥാനത്തെത്തുന്ന ടീമിന് ട്രോഫിയോടൊപ്പം ഇതാദ്യമായി 500 പൌണ്ട് ക്യാഷ് അവാർഡും നൽകുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

“യുക്​മ കേരളപൂരം – 2024” വള്ളംകളി മത്സരവും കലാപരിപാടികളും വമ്പിച്ച വിജയമാക്കുവാൻ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ യുക്മ ദേശീയ സമിതിയും റീജിയണൽ കമ്മിറ്റികളും പോഷക സംഘടനാ ഭാരവാഹികളും അരയും തലയും മുറുക്കി രംഗത്തുണ്ട്. മുന്‍വര്‍ഷങ്ങളിലേത് പോലെ തന്നെ ഈ വര്‍ഷവും വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ വിശിഷ്ടാതിഥികളായി എത്തിച്ചേരും. കൂടാതെ യു.കെയിലെ പ്രമുഖ കലാകാരന്‍മാരും പരിപാടികള്‍ അവതരിപ്പിക്കും.

ആഗസ്റ്റ് 31ന് ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തിലാണ് ഇത്തവണയും വള്ളംകളി നടക്കുന്നത്. കഴിഞ്ഞ വര്‍ഷം വള്ളംകളി മത്സരത്തിന് എകദേശം 7000ലധികം ആളുകള്‍ കാണികളായി എത്തിച്ചേര്‍ന്നിരുന്നു. ഈ വര്‍ഷം കാണികളായി കൂടുതലാളുകള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി “യുക്​മ കേരളപൂരം – 2024″ന്‍്റെ ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ അറിയിച്ചു. വള്ളംകളി മത്സരത്തിലും അതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കലാപരിപാടികളിലും പങ്കെടുത്ത് ഒരു ദിവസം മുഴുവനും ആഹ്ളാദിച്ചുല്ലസിക്കുവാന്‍ വേണ്ടി നിരവധി അസോസിയേഷനുകള്‍ ഏകദിന വിനോദയാത്രകള്‍ മാന്‍വേഴ്സ് തടാകത്തിലേക്ക് സംഘടിപ്പിക്കുന്നുണ്ട്.

മാന്‍വേഴ്സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി പതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിൻ്റെ ഏത് ഭാഗത്ത് നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രധാന സ്റ്റേജ് ഭക്ഷണശാലകള്‍ എന്നിവ ചുറ്റുമുള്ള പുല്‍ത്തകിടിയിലായിരിക്കും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരവുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ക്കും, കോച്ചുകള്‍ക്ക് പ്രത്യേകവും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. സ്കൂള്‍ അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്ളാദിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് ഒരുക്കുന്നത്. “യുക്​മ കേരളാ പൂരം വള്ളംകളി – 2024” മത്സരം കാണുന്നതിന് മുന്‍കൂട്ടി അവധി ബുക്ക് ചെയ്ത് മാന്‍വേഴ്സ് തടാകത്തിലേക്ക് എത്തിച്ചേരുവാന്‍ ഏവരേയും യുക്​മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അറിയിച്ചു.

“യുക്​മ – കേരളാ പൂരം 2024”: കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഡോ. ബിജു പെരിങ്ങത്തറ (ചെയര്‍മാന്‍): 07904785565, കുര്യന്‍ ജോര്‍ജ് (ചീഫ് ഓര്‍ഗനൈസര്‍): 07877348602, അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): 07702862186 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more