മക്കൾ രാഷ്ട്രീയത്തെ എതിർത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തം മന്ത്രിസഭ തന്നെ വെല്ലുവിളി. 71 പേർ അടങ്ങുന്ന മോദി മന്ത്രിസഭയിൽ 15 പേരും മക്കൾ രാഷ്ട്രീയത്തിലൂടെ വന്നവർ. എച്ച്.ഡി. ദേവഗൗഡയുടെയുടെ മകനും കർണാടക മുഖ്യമന്ത്രിയുമായിരുന്ന എച്ച്.ഡി. കുമാരസ്വാമി മുതൽ മുൻ മന്ത്രി വേദ് പ്രകാശ് ഗോയലിന്റെ പുത്രൻ പിയൂഷ് ഗോയൽ വരെ പട്ടിക നീളുന്നു.
മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നത്. മക്കൾ രാഷ്ട്രീയം അഥവാ പരിവാർവാദ് ജനാധിപത്യത്തിന് ഭീഷണി എന്നാണ് മോദിയുടെ വാദം. എന്നാൽ ഇനി മുതൽ പ്രതിപക്ഷത്തിനും മോദിക്കെതിരെ മക്കൾ രാഷ്ട്രീയത്തിൽ പ്രതിരോധ കോട്ട തീർക്കാം. മോദി സർക്കാരിന്റെ 71അംഗ മന്ത്രിസഭയിൽ 15 പേർ മക്കൾ രാഷ്ട്രീയത്തിലൂടെ ഇടം പിടിച്ചവർ.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെയുടെ മകനും കർണാടക മുഖ്യമന്ത്രിയുമായിരുന്ന എച്ച്.ഡി. കുമാരസ്വാമി, മുൻ കേന്ദ്രമന്ത്രി അജിത് സിങ്ങിന്റെ മകനുമായ ജയന്ത് ചൗധരി,മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യ,രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ, ബിഹാർ മുൻ മുഖ്യമന്ത്രിയായിരുന്ന കർപ്പുരി ഠാക്കൂറിന്റെ മകൻ രാം നാഥ് ഠാക്കൂർ,ഹരിയാന മുൻ മുഖ്യമന്ത്രി റാവു ബിരേന്ദ്രസിങ്ങിന്റെ മകൻ ഇന്ദ്രജിത് സിങ്,വാജ്പേയി മന്ത്രിസഭാംഗമായിരുന്ന വേദ് പ്രകാശ് ഗോയലിന്റെ മകൻ പിയൂഷ് ഗോയൽ,കെ യേരൻ നായിഡുവിന്റെ മകൻ രാം മോഹൻ നായിഡു,ദേബേന്ദ്ര പ്രധാന്റെ മകൻ ധർമേന്ദ്ര പ്രധാൻ,അപ്നാദൾ മുൻ അധ്യക്ഷ കൃഷ്ണ പട്ടേലിന്റെ മകൾ അനുപ്രിയ പട്ടേൽ,യു.പിയിലെ പൊതുയോഗത്തിൽ പ്രസംഗിക്കവെ വെടിയേറ്റു മരിച്ച ഓംപ്രകാശ് പാസ്വാന്റെ മകൻ കമലേശ് പാസ്വാൻ,റിഞ്ചിൻ ഖാറുവിന്റെ മകൻ കിരൺ റിജിജു, അങ്ങനെ നീളുന്നു മക്കൾ രാഷ്ട്രീയത്തിലൂടെ മോദി മന്ത്രിസഭയിൽ ഇടം പിടിച്ചവർ.
തെലുങ്കാനയിൽ അടക്കമുള്ള പ്രചരണറാലികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെ കടന്നാക്രമിച്ചത് മക്കൾ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയാണ്. ഇനിമുതൽ മക്കൾ രാഷ്ട്രീയത്തെക്കുറിച്ച് തുടർ വിമർശനങ്ങൾ ഉന്നയിക്കാൻ ഒരുങ്ങുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒന്നുകൂടി ആലോചിക്കേണ്ടി വരും.
click on malayalam character to switch languages