1 GBP = 106.56
breaking news

കേംബ്രിഡ്ജ് നഗരപിതാവ് മലയാളിയോ – (കാരൂര്‍ സോമന്‍, ചാരുംമൂട്)

കേംബ്രിഡ്ജ് നഗരപിതാവ് മലയാളിയോ – (കാരൂര്‍ സോമന്‍, ചാരുംമൂട്)

ലോക സര്‍വ്വകലാശാലകളില്‍ മുന്‍നിരയിലുള്ള ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് നഗരപിതാവ് ഒരു മലയാളി സോളിസിറ്റര്‍ ബൈജു തിട്ടാല എന്ന് കേള്‍ക്കുമ്പോള്‍ ലോക മലയാളികള്‍ക്ക് അതിരറ്റ ആശ്ചര്യവും ജിജ്ഞാസയുമുണ്ടാകുക സ്വാഭാവികമാണ്. സൂര്യനുദിച്ചുയരുന്നതുപോലെ ഹരിതശോഭ നിറഞ്ഞുനില്‍ക്കുന്ന, വെള്ളക്കാരുടെ കോട്ടയില്‍ നാല്പത്തി രണ്ട് കേംബ്രിഡ്ജ് ബ്രിട്ടീഷ് കൗണ്‍സിലിലെ എക മലയാളി കോട്ടയം ആര്‍പ്പൂക്കര ഒരു കര്‍ഷകത്തൊഴിലാളിയുടെ മകന്‍ മേയര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടത് മലയാളികള്‍ക്ക് അഭിമാനമാണ്. അപ്പോള്‍ ചോദിക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യന്‍ വംശജനല്ലേ? അത് ഇന്ത്യക്കാരന് അഭിമാനമാണ്. എന്നാല്‍ വിദ്യാഭ്യാസത്തിന്‍റെ സുഗന്ധം പരക്കുന്ന 1029 ല്‍ സ്ഥാപിതമായ ആഴമേറിയ വേരുകളുളള കേംബ്രിഡ്ജ് മലയാളി മേയര്‍ നമ്മുടെ സംസ്കാരത്തിന്‍റെ ഒരു ഐതിഹാസിക ചരിത്രമാണ്. ഇംഗ്ലീഷ്കാരുടെ സംസ്കാരവും സ്വത്വവും തനിമയും മനസ്സിലാക്കി ചങ്ക് നീറി നില്‍ക്കുന്നവര്‍ക്ക് ഒരു സഹായിയായി ചങ്കൂറ്റത്തോടെ എത് പാതിരാവിലും കടന്നുവരുന്ന വ്യക്തിത്വമാണ് ബൈജു തിട്ടാലക്കുളളതെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അത് ജനപ്രീതി നേടാനോ വര്‍ഗ്ഗ സമരം കെട്ടിപ്പടുക്കാനോ അല്ല മറിച്ചു പൊതുതാല്പര്യം മുന്‍നിര്‍ത്തി അവരുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന ഒരു ജനസേവകനെയാണ് കണ്ടത്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു പല തൊഴിലുകള്‍ ചെയ്തുവന്ന ബൈജു തിട്ടാലക്ക് അനുഭവ സമ്പത്തുധാരാളമാണ്. ഇവിടുത്തെ തൊഴില്‍ മേഖലകളില്‍ പ്രേത്യകിച്ചും കെയര്‍ ഹോമുകളില്‍ മലയാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍, എജന്‍സികളാല്‍ വഞ്ചിക്കപ്പെട്ടവര്‍, മെഡിക്കല്‍ രംഗത്ത് നേഴ്സ് നേരിടുന്ന പീഢനങ്ങള്‍ ഇവിടെയെല്ലാം ബൈജു തിട്ടാലയുടെ ഇടപെടല്‍ ഒരു പുണ്യമായി കണ്ടിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ഉല്ലാസയാത്രക്ക് വരുന്ന അധികാരികള്‍ക്ക് ഇതൊന്നും കാണാനോ കേള്‍ക്കാനോ സമയമില്ല. ഈ കൂട്ടരെ പൊക്കിക്കൊണ്ടുനടക്കാന്‍ സ്വാര്‍ത്ഥമതികളായ കുറെ തട്ടിക്കുട്ട് സംഘടനകളും മെനഞ്ഞെടുത്തിട്ടുണ്ട്. ഈ കൂട്ടര്‍ക്ക് ഒറ്റ ലക്ഷ്യമേയുളളു മാധ്യമങ്ങളില്‍ പേരും പടവും വരണം കേരളത്തില്‍ കുറെ വോട്ട് ലഭിക്കണം. അല്ലാതെ ഇവിടേക്ക് വരുന്നവര്‍ക്ക് വേണ്ടുന്ന ബോധവല്‍ക്കരണം നടത്താനോ അവരുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനോ സാധിച്ചിട്ടില്ല. ഇവിടുത്തെ നിയമ സംവിധാനങ്ങളെപ്പറ്റി ഇവിടെ വരുന്നവര്‍ അജ്ഞരും നിസ്സാരരുമാണ്. ആ അസ്വസ്ഥതയുടെ ഹൃദയനൊമ്പരത്തിന്‍റെ നാള്‍വഴികളില്‍ അവരുടെ മുന്നിലൂടെ കണ്ണടച്ചു പോകാതെ കാവലാളായി പര്യാപ്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി നിയമ പരിരക്ഷ കൊടുക്കുന്നത് കലര്‍പ്പില്ലാത്ത മനുഷ്യത്വമാണ്, ഹൃദയവിശാലതയാണ്. നമ്മുടെ രാജ്യത്തെങ്കില്‍ ആദ്യം നോക്കുക എത്േ പാര്‍ട്ടിയാണ്, എത്േ ജാതിയാണ്. ഇവിടെ ആ പരിപ്പ് വേവില്ല. ചില സീറ്റികളില്‍ ഇവിടേക്ക് കുടിയേറിയ ജാതിക്കോമരങ്ങള്‍ ആ പരിപ്പ് വേവിക്കുന്നത് തെരഞ്ഞെടുപ്പുകളില്‍ കാണാറുണ്ട്. നമ്മുടെ നാട്ടില്‍ ഏതെങ്കിലും അധികാര പദവി ലഭിച്ചാല്‍ ആനപ്പുറത്തെന്ന് ചിന്തയുണ്ട്. ഇവിടെയും മുന്‍കാലങ്ങളില്‍ ചിലര്‍ കഴുത്തില്‍ അധികാരച്ചങ്ങല മാലയിട്ട് പൊങ്ങച്ചം കാണിക്കാനും വാര്‍ത്തകളില്‍ ഇടം നേടാനും ശ്രമിച്ചിട്ടുണ്ട്. ബൈജു തിട്ടാലക്ക് താന്‍ ആകാശം മുട്ടെ ഉയരുകയെന്നോ പൊതുരംഗത്ത് ഈ മാല ഉപയോഗിക്കുന്നതോ കണ്ടിട്ടില്ല. ഇന്നത്തെ സാമൂഹ്യ ജീര്‍ണ്ണതകള്‍ക്കെതിരെ തുറന്നടിക്കുന്ന ശക്തമായ ധീരതയും ബൈജു തിട്ടാലയില്‍ കാണാറുണ്ട്.
ഇന്ത്യയില്‍ കാണുന്നവിധമുളള ശബ്ദമലിനീകരണമോ സംഗീത മൃദംഗ ചെണ്ടമേളങ്ങളോ, ബാനറുകളോ ചുവരെഴുത്തുകളോ വര്‍ഗ്ഗിയ വിഷം ചീറ്റുന്ന പ്രസംഗങ്ങളോ, ടിവി, കമ്പ്യൂട്ടര്‍, പണം കൊടുത്തു വോട്ട് നേടുക, ജാതി പറഞ്ഞ് വോട്ടു നേടുക, മുന്നോക്ക പിന്നോക്ക വിഭാഗമൊന്നും നോക്കാതെ ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്ന പ്രക്രിയയാണ് വികസിത രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കാണുന്നത്. അറിവും വിവേകവുമുളള ബ്രിട്ടീഷ് ജനത ആരെയും തൃപ്തിപ്പെടുത്താന്‍ പ്രലോഭനങ്ങളില്‍ വീഴാറില്ല. ആ രാഷ്ട്രിയതയുടെ മേല്‍ സാമൂഹ്യ സാംസ്കാരിക വളര്‍ച്ചയാണ് എല്ലാവരുടെയും ലക്ഷ്യം. അല്ലാതെ അധികാരം കിട്ടിയാല്‍ സ്വന്തം കുടുംബ-വാലാട്ടികള്‍ക്ക് വീതം വെക്കാനുളളതല്ല രാജ്യത്തിന്‍റെ സമ്പത്തു. അധികാരാത്തിലിരുന്ന് വക്രതയുടെ വികൃതിയോ, അഴിമതിയോ, പൗരന്മാരുടെ നികുതിപ്പണമെടുത്തു ധൂര്‍ത്തോ നടത്തിയാല്‍ അവരൊന്നും പിന്നീട് ആ പദവിയില്‍ കാണില്ല. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം പലപ്പോഴും നമ്മേ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ബൈജു തിട്ടാല മുന്നോട്ട് വെക്കുന്ന സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പാവങ്ങള്‍ക്ക് വേണ്ടിയും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുളളതാണ്. ആട്ടിന്‍ കൂട്ടത്തെ പരിപാലിക്കേണ്ടത് ആട്ടിടയന്‍റെ കര്‍ത്തവ്യമാണ്. കൂട്ടം തെറ്റാതിരിക്കണമെങ്കില്‍ ജാഗ്രത, തുല്യ സംരക്ഷണം വേണം. ആട്ടിടയന് വഴിതെറ്റിയാല്‍ ആട്ടിന്‍കൂട്ടം പല വഴികളില്‍ സഞ്ചരിക്കും. ബൈജു തിട്ടാലയില്‍ കണ്ട ആ ശാസ്ത്ര വീക്ഷണമാണ് വിജയത്തിന് ആദരം.
ലണ്ടനില്‍ മുന്‍പും മലയാളി മേയര്‍മാരുണ്ടായിട്ടുണ്ട്. അതില്‍ എടുത്തു പറയാവുന്നത് ഏറ്റവും കൂടുതല്‍ ബ്രിട്ടീഷ് ജനസാന്ദ്രതയുളള ലോട്ടണ്‍ ടൗണിന്‍റെ മേയറായി തെരെഞ്ഞെടുക്കപ്പെട്ട കോഴഞ്ചേരിക്കാരന്‍ ഫിലിപ്പ് എബ്രഹാമാണ്. യുകെ-കേരള ബിസിനസ് ഫോറത്തിന്‍റെ സ്ഥാപകനും ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ ഒഫ് കൊമേഴ്സിന്‍റെ സഹസ്ഥാപകനും ഇംഗ്ലീഷ് മലയാളം പത്രമായ കേരള ലിങ്കിന്‍റെ എഡിറ്ററുമാണ്. മറ്റൊരാള്‍ ഏഷ്യന്‍ വംശജരുള്ള ജനശ്രദ്ധ നേടിയ ലണ്ടനിലെ ക്രോയ്ടോണില്‍ നിന്ന് വിജയിച്ച മഞ്ജു ഷാഹുല്‍ ഹമീദ് ആണ്.

കൗമാരപ്രായത്തില്‍ മനസ്സില്‍ ഉടലെടുക്കുന്ന ആഗ്രഹങ്ങള്‍ പലതാണ്. ഒന്നും അസാധ്യമല്ലെന്ന് നെപ്പോളിയന്‍ പറഞ്ഞിട്ടുണ്ട്. ബൈജു തിട്ടാലയുടെ ആഗ്രഹം അഭിഭാഷകനാകുക, രാഷ്ട്രീയക്കാരനായി വളരണമെന്നായിരുന്നു. എല്ലാ മനുഷ്യര്‍ക്കും സ്വപ്നങ്ങളും ഇച്ഛകളുമുണ്ട്. യൂറോപ്പില്‍ നിന്ന് ഏഷ്യയിലെത്തിയ ആര്യന്മാരെപോലെ കൊച്ചുകേരളത്തില്‍ നിന്ന് നേഴ്സായ ഭാര്യ വഴി സമാധാന ജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്‍ കഷ്ടപ്പാടുകളിലൂടെ വളര്‍ന്ന് നിയമത്തില്‍ ഉന്നത വിജയം നേടി സമ്പന്നമാര്‍ന്ന സംഗീത സാഹിത്യ വിദ്യാഭ്യാസ ഉത്കൃഷ്ട സംസ്കാരമുള്ള കേംബ്രിഡ്ജില്‍ ആ സ്വപ്ന സങ്കേതത്തിലെത്തി അഭിലാഷം പൂര്‍ത്തീകരിച്ചിരിക്കുന്നു. ഇത് വരും തലമുറക്ക് മാതൃകയാണ്. പുരോഗമനാത്മകമായ ചിന്താധാരകള്‍ക്ക് തിരികൊളുത്താനും മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്ന ഒരു കാരണവരായി മാറാനും വരും നാളുകളില്‍ ലേബര്‍ പാര്‍ട്ടിയുടെ എം.പി.അല്ലെങ്കില്‍ മന്ത്രിയാകാനും സൂര്യനസ്തമിക്കാത്ത ഈ രാജ്യത്ത് അവസരങ്ങളുണ്ടാകട്ടെ.

ആശംസകള്‍.

കാരൂര്‍ സോമന്‍, ചാരുംമൂട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more