1 GBP = 105.77
breaking news

കാവല്‍ക്കാരുടെസങ്കീര്‍ത്തനങ്ങള്‍(നോവല്‍) – ഭാഗം 01

കാവല്‍ക്കാരുടെസങ്കീര്‍ത്തനങ്ങള്‍(നോവല്‍) – ഭാഗം 01

കാരൂര്‍ സോമന്‍

ഈ പുസ്തകത്തിലെ പ്രവചനം കേള്‍ക്കുന്ന ഏവനോടും ഞാന്‍ സാക്ഷീകരിക്കുന്നതെന്തെന്നാല്‍: അതിനോടു ആരെങ്കിലും കൂട്ടിയാല്‍ ഈ പുസ്തകത്തില്‍ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തില്‍ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാല്‍ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും. ഇതു സാക്ഷീകരിക്കുന്നവന്‍:
അതേ, ഞാന്‍ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു;
ആമേന്‍

-വെളിപാട്, അധ്യായം 24സ്വര്‍ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ആകട്ടെ സകലവും അവന്‍ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന്‍ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവന്‍ സര്‍വ്വത്തിന്നും മുമ്പെയുള്ളവന്‍; അവന്‍ സകലത്തിന്നും ആധാരമായിരിക്കുന്നു.

01- ദേശാടനക്കിളികള്‍

ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവു വെള്ളത്തിന്‍ മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍പിരിച്ചു. ദെവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി.
ഉല്പത്തി പുസ്തകം, അദ്ധ്യായം 1

ഒന്നാം ദിവസം.
തിരുവനന്തപുരം വിമാനത്താവളം.
കണ്ണുകളില്‍ വിഷാദവും ഹൃദയത്തില്‍ പ്രതീക്ഷകളും നിറച്ച് യാത്ര പുറപ്പെടാനെത്തിയവര്‍; പുനഃസമാഗമ നിമിഷങ്ങളുടെ ആവേശവും നഷ്ടസ്മൃതികളിലേക്കുള്ള തിരിച്ചുവരവും തിരി കൊളുത്തിയ മുഖങ്ങളുമായി വന്നിറങ്ങിയവര്‍, എങ്ങും തിരക്കും തന്നെ…
അവരുടെ ഇടയില്‍ ഒരു പുരോഹിതന്‍.
പേര് ഫാദര്‍ ലാസ്സര്‍ മത്തായി.
അദ്ദേഹത്തെ നാട്ടുകാര്‍ വിളിക്കുന്നത് കത്തനാര്‍ എന്നാണ്.
കുപ്പായത്തിനു മേല്‍ ഒരു കുരിശുമാല നെഞ്ചത്ത് തിളങ്ങുന്നു. കറുത്തു നീണ്ട മുടിയും ഇടയ്ക്ക് വെള്ളി വീണ താടിയും. ആ താടിയും നീണ്ട മൂക്കുമായി നല്ലയിണക്കം. അത് മുഖത്തെ ആകര്‍ഷകമാക്കുന്നു. പ്രയം 55. ചീകി വച്ചിരുന്ന മുടിനാരുകള്‍ കാറ്റില്‍ അനുസരണക്കേടിനു ന്യായം കണ്ടെത്തി.
കത്തനാരുടെ കയ്യില്‍ ചെറിയൊരു കറുത്ത ബാഗ് മാത്രം. നീണ്ട വര്‍ഷങ്ങള്‍ കേരളത്തിലും വടക്കേ ഇന്ത്യയിലും സഭയുടെ അധീനതയില്‍ അംഗവൈകല്യമുള്ളവര്‍ താമസിക്കുന്ന പല സ്ഥാപനങ്ങളിലും പള്ളികളിലും സേവനം ചെയ്തു. ഇപ്പോഴും അതുപോലുള്ള ഒരു സ്ഥാപനത്തിന്‍റെ കാണപ്പെട്ട ദൈവമാണദ്ദേഹം. ലണ്ടനിലെ ഒരു പള്ളിയുടെ വികാരിയായിട്ടാണ് ഇപ്പോള്‍ അയച്ചിരിക്കുന്നത്. വിശ്വാസികള്‍ക്കിടയില്‍ അച്ചനെ ലണ്ടനിലേക്കയയ്ക്കുന്നതില്‍ അമര്‍ഷമുള്ളവരുണ്ട്. അവര്‍ പറയുന്നത് സഭയുടെ മേലദ്ധ്യക്ഷന്മാരെ കത്തനാര്‍ ധിക്കരിക്കുന്നതിനു ശിക്ഷയായുള്ള നാടുകടത്തലാണിതെന്ന്. എന്നാല്‍, ചില അച്ചന്മാരുടെ വാദം മറ്റൊന്നാണ്. ഇംഗ്ലണ്ടിലെ ക്രിസ്ത്യാനികള്‍ പിശാചിന് അടിമപ്പെട്ടിരിക്കുന്നു. അവരിലേക്ക് പരിശുദ്ധാത്മാവ് യോഗ്യനായ ഒരാളെ സ്വര്‍ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ആകട്ടെ സകലവും അവന്‍ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന്‍ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവന്‍ സര്‍വ്വത്തിന്നും മുമ്പെയുള്ളവന്‍; അവന്‍ സകലത്തിന്നും ആധാരമായിരിക്കുന്നു. അയയ്ക്കുന്നു. ഇതിനൊക്കെ കത്തനാര്‍ കൊടുത്ത മറുപടി ഇതായിരുന്നു.
“എല്ലാറ്റിനും ഒരു കാലമുണ്ട്. ജനിപ്പാന്‍ ഒരു കാലം. മരിപ്പാന്‍ ഒരു കാലം. സമ്പാദിപ്പാന്‍ ഒരു കാലം. നഷ്ടപ്പെടുവാന്‍ ഒരു കാലം. ഇപ്പോള്‍ എന്‍റെ കാലമാണ്. ഞാന്‍ അതിലേക്ക് പോകുന്നു. എന്നെയോര്‍ത്ത് ആരും ഭാരപ്പെടുകയോ ഭയപ്പെടുകയോ വേണ്ട. ചെന്നായ്ക്കളും ചിലപ്പോള്‍ കുഞ്ഞാടുകള്‍ക്കൊപ്പം പാര്‍ക്കുന്നില്ലേ?”
കത്തനാര്‍ വിമാനത്തിലേക്കു കയറുന്നതിന് മുമ്പ്, കൈയില്‍ കരുതിയ പത്രം അല്പം അകലത്തിലായി വിരിച്ച് മുട്ടിന്മേല്‍ നിന്ന് രണ്ട് കൈകളും ആകാശത്തിലേക്കുയര്‍ത്തി കണ്ണടച്ച് നിശ്ശബ്ദം പ്രാര്‍ത്ഥിച്ചു. ആ മൗന പ്രാര്‍ത്ഥനയില്‍ നിറഞ്ഞിരുന്നത് “ആകാശവും ഭൂമിയും കടലും നിര്‍മ്മിച്ചവനെ, ബലഹീനരായ ഞങ്ങളെ മേഘങ്ങളിലേക്ക് എടുക്കപ്പെടുന്നു. ആകാശത്തിലെ ഇടിമുഴക്കങ്ങള്‍, വര്‍ഷമേഘങ്ങള്‍, ആഴങ്ങള്‍ ഇവയിലൊന്നും അടിയങ്ങളെ അകപ്പെടുത്താതെ കാത്തുകൊള്ളണേ. ആകാശത്തിന്‍റെ വാതിലുകളെ തുറന്നു തരുന്നവരെ ഈ മേഘവാഹനത്തെ അവിടുത്തെ ചിറകില്‍ കാക്കേണമേ. ആമേന്‍.” കുരിശും വരച്ചു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ നിശബ്ദം ആ കാഴ്ച കണ്ടുനിന്നു. യാത്രക്കാര്‍ സൂക്ഷിച്ചുനോക്കി. ഒരു പുതുമ. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പിറക്കുന്ന രാജ്യത്തേക്കുള്ള യാത്രയല്ലേ? അപ്പോള്‍ നിര്‍മ്മല ഹൃദയത്തോടെ പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. ഒരാള്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിന് പള്ളിയും അമ്പലവും മാത്രമല്ല, ഏത് വഴിവക്കും ഉപയോഗിക്കാം. ഭയത്തിന്‍റെ നിഴലില്‍ വിമാനം കയറാന്‍ വന്നവര്‍ക്ക് അതൊരു ആശ്വാസമായി.
യാത്രക്കാരെല്ലാം കയറിക്കഴിഞ്ഞു. പോലീസുകാരന്‍ തുറിച്ചുനോക്കി. ഇയാള്‍ ഒരു തലവേദനയായല്ലോ. പ്രാര്‍ത്ഥിക്കാന്‍ കണ്ടൊരു സ്ഥലം. പോലീസ് അടുത്തേക്ക് ചെന്നു. കത്തനാര്‍ ലാസ്സര്‍ കണ്ണടച്ചിരുന്നു. തുറന്നപ്പോള്‍ കണ്ണുനീര്‍. ഒരു വിരലുകൊണ്ടത് ഒപ്പിയെടുത്തത് പോലീസുകാരന്‍ കണ്ടു. അച്ചന്‍റെ രീതികള്‍ കണ്ടിടത്തോളം ആളൊരു ഭീകരനാണെന്ന് തോന്നുന്നില്ല. ലാസ്സര്‍ പേപ്പര്‍ മടക്കി എഴുന്നേറ്റു. പോലീസുകാരന്‍ നിഷ്ക്കളങ്കവും കുലീനത്വവുമുള്ള ആ മുഖത്തേക്കു നോക്കി. പ്രസന്നമായ മുഖത്ത് പുഞ്ചിരി. മുകളില്‍ നിന്നുള്ള കല്പനയാണ്. വെള്ളക്കുപ്പായക്കാരന്‍റെ ബാഗും മറ്റും പരിശോധിച്ചിട്ടേ വിമാനത്തില്‍ കയറ്റാവൂ. ഇന്ത്യന്‍ പ്രസിഡന്‍റായാലും പരിശോധിക്കാം. അതിലൊന്നും ഒരു തെറ്റുമില്ല.
അടുത്തുള്ള മരച്ചില്ലകളിലിരുന്ന് കാക്കകള്‍ കരയുന്നു. ലാസ്സര്‍ പോലീസുകാരന്‍റെ മുഖത്തേക്ക് നോക്കി.
“എനിക്ക് ഈ ബാഗൊന്ന് പരിശോധിക്കണം.”
ലാസര്‍ യാതൊരു മടിയും കൂടാതെ ബാഗ് തുറന്നുകൊടുത്തു. എയര്‍പോര്‍ട്ടിലെ കണ്ണാടിച്ചില്ലകളിലൂടെ മറ്റ് ചിലര്‍ അത് നോക്കിനിന്നു. സൂര്യവെളിച്ചം കുരിശില്‍ തിളങ്ങി, ഒപ്പം ലാസറിന്‍റെ കണ്ണുകളും. ബാഗിനുള്ളില്‍ സംശയിക്കാന്‍ മാത്രം ഒന്നും കണ്ടില്ല. ലാസ്സര്‍ പോലീസിനെ നോക്കി ഒന്നു ചിരിച്ചു.
“ഞാന്‍ ദൈവത്തിന്‍റെ മന്ത്രസഭയിലെ അംഗമാണ്. ഇവിടുത്തെ മന്ത്രിസഭയിലെ അംഗമല്ല. ആ ദൈവത്തിന് നിരക്കാത്തതൊന്നും ഞാന്‍ ചെയ്യില്ല.”
“ഇതെന്‍റെ ജോലിയുടെ ഭാഗമാണ്.”
ലാസ്സര്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
“നല്ലത്. ശമ്പളത്തിനായി മാത്രം ജോലി ചെയ്യരുത്. ഈ യാത്രക്കാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകൂടി വേണം. ആകാശത്തിലെ നിയമങ്ങള്‍ നമുക്കറിയില്ല. അതുകൊണ്ട് പ്രാര്‍ത്ഥിക്കാന്‍ തോന്നി.”
“അത് തെറ്റല്ല. അച്ചന്‍ കയറിയാട്ടെ.”
പോലീസുകാരന്‍ ആദരവോടെ പറഞ്ഞു.
അയാള്‍ക്ക് നന്മകള്‍ നേര്‍ന്നുകൊണ്ട് ഗോവണിപ്പടികളിലൂടെ മുകളിലേക്ക്. എയര്‍ ഹോസ്റ്റസ് ഇരിപ്പിടം കാണിച്ചുകൊടുത്തു. ജീവിതത്തില്‍ ആദ്യമായാണ് വിമാനത്തില്‍ കയറുന്നത്. അടുത്തിരുന്ന ആളുമായി പരിചയപ്പെട്ടു. സുരേഷ് കുറുപ്പ്. പതിനേഴ് വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്നു. എല്ലാവര്‍ഷവും നാട്ടില്‍ വന്നു പോകുന്നു. ആകാശത്തേക്ക് കുതിച്ചു പൊങ്ങാന്‍ വിമാനം തയ്യാറായിക്കഴിഞ്ഞു. എല്ലാ അറിയിപ്പുകളും ലഭിച്ചു. റണ്‍വേയിലൂടെ വിമാനം വേഗമാര്‍ജിച്ചു തുടങ്ങി. വിമാന ഗര്‍ജ്ജനം മാത്രം കാതില്‍ മുഴങ്ങി. മുകളിലേക്ക് കുതിച്ചു. കാതിന്‍റെ കേഴ്വി കുറഞ്ഞതായി തോന്നി. വിമാനം ആകാശത്തിന്‍റെ ഹൃദയഭാഗത്തേക്ക് തുളച്ചുകയറി.
അല്പസമയത്തിനു ശേഷം ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിതരണം ചെയ്തു. ലാസ്സര്‍ ബാഗില്‍ നിന്നെടുത്ത വേദപുസ്തകം തുറന്ന് വായിച്ചു. ഒപ്പം മറ്റ് രണ്ടു പുസ്തകങ്ങളുമുണ്ടായിരുന്നു. യിസ്രായേലിലെ ഹെരോദാവിനെപ്പറ്റിയാണ് ആദ്യം വായിക്കാന്‍ കിട്ടിയത്. അതില്‍ സ്നാപഹയോഹന്നാനും, ഹെരോദാവിന്‍റെ സഹോദരന്‍റെ ഭാര്യ ഹെരോദ്യയും കടന്നുവന്നു. ഉച്ചയ്ക്കുള്ള ഊണിന് മുന്‍പ് ശീതളപാനിയങ്ങളും മദ്യവുമെത്തി. അടുത്തിരുന്ന ഗള്‍ഫുകാരന്‍ മൂന്ന് പ്രാവശ്യം അത് ഉള്ളിലേക്ക് ഒഴുക്കിയപ്പോള്‍ കത്തനാരുടെ മുഖത്ത് ഒരതൃപ്തി. അതിന്‍റെ ദുര്‍ഗന്ധം മൂക്കിലേക്ക് ആഞ്ഞടിക്കുന്നു. കഴുത്തില്‍ കിന്ന കുരിശെടുത്തു കുപ്പായത്തിന്‍റെ പോക്കറ്റിലിട്ടു. കഴുത്തിലിട്ടിരുന്ന വെള്ള തോര്‍ത്ത് തലയ്ക്ക് മുകളിലൂടെ താഴെയിട്ടു. മദ്യം ധൃതിപ്പെട്ടു വാങ്ങിക്കുടിക്കാന്‍ എന്തൊരാര്‍ത്തി. മനസ്സ് അസ്വസ്ഥമായി. സുരേഷിന്‍റെ മുഖത്ത് എന്തൊരു സന്തോഷം. വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ ഭക്ഷണവുമെത്തി. അവര്‍ തുറന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കത്തനാര്‍ പറഞ്ഞു.
“സുരേഷ്, ഇത് വിലക്കപ്പെട്ട കനിയാണ്. ഈ ദുശീലമൊന്ന് മാറ്റാന്‍ ശ്രമിക്ക്.”
അയാള്‍ യാന്ത്രികമായി പറഞ്ഞു.
“ശ്രമിക്കാം.”
കത്തനാര്‍ ഒരു താക്കീതുപോലെ ശാന്തനായി അറിയിച്ചു.
“മറിഞ്ഞു വീഴാത്തവനും മദ്യത്തില്‍ മറിഞ്ഞു വീഴും. ഇവനൊരു സ്വഭാവമുണ്ട്. അത് എന്തെന്നറിയാമോ? വഴക്കാളിയാ. വഴക്കില്ലെങ്കില്‍ വഴക്കുണ്ടാക്കി രക്തമെടുപ്പിക്കും. ഇത്രയേ എനിക്ക് പറയാനുള്ളൂ.” കത്തനാര്‍ ഭക്ഷണം കഴിച്ചിട്ട് വീണ്ടും വേദപുസ്തക വായന തുടര്‍ന്നു. ആകാശം വെള്ളിമേഘങ്ങളിലൂടെ സഞ്ചരിച്ചു. നീലമേഘങ്ങള്‍ സൂര്യപ്രഭയില്‍ തിളങ്ങി. വിമാനത്തില്‍ തണുപ്പനുഭവപ്പെട്ടു. സുരേഷ് ആദരവോടെ ചോദിച്ചു.
“അച്ചന്‍റെ കയ്യില്‍ പുസ്തകങ്ങള്‍ കണ്ടു. നോവലോ കഥയോ ഉണ്ടോ? എന്‍റെ പുസ്തകങ്ങള്‍ എല്ലാം പെട്ടിക്കുള്ളിലാണ്.”
“നോവലുണ്ട് അത് തരാം.”
പ്രകാശിച്ച മുഖത്തോടെ കത്തനാര്‍ പറഞ്ഞു. ഒരു നിമിഷം ആ മുഖത്തേക്ക് നോക്കിയിട്ട് ബാഗില്‍നിന്ന് ഒരു നോവല്‍ എടുത്തു കൊടുത്തു.
വായിക്കുന്ന വ്യക്തിയാകുമ്പോള്‍ സത്യവും നീതിയും വില്ക്കുന്നവനാകില്ല, വാങ്ങുന്നവനാകും. അറിവാണ് ശക്തി, ആയുധമല്ല. മണ്ണിലെ വിലയേറിയ സമ്പത്തായ അറിവുള്ളവന്‍ മുഴുക്കുടിയനാകാന്‍ പാടില്ല. കത്തനാരുടെ വാക്കുകളെ സുരേഷ് അനുസരിച്ചു.
അഭയകേന്ദ്രം തേടി വിമാനം പൊയ്ക്കൊണ്ടിരുന്നു. അതിനിടയില്‍ പലരും മദ്യം വാങ്ങി മോന്തിയെങ്കിലും സുരേഷ് പിന്നെ വാങ്ങിയില്ല. അച്ചന്‍റെ വാക്കുകള്‍ ഉള്ളില്‍ തങ്ങി നില്ക്കുന്നു.
വായനയിലായിരുന്ന കത്തനാര്‍ ഉറങ്ങിപ്പോയി. മനസ്സിന്‍റെ അനന്തതയില്‍ സുന്ദരിയായ ഹെരോദ്യയുടെ മുഖം തെളിഞ്ഞു വന്നു. ഭാര്യയും ഒരു കുഞ്ഞിന്‍റെ അമ്മയുമായ ഹെരോദ്യ കാമുകന്മാരെ തേടി പോകുന്നത് എന്താണ്? പുരുഷന്മാര്‍ അവളുടെ മുന്തിരിത്തോട്ടത്തിലേക്ക് വരുന്നത് എന്താണ്? അത് രാജാവിനെ കാണാനായിരുന്നില്ല. പ്രണയപരവശയായ ഹെരോദ്യയെ കാണാനായിരുന്നു. അവളുടെ മുലകള്‍ താമരപോലെ വിടര്‍ന്ന് നില്ക്കുന്നു. താഴ്വാരത്തിലെ തടാകത്തില്‍ കുളിക്കാന്‍ വരുമ്പോള്‍ അവളൊരു താമരപ്പൂവാണ്. ആ തടാകമവള്‍ക്ക് തോണിയാണ്. യിസ്രായേലിലുള്ള സ്ത്രീകളില്‍ വച്ച് അവള്‍ അതീവ സുന്ദരി. അവളുടെ കണ്ണുകളും കവിളും കഴുത്തിലെ മുത്തുമാലകളും പുരുഷന്‍റെ മനസ്സിനെ ഇളക്കിമറിക്കതന്നെ ചെയ്യും. അവളുടെ ഭര്‍ത്താവറിയാതെ അവള്‍ക്കൊരു നിത്യകാമുകനുണ്ട്. നെരോദ രാജാവ്. ഭര്‍ത്താവിന്‍റെ പൊന്നു സഹോദരന്‍. രാജധാനിയില്‍ ഒന്നിച്ചാണ് താമസമെങ്കിലും കൊട്ടാരങ്ങള്‍ അകലത്തിലാണ്. അവള്‍ കുളിക്കാന്‍ തടാകത്തില്‍ പോകുന്ന ദിവസം രാജാവ് ആരുടെയും കണ്ണില്‍പ്പെടാതെ കുതിരപ്പുറത്ത് വരും. ആ സായംസന്ധ്യയില്‍ പരിമളം വീശുന്ന സുഗന്ധം അവിടെ വീശും. അവള്‍ കുളിക്കുന്ന സമയം മറ്റാര്‍ക്കും അവിടേയ്ക്ക് പ്രവേശനമില്ല. രാജാവിന്‍റെ വരവിനായി അവള്‍ കാത്തുകാത്ത് കിടക്കും. കാട്ടുമരങ്ങള്‍ക്കിടയിലൂടെ കുതിരപ്പുറത്ത് രാജാവെത്തുന്നു. കുതിരയുടെ നിറം കറുപ്പാണ്. അവന്‍റെ മധുരശബ്ദം കാതുകളില്‍ മുഴങ്ങി. ഹെരോദ്യാ… അവന്‍ പലവട്ടം വിളിച്ചു. അവള്‍ പുളഞ്ഞതുപോലെ വിമാനവും കുലുങ്ങി. ഉറങ്ങിപ്പോയവരെല്ലാം കണ്ണു തുറന്നു. ഹെരോദ്യ ആകാശഗംഗയില്‍ മുങ്ങിപ്പോയി. ദുബായ് വിമാനത്താവളത്തില്‍ വിമാനമെത്തി. അവിടെനിന്നു കണക്ഷന്‍ ഫ്ളൈറ്റില്‍ ഗാറ്റ്വിക്കിലേക്ക്. സുരേഷിനു പകരം കൂടെയിരിക്കാന്‍ ഒരു അറബിയായിരുന്നു അവിടെനിന്ന്. ഭാഷയുടെ അതിരുകള്‍ പരിചയത്തെ അകറ്റി നിര്‍ത്തി. വേദ പുസ്തകം വായിച്ചിരുന്നു. വിമാനം താഴ്ന്നു പറന്നു. ഗാറ്റ് വിക്ക് വിമാനത്താവളം. യാത്രക്കാര്‍ പുറത്തേക്കിറങ്ങി നടന്നു.
എല്ലാവരും ലക്ഷ്യത്തിലെത്താന്‍ തിരക്കിട്ട് നടക്കുന്നു. അടുത്തുകൂടി കറുത്തവരും വെളുത്തവരും ധാരാളമായി നടക്കുന്നു. അവരുടെ നിറമല്ല, തനിക്ക്. കറപ്പും വെളുപ്പുമല്ലാത്ത നിറമാണ്. അവരെ എന്താണ് വിളിക്കുന്നതെന്നറിയില്ല. മനുഷ്യരുടെ തിരക്കിട്ട നടത്തം കാണുമ്പോള്‍ മണ്ണിലെ നിഴല്‍ ചിത്രങ്ങള്‍പോലെ തോന്നുന്നു. ഏതെല്ലാം ഭാഷകള്‍ സംസാരിക്കുന്നവരാണ് മുന്നിലൂടെ നടക്കുന്നത്. തന്‍റെ വേഷത്തിലുള്ള ഒരാളെപ്പോലും കാണാനില്ല. തിരുവനന്തപുരത്ത് നിന്ന് കയറുമ്പോള്‍ ആ കുപ്പായത്തിന് എന്തൊരു ബഹുമാനമാണു കിട്ടിയിരുന്നത്. ഇവിടെ ആരും തിരിഞ്ഞുനോക്കാനില്ല. അടുത്തുകൂടി പോയ ചിലരൊക്കെ ഈ കുപ്പായം ശ്രദ്ധിക്കുന്നതായി തോന്നി. ഇവിടെ ഇപ്പോള്‍ ചൂടുകാലമാണെന്നാണ് അറിഞ്ഞത്. നാട്ടിലെ ചൂട് വച്ചു നോക്കുമ്പോള്‍ ഇതും തനിക്കു തണുപ്പു തന്നെ. ചൂടു കാലത്ത് ഇവിടാരും ഈ കുപ്പായം ഇടില്ലായിരിക്കും.
അതാ തന്നെപ്പോലെ കുപ്പായമിട്ട ഒരാള്‍ അടുത്തുകൂടി നടക്കുന്നു. സമാധാനമായി. ഒരാളെങ്കിലുമുണ്ടല്ലോ. ദുബൈയില്‍ നിന്ന് കയറിയ ഏതെങ്കിലും വൈദികനായിരിക്കും. ഗള്‍ഫിലും ധാരാളം ക്രിസ്തീയ പള്ളികള്‍ ഉയരുന്നുണ്ട്. നൂറ്റൂണ്ടുകള്‍ക്കു മുന്‍പ് തകര്‍ത്ത പള്ളികളുടെ സ്ഥാനത്ത് വീണ്ടും പള്ളികള്‍ ഉയരുന്നു.
അടുത്തുവന്ന കുപ്പായമിട്ടയാള്‍ സ്നേഹപൂര്‍വ്വം പറഞ്ഞു.
“അസലാമും അലൈക്കും.”
കത്തനാര്‍ മിഴിച്ചുനോക്കി. അയാള്‍ അറബിയില്‍ എന്തോ ഒക്കെ ചോദിച്ചു. കത്തനാരുടെ കണ്ണു തള്ളിവന്നതല്ലാതെ മറ്റൊന്നും പറയാന്‍ കഴിഞ്ഞില്ല. അയാള്‍ വീണ്ടും ചോദ്യമുയര്‍ത്തി. കത്തനാരുടെ മുഖം ഇരുണ്ടു. എങ്ങനെ ഇയാളുടെ മുന്നില്‍ നിന്ന് രക്ഷപെടും. മനസ്സ് വ്യാകുലപ്പെട്ടു. എന്നിട്ട് ക്ഷമയോടെ പറഞ്ഞു.
“അയാം ഫ്രം ഇന്‍ഡ്യ.”
അറബി പെട്ടെന്ന് സോറി പറഞ്ഞ് മുഖം തിരിച്ചു നടന്നു. അച്ചന്‍ ദീര്‍ഘമായിട്ടൊന്ന് നിശ്വസിച്ചു. അയാളുടെ അറബിഭാഷ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. അയാളുടെ വേഷവും നിറവും എല്ലാം ഒന്നുപോലെയായിരുന്നു. അയാളും എന്നെപ്പോലെ തെറ്റിദ്ധരിച്ചു കാണും. തലയില്‍ കിടന്ന വെള്ളത്തോര്‍ത്ത് താഴേക്ക് നീണ്ടു നിവര്‍ന്നു കിടന്നതാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണമായത്. ഒരറബിയായി ആര്‍ക്കും തെറ്റിദ്ധരിക്കാം. വിമാനത്തിലിരുന്നപ്പോള്‍ നല്ല തണുപ്പായിരുന്നു. തലയില്‍ തണുപ്പടിക്കാതിരിക്കാന്‍ തലയില്‍ ഇട്ടതാണ്. അതിനാല്‍ ഞാനൊരു അറബിയായി മാറി. പാശ്ചാത്യരുടെ വേഷവിതാനങ്ങളെപ്പറ്റി കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ നേരില്‍ കാണുന്നു. ഇവിടെ തുണികള്‍ക്കും ഇത്ര ക്ഷാമമാണോ? പ്രേമം വീഞ്ഞിലും രസമെങ്കില്‍ ഇവിടെ നഗ്ന ശരീരങ്ങളാണ് രസമെന്ന് തോന്നി. സ്വീകരിക്കാന്‍ പള്ളി സെക്രട്ടറി സീസ്സര്‍ ബര്‍നാട് കസ്തൂരിമഠം കാത്തു നില്‍ക്കുമെന്നാണ് ഫോണില്‍ പറഞ്ഞിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more