1 GBP = 105.92
breaking news

ഇംഗ്ലണ്ടിലെ ‘നസ്രേത്’ മരിയൻ പുണ്യ കേന്ദ്രമൊരുങ്ങി; വാത്സിങ്ങാം തീർത്ഥാടനത്തിന് ഇനി ഒരുമാസം.

ഇംഗ്ലണ്ടിലെ ‘നസ്രേത്’ മരിയൻ പുണ്യ കേന്ദ്രമൊരുങ്ങി; വാത്സിങ്ങാം തീർത്ഥാടനത്തിന് ഇനി ഒരുമാസം.

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങാം: ഇംഗ്ളണ്ടിലെ ‘നസ്രേത്’ എന്ന് ഖ്യാതിനേടിയതും, കത്തോലിക്കാ സഭയുടെ മരിയൻ തീർത്ഥാടക കേന്ദ്രങ്ങളിൽ പ്രമുഖവുമായ വാത്സിങ്ങാമിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ടാമത് തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. സീറോമലബാർ സഭയുടെ നേതൃത്വത്തിൽ ഭക്തിനിർഭരവും ആഘോഷപൂർവ്വവും നടത്തപ്പെടുന്ന വാത്സിങ്ങാം മരിയൻ തീർത്ഥാടനവും, തിരുന്നാളും ജൂലൈ 20 ന് ശനിയാഴ്ച്ച കൊണ്ടാടും. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മാതൃഭക്ത സംഗമവേദിയായി വാത്സിങ്ങാം മരിയ തീർത്ഥാടനം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയുടെ അഭിവന്ദ്യഅദ്ധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ തിരുന്നാൾ കുർബ്ബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ച് സന്ദേശം നൽകും.രൂപതയിലെ മുഴുവൻ സീറോ മലബാർ വൈദികരും സഹകർമ്മികരായി പങ്കുചേരും.

ഈ വർഷം വാത്സിങ്ങാം തീർത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജണിലെ വിശ്വാസസമൂഹമാണ്.തീർത്ഥാടന വിജയത്തിനായി റീജണിലെ ഭവനങ്ങളിൽ പ്രത്യേകമായി നടന്നു വരുന്ന മാധ്യസ്ഥ പ്രാർത്ഥനകളുടെ നിറവിൽ മാതൃസന്നിധിയിൽ മരിയൻ പ്രഘോഷണവും, പ്രാർഥനാ നിയോഗവുമായി എത്തുന്ന തീർത്ഥാടകർക്ക് അനുഗ്രഹ സാക്ഷ്യങ്ങളുടെ അനുഭവവും, പ്രാർഥനാ സാഫല്യവും ലഭിക്കും.

യു കെ യിലുടനീളമുള്ള സീറോ മലബാർ ഇടവകകളിൽ നിന്നുള്ള പ്രസുദേന്തിമാർ വാത്സിങ്ങാം തീർത്ഥാടനത്തിൽ പങ്കുചേരും. അതിനാൽ തന്നെ യു കെ യുടെ നാനാഭാഗത്തു നിന്നുമായി ആയിരങ്ങൾ പങ്കുചേരുന്ന തീർത്ഥാടനത്തിൽ, രൂപതയിലെ എല്ലാ മിഷനുകളുടെയും പ്രാതിനിധ്യം തീർത്ഥാടന നടത്തിപ്പിൽ ആത്മീയ ചൈതന്യ പ്രൗഢി ഉണർത്തും.

വിശ്വാസികളുടെ വർദ്ധിച്ചു വരുന്ന ബാഹുല്യത്തെ മുന്നിൽക്കണ്ടുകൊണ്ടു ഇക്കുറി തീർത്ഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഓരോ ഇടവകയിലും ഉള്ള വിശ്വാസികളോട് താന്താങ്ങളുടെ വാഹനങ്ങളിൽ വരുന്നതിനു പകരം ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു തന്നെ എത്തുവാൻ നിർദ്ദേശിച്ചിട്ടുണ്ട് . അതിനാൽ തന്നെ വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും, ചൈതന്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർത്ഥാടനമാവും ഇത്തവണ ഉണ്ടാവുക.

തീർത്ഥാടകർക്കായി ചൂടുള്ള കേരള ഭക്ഷണം, മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള ഫുഡ് സ്റ്റാളുകൾ അന്നേദിവസം തുറന്നു പ്രവർത്തിക്കുന്നതാണ്.

ജൂലൈ 20 നു ശനിയാഴ്ച ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ മരിയൻ പുണ്യകേന്ദ്രത്തിൽ നടത്തപ്പെടുന്ന എട്ടാമത് വാത്സിങ്ങാം തീർത്ഥാടനത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സീറോമലബാർ കേംബ്രിഡ്ജ് റീജിയൻ തീർത്ഥാടക സ്വാഗതസംഘം അറിയിച്ചു.

Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, NR22 6AL

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more