പാട്ടും ഡാൻസും അടിപൊളി ഡിജെയുമായി ആടിതകർത്ത് എക്സിറ്റർ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം; ഇന്നുവരെ കാണാത്ത ആഘോഷരാവിന് സാക്ഷ്യം വഹിച്ച് എക്സിറ്റർ മലയാളി സമൂഹം
May 04, 2024
ജോയ് ജോൺ
പുതുമയാർന്നതും വ്യത്യസ്തവുമായ പരിപാടികൾ കോർത്തിണക്കി അണിയിച്ചൊരുക്കിയ എക്സിറ്റർ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം എക്സിറ്ററിലെ മലയാളി സമൂഹം കെങ്കേമമായി കൊണ്ടാടി. പിൻഹോയിലെ അമേരിക്ക ഹാൾ നിറഞ്ഞെത്തിയ കാണികൾ പാട്ടും ഡാൻസും ഒപ്പം ഡിജെക്കൊപ്പം നൃത്തചുവടുകളുമായി ആടിതകർത്തപ്പോൾ എക്സിറ്റർ മലയാളി സമൂഹം ഇന്നുവരെ കാണാത്ത ആഘോഷരാവായി അത് മാറി. ഉയിർത്തെഴുന്നേൽപ്പിന്റെ സന്തോഷവും, കണികാണലിന്റെ നിർവൃതിയും, ചെറിയപെരുന്നാളിന്റെ ആനന്ദവും ഒത്തുചേർന്ന ആഘോഷത്തിന്റെ തുടക്കത്തിൽ അതിമനോഹരമായി ഒരുക്കിയ വിഷുക്കണിയും കുട്ടികൾക്കെല്ലാം വിഷുക്കൈനീട്ടവും, ഈസ്റ്റർ എഗും കൂടാതെ വന്നെത്തിയവർക്കെല്ലാം ഉണ്ണിയപ്പവും നൽകിയത് ഹൃദ്യമായോരനുഭവമാണ് ഏവർക്കും നൽകിയത്. വെൽക്കം ഡാൻസിലെ അതിമനോഹരമായ ഗാനങ്ങൾക്കിടയിൽ മതസാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതി എല്ലാ മതവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നവർ ഒരുമിച്ചെത്തിയത് പുതുമായർന്ന അനുഭവമായി.
ചെയർമാൻ മോഹൻകുമാറിനൊപ്പം മറ്റു ഭാരവാഹികളും നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളും ഒരുമിച്ച് വിളക്കുകത്തിച്ചാണ് ഈസ്റ്റർ വിഷു ഈദ് ആഘോഷം ഉൽഘാടനം ചെയ്തത്. വന്നുചേർന്ന എല്ലാവരെയും സെക്രട്ടറി ജസ്റ്റിൻ ജെയിംസ് സ്വാഗതം ചെയ്യുകയും, പ്രസിഡന്റ് ജിബു ജോസ് അസോസിയേഷന്റെ പ്രവർത്തനങ്ങളെപ്പറ്റി സംസാരിക്കുകയും ബെൻസൺ ആന്റണി ഈസ്റ്റർ വിഷു ഈദ് സന്ദേശം നൽകുകയും ചെയ്തപ്പോൾ ജോയിന്റ് സെക്രട്ടറി ഐശ്വര്യ നിഖിൽ നന്ദി പ്രകാശനം നടത്തി. കൃത്യമായ സമയനിഷ്ട പാലിച്ചുകൊണ്ടും നിലവാരമേറിയ പരിപാടികൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടും പ്രോഗ്രാം കോഡിനേറ്റർമാരായ ജോബി തോമസും, ജയദേവ് സോജും, ബിനു റോഷനും, ഐശ്വര്യ നിഖിലും പ്രോഗ്രാം നിയന്ത്രിച്ചപ്പോൾ വന്നെത്തിയവരെല്ലാം ആദ്യാവസാനം യാതൊരു വിരസതയും അനുഭവപ്പെടാതെ പരിപാടികൾ ആസ്വദിച്ചു.
ഇമയിലെ കലാകാരന്മാരുടെ ഇമ്പമേറിയ ഗാനങ്ങളും, മാധുരി ടീച്ചർ പരിശീലിപ്പിക്കുന്ന ഇമ ഡാൻസ് ക്ലാസ്സിലെ കുട്ടികളുടെ നയനമനോഹരമായ ക്ലാസിക്കൽ ഡാൻസും, ബോളിവുഡിനെ വെല്ലുന്ന നൃത്തചുവടുകളുമായി സിനിമാറ്റിക് ഡാൻസുകളും, ഒപ്പനയും, പെറ്റിക്കോട്ടുഡാൻസും പറഞ്ഞറിയിക്കാനാവാത്ത ദൃശ്യവിരുന്നാണ് കാണികൾക്ക് നൽകിയത്. ഒപ്പം LED സ്ക്രീനും, ഹൈവാട്ട് സൗണ്ട് സിസ്റ്റവുമായി അമേരിക്ക ഹാളിനെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ച ABS ലണ്ടന്റെ ഡിജെയും, ലൈറ്റ് ഷോയും, ചെണ്ട ഫ്യൂഷനും, വാട്ടർ ഡ്രമും കൂടിയായപ്പോൾ ആഘോഷരാവിന് വന്നെത്തിയവർക്ക് ഉത്സവപ്രതീതിയായിരുന്നു അനുഭവപ്പെട്ടത്. ആകർഷകങ്ങളായ സമ്മാനങ്ങൾ ഉൾപ്പെടുത്തിയ റാഫിൾ ഡ്രോയും, രുചിയേറിയ ഭക്ഷണവും പരിപാടികളുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. ജോയിന്റ് സെക്രട്ടറി ആനന്ദ് ഉണ്ണി, ട്രഷറർ ബിജോയി വറുഗീസ്, PRO ജോയി ജോൺ എന്നിവരെ കൂടാതെ കമ്മിറ്റി മെമ്പർമാരായ ജോൺ റോബർട്ട്, പ്രദീപ് അച്യുതൻ, പ്രദീപ് കുഴിക്കാട്ടിൽ, രതീഷ് രവീന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആഘോഷരാവിന് എത്തിച്ചേർന്നവർക്കെല്ലാം സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചതിനുശേഷം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ദേശീയഗാനാലാപനത്തോടെ പരിപാടികൾ കൃത്യസമയത്തു പര്യവസാനിച്ചു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages