അരുണാചല്‍ പ്രദേശില്‍ കോട്ടയം സ്വദേശികളായ ദമ്പതികളുടെയും അധ്യാപികയുടെയും മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്യഗ്രഹ ജീവിതത്തെ കുറിച്ചുള്ള അധ്യാപിക ആര്യയുടെ ഇ മെയില്‍ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. ആര്യയുടെ സുഹൃത്തുക്കളാണ് 2021ലെ ഇ മെയില്‍ വിവരങ്ങള്‍ പൊലീസിന് നല്‍കിയത്. അരുണാചലിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തത് നവീന്‍ ആണെന്നാണ് നിഗമനം. ദേവിയെയും ആര്യയെയും അരുണാചലിലേക്ക് പോകാന്‍ നവീന്‍ സ്വാധീനിച്ചു. മരണശേഷം മറ്റൊരു ഗ്രഹത്തില്‍ സുഖജീവിതമെന്ന് ഇരുവരെയും വിശ്വസിപ്പിച്ചു. മരണം എപ്രകാരം വേണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ദേവിയും നവീനും യാത്ര പോകുന്നതിന് ഒരാഴ്ച മുന്‍പാണ് തിരുവനന്തപുരത്ത് എത്തിയത്. കഴക്കൂട്ടം ഭാഗത്താണ് ഇവര്‍ കഴിഞ്ഞത്. എന്നാല്‍ പിന്നീട് മുറിയില്‍ നിന്നും പുറത്തിറങ്ങിയില്ല. മുറിക്കുള്ളില്‍ ഇരുന്ന് ഇവര്‍ അന്യഗ്രഹ വിശ്വാസങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തെരഞ്ഞിരുന്നു. ആര്യയുടെയും ദേവിയുടെയും കൈത്തണ്ട മുറിച്ച് അവരെ കൊലപ്പെടുത്തിയ ശേഷം നവീന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് അരുണാചല്‍ പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു ആര്യയുടേതെന്ന് ബന്ധുക്കള്‍ പറയുന്നു. സ്‌കൂളില്‍ നിന്ന് വിനോദയാത്രക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആര്യയെ കാണാതായതോടെ വീട്ടുകാര്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആര്യയുടെ പിതാവ് വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശി അനില്‍കുമാര്‍ ലാറ്റക്സിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ഫ്രഞ്ച് അധ്യാപികയായിരുന്നു ആര്യ. വീട്ടിലും കുട്ടികളെ പഠിപ്പിച്ചിരുന്നു.
ആര്യയെ കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് കാണാതായിരുന്നു. വീട്ടുകാരോട് പറയാതെ ഇറങ്ങിപ്പോകുകയായിരുന്നെന്നാണ് വിവരം. ബന്ധുക്കളുടെ പരാതിയില്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ആര്യ നവീനും ദേവിക്കും ഒപ്പമുണ്ടെന്ന് കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഗുവാഹട്ടിയിലേക്ക് ഇവര്‍ പോയതായി കണ്ടെത്തിയിരുന്നു. വിനോദ യാത്രക്ക് പോകുകയാണെന്ന് പറഞ്ഞാണ് നവീനും ദേവിയും വീട്ടില്‍ നിന്നിറങ്ങിയത്.
ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്‌കൂളില്‍ ദേവിയും ജോലി ചെയ്തിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. മുന്‍പ് ഇതേ സ്‌കൂളില്‍ ദേവി ജര്‍മന്‍ പഠിപ്പിച്ചിരുന്നു. പിന്നീട് ദേവി അധ്യാപനം ഉപേക്ഷിച്ചെങ്കിലും ഫോണില്‍ ആര്യയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ദുര്‍മന്ത്രവാദ സാധ്യത തള്ളാതെ അന്വേഷണം തുടരുകയാണ് പൊലീസ്.
click on malayalam character to switch languages