മൂന്നാം മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞയിൽ വ്യവസായ പ്രമുഖരായ ഗൗതം അദാനിയും മുകേഷ് അംബാനിയും പങ്കെടുത്തതിന് പിന്നാലെ കള്ളപ്പണ ആരോപണം വീണ്ടും ഉന്നയിച്ച് കോൺഗ്രസ്. മെയ് മാസത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി ഉന്നയിച്ച വാദങ്ങൾ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപണവുമായി രംഗത്ത് വന്നത്.
സമൂഹ മാധ്യമമായ എക്സിലാണ് ജയ്റാം രമേശ് തൻ്റെ ആരോപണം ഉന്നയിച്ചത്. ‘2024 മെയ് എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും വലിയ ബിസിനസുകാരായ രണ്ട് പേർ ടെംപോയിൽ കള്ളപ്പണം നിറച്ച് ഓടിച്ചതായി ആരോപിച്ചിരുന്നു. ഞങ്ങളതിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ആ രണ്ട് ബിസനസുകാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്’ – ജയ്റാം രമേശ് എക്സിൽ എഴുതി.
തെലങ്കാനയിലെ കരിംനഗറിലായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണം ഉന്നയിച്ചത്. ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടെയും പേര് പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പിന്നാലെ ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറിയപ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ രണ്ട് മുൻനിര ബിസിനസുകാരും ഉണ്ടായിരുന്നു.
2019 ൽ ജയിച്ച 303 സീറ്റിൽ നിന്ന് 2024 ൽ 240 സീറ്റുകളിലേക്ക് വീണ ബി.ജെ.പിക്ക് ഇത്തവണ കേവല ഭൂരിപക്ഷം തികയ്ക്കാൻ കഴിഞ്ഞിരുന്നില്ല. എൻഡിഎയിലെ കക്ഷികളുടെയാകെ ബലത്തിൽ 292 സീറ്റുകളുമായാണ് മുന്നണി അധികാരത്തിലേറിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ആരോപണവുമായി രംഗത്ത് വന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിസിനസ് ഭീമന്മാരും മോദിയും തമ്മിലെ സൗഹൃദം ഉയർത്തി ആരോപണം ഉന്നയിക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധി പിന്നോട്ട് പോയതിന് കാരണം ടെംപോയിൽ (ചരക്ക് വാഹനം) നിറയെ പണം ഇവർ കോൺഗ്രസിന് നൽകിയതുകൊണ്ടാണോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. പിന്നാലെ പ്രധാനമന്ത്രിയുടെ ആരോപണം ഉയർത്തിക്കാട്ടി അംബാനിക്കും അദാനിക്കുമെതിരെ സിബിഐ, ഇഡി ഏജൻസികളുടെ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസും പ്രതിപക്ഷത്തെ മറ്റ് പാർട്ടികളും രംഗത്ത് വരികയായിരുന്നു. സിബിഐയോ, ഇഡിയോ, ആദായ നികുതി വകുപ്പോ അംബാനിക്കും അദാനിക്കുമെതിരെ അന്വേഷണം നടത്താൻ മടിക്കുന്നത് എന്തുകൊണ്ടാണെന്നാണ് ഇപ്പോൾ ജയ്റാം രമേശ് ചോദിക്കുന്നത്.
click on malayalam character to switch languages