1 GBP = 108.38

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള 2024 രജിസ്ട്രേഷന് ആവേശം നിറഞ്ഞ തുടക്കം.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള 2024 രജിസ്ട്രേഷന് ആവേശം നിറഞ്ഞ തുടക്കം.

ജൂൺ 22ന് വാറിംഗ്ടണിലെ വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള രജിസ്ട്രേഷന് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിയോടെ സമ്മാനദാനത്തോടെ അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ പോരായ്മകൾ പരിഹരിച്ച് ചാംപ്യൻ പട്ടം നിലനിർത്താൻ ഓരോ മത്സരാർത്ഥികളും കഠിന പരിശീലനം നടത്തുന്നൂ എന്നതും അതോടൊപ്പം തന്നെ യുക്മ അംഗ അസോസിയേഷനുകളെല്ലാം ഏറ്റവും മികച്ച ടീമിനെ തന്നെ പങ്കെടുപ്പിക്കാൻ അക്ഷീണം പ്രയത്നിച്ചു വരുന്നൂ എന്നതും കായികമേളയുടെ ആവേശം വിളിച്ചറിയിക്കുന്നു.

ഇതിനോടകം എല്ലാ അംഗ അസ്സോസിയേഷനുകൾക്കും കായികമേള നിയമാവലിയും പോർട്ടൽ വഴി രജിസ്ട്രേഷന് വേണ്ട നിർദേശങ്ങളും നൽകി കഴിഞ്ഞു. ദേശീയ കായികമേളയുടെ നിയമാവലിയിൽ നിന്നും രജിസ്ട്രേഷൻ ഫീസ് സംബന്ധിച്ച് നോർത്ത് വെസ്റ്റ് റീജിയണൽ തലത്തിൽ മാത്രം അംഗ അസ്സോസിയേഷനുകളുടെ അഭ്യർത്ഥന മാനിച്ച് ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. അസ്സോസിയേഷനുകൾക്ക് ഒറ്റത്തവണ ഫീസ് ആയ £75 നൽകി പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുവാനാണ് അവസരം ഒരുക്കിയിരിക്കുന്നത്. ഒറ്റത്തവണ ഫീസ് അടയ്ക്കാതെ വ്യക്തിഗത ഇനങ്ങൾക്ക് പങ്കെടുക്കുവാൻ ഓരോ മത്സരത്തിനും £5 വീതവും 3 വ്യക്തിഗത ഇനങ്ങൾക്ക് £12 എന്നും പരിമിതപ്പെടുത്തിയിട്ടുമുണ്ട്. റിലേ മത്സരങ്ങൾക്ക് £16 ആണ് വ്യക്തിഗതമായി പങ്കെടുക്കുവാൻ രജിസ്ട്രേഷൻ ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും കരുത്തിന്റെ പര്യായമായി നിലകൊള്ളുന്ന വടംവലി മൽസരത്തിന് £25 ആണ് റജിസ്ട്രേഷൻ ഫീസ്. വിജയികൾക്ക് ലൈജു മാനുവൽ സ്പോൺസർ ചെയ്തിരിക്കുന്ന എവർ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും ലഭിക്കുന്നതായിരിക്കും.

നോർത്ത് വെസ്റ്റിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിൽ ഒന്നായ വാരിംഗ്ടൺ വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിലെ വിശാലമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് റീജിയണൽ കായികമേള നടത്തുവാൻ സാധിക്കുക എന്നത് തന്നെ ഇപ്രാവശ്യത്തെ പ്രത്യേകതയാണ്.

വാറിംഗടൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള 2024 ഒരു വൻ വിജയം ആക്കി മാറ്റാൻ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ബിജു പീറ്ററിന്റെയും സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, കോർഡിനേറ്റർമാരായ തങ്കച്ചൻ എബ്രഹാം, സനോജ് വർഗ്ഗീസ്, നാഷണൽ എക്സിക്യൂട്ടീവ് ജാക്സൺ തോമസ്, വാരിംഗ്ടൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയ്ക്കൽ, സെക്രട്ടറി പ്രമീള ജോജോ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് ഒരുക്കങ്ങൾ നടത്തിവരുന്നത്. അതോടൊപ്പം തന്നെ യുക്മ നാഷണൽ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, നാഷണൽ വൈസ് പ്രസിഡൻറ് ഷീജോ വർഗ്ഗീസ്, യുക്മ പി.ആർ.ഒ അലക്സ് വർഗ്ഗീസ് തുടങ്ങിയവരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ കായികമേള കുറ്റമറ്റതാക്കാൻ സഹായിക്കും.

റീജിയണൽ കായികമേളയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്കാണ് ജൂൺ 29ന് സട്ടൻ കോൾഡ് ഫീൽഡിൽ നടക്കുന്ന യുക്മ ദേശീയ കായിക മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്.

കായികമേള രജിസ്ട്രേഷനുള്ള അവസാന തീയതി ജൂൺ 15 ആണ്. കായികമേള സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ കോർഡിനേറ്റർ തങ്കച്ചൻ എബ്രഹാമിനെ ബന്ധപ്പെടാവുന്നതാണ്- 07883022378.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more