1 GBP = 105.70

നരേന്ദ്രമോദി വീണ്ടും അയോധ്യയിൽ; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

നരേന്ദ്രമോദി വീണ്ടും അയോധ്യയിൽ; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

അയോധ്യയിൽ വീണ്ടും സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോ​ദി. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷം മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ക്ഷേത്ര പരിസരത്ത് റോഡ് ഷോയും നടത്തി. ജനുവരി 22 ന് അയോധ്യയിൽ പ്രാണ പ്രതിഷ്ഠ നടന്നതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ദർശനമാണിത്.

93 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട പ്രചാരണത്തിൻ്റെ സമാപനത്തോടൊപ്പമായിരുന്നു മോദിയുടെ അയോധ്യ സന്ദർശനം. മോദിയുടെയും യോഗി ആദിത്യനാഥിൻ്റെയും കട്ടൗട്ടുകൾ അയോധ്യയിലേക്കുള്ള വഴിയിൽ അലങ്കരിച്ചിട്ടുണ്ട്. അഞ്ചാം ഘട്ടത്തിൽ മെയ് 20നാണ് അയോധ്യയിലെ ഫൈസാബാദിൽ വോട്ടെടുപ്പ്. ക്ഷേത്രത്തിൽ പ്രാർഥനകൾ നടത്തിയ ശേഷമാണ് പ്രധാനമന്ത്രി റോഡ്‌ഷോ ആരംഭിച്ചത്. ഫൈസാബാദ് ബിജെപി സ്ഥാനാർത്ഥി ലല്ലു സിങ്ങും ഒപ്പമുണ്ടായിരുന്നു.

ഉത്തർപ്രദേശിലെ ഇറ്റാവയിലും ധൗരഹ്‌റയിലും നടന്ന പൊതുയോഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. കോൺ​ഗ്രസിനെയും സമാജ്വാദി പാർട്ടിയെയും കടന്നാക്രമിച്ച മോദി, ഇരുപാർട്ടികളുടെയും ഉദ്ദേശങ്ങൾ നല്ലതല്ലെന്നും അവരുടെ മുദ്രാവാക്യങ്ങൾ കള്ളമാണെന്നും വിമർശിച്ചു. ഇരുപാർട്ടികളും പ്രവർത്തിക്കുന്നത് അവരുടെ കുടുംബങ്ങൾക്കും അവരുടെ വോട്ട് ബാങ്കുകൾക്കും വേണ്ടി മാത്രമാണ്. എന്നാൽ സത്യസന്ധതയോടെ ജനങ്ങളെ സേവിക്കലാണ് തന്റെ ധർമം. ചിലർ മെയിൻപുരി, കനൗജ്, ഇറ്റാവ എന്നിവയെ തങ്ങളുടെ പൈതൃകമായി കണക്കാക്കുമ്പോൾ മറ്റുചിലർ അമേഠിയെയും റായ്ബറേലിയെയും പൈതൃകമായി കണക്കാക്കുന്നതെന്ന് കോൺ​ഗ്രസിനെയും മോദി വിമർശിച്ചു.

ഇന്ത്യാ സഖ്യത്തിലെ അംഗങ്ങളായ എസ്പിയും കോൺഗ്രസും സഖ്യകക്ഷികളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ‘എസ്പിയും കോൺഗ്രസും തിെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അവരുടെയും കുട്ടികളുടെയും ഭാവിക്ക് വേണ്ടിയാണ്. അവർ കുടുംബങ്ങൾക്കും വോട്ട് ബാങ്കുകൾക്കും നേട്ടമുണ്ടാക്കാൻ മാത്രമാണ് പ്രവർത്തിക്കുന്നത്’ മോദി ആരോപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more