1 GBP = 105.56
breaking news

ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലെ സ്ഥാനാർത്ഥികളുടെ വനിതാ പ്രാതിനിധ്യത്തിൽ മുന്നിൽ BJP

ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലെ സ്ഥാനാർത്ഥികളുടെ വനിതാ പ്രാതിനിധ്യത്തിൽ മുന്നിൽ BJP

സ്ത്രീശാക്തീകരണത്തെ കുറിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളെല്ലാം വാതോരാതെ സംസാരിക്കും. എന്നാൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാര്യം വരുമ്പോൾ പുറത്തിരിക്കാനാണ് വനിതകളുടെ വിധി. കേരളത്തിൽ നിന്ന് ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിൽ നിന്ന് ഒമ്പത് വനിതകൾ മാത്രമാണ് ലോക്സഭയിലെത്തിയത്. കേരളത്തിൽ ഇന്നുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലെയും വോട്ടർ പട്ടിക പരിശോധിച്ചാൽ വനിതകളാണ് കൂടുതൽ. എന്നാൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിലെ സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായിരിക്കുകയാണ്. മൂന്ന് മുന്നണികളുടെ 60 സ്ഥാനാർഥികളും കളം നിറഞ്ഞിരിക്കുകയാണ്. എന്നാൽ‌ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ ക്ഷമ മുഹമ്മദിന്റെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള പരാമർശം ഏറെ ചർച്ചയായിരുന്നു. എല്ലാ മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇതിൽ സ്ത്രീ പ്രാതിനിധ്യത്തിൽ മുന്നിൽ നിൽക്കുന്നത് ബിജെപിയാണ്. 20 മണ്ഡലങ്ങളിലായി ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി അഞ്ചു സ്ത്രീകളെയാണ് കളത്തിലിറക്കിയിരിക്കുന്നത്.

20 മണ്ഡലങ്ങളിൽ 9 വനിതകളാണ് മത്സരരം​ഗത്തുള്ളത്. ബിജെപി നയിക്കുന്ന എൻഡിഎ അഞ്ചും, എൽ‍ഡിഎഫ് മൂന്നും, കോൺ​ഗ്രസ് ഒന്ന് എന്നങ്ങിനെയാണ് മുന്നിണികളിലെ വനിതാ പ്രാതിനിധ്യം. ആലത്തൂർ, ആലപ്പുഴ, കാസർ​ഗോഡ്, പൊന്നാനി, ഇടുക്കി എന്നീ മണ്ഡലങ്ങളിലാണ് ബിജെപിയുടെ നാരീശക്തി സാന്നിധ്യം. ആലപ്പുഴ, ആലത്തൂർ, പൊന്നാനി, കാസർ​ഗോഡ് മണ്ഡലങ്ങളിൽ താമര ചിഹ്നത്തിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ ഇടുക്കിയിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയാണ് ജനവിധി തേടുന്നത്. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ, ആലത്തൂരിൽ ഡോ. ടിഎൻ സരസു, പൊന്നാനിയിൽ നിവേദിത സുബ്രഹ്മണ്യൻ, കാസർ​ഗോഡിൽ എം എൽ അശ്വിനി എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ. ഇടുക്കിയിൽ സംഗീത വിശ്വനാഥൻ ആണ് ബി‍ഡിജെഎസ് സ്ഥാനാർത്ഥി. ആലപ്പുഴയിലെ ശോഭാ സുരേന്ദ്രൻ ഏറ്റുമുട്ടുന്നത് രണ്ട് പാർലമെന്റ് അംഗങ്ങളോടാണ്. സിറ്റിങ് എംപി ആരിഫിനോടും രാജ്യസഭാ എംപി കെ സി വേണുഗോപാലിനോടും.

കഴിഞ്ഞ തവണ ആലത്തൂരിൽ പാട്ടുംപാടി ജയിച്ച നിലവിലെ ഏക വനിതാ എംപി രമ്യാ ഹരിദാസ് മാത്രമാണ് യുഡിഎഫിലെ വനിത. അത് പട്ടികജാതി സംവരണ മണ്ഡലം ആണ് എന്നതും ശ്രദ്ധേയമാണ്. മന്ത്രി രാധാകൃഷ്ണനെതിരെയാണ് മത്സരം. ഇത്തവണ മത്സരം കടുക്കുക തന്നെ ചെയ്യും. അതേസമയം എൽഡിഎഫ് വടകര, എറണാകുളം, വയനാട് എന്നീ മണ്ഡലങ്ങളിലാണ് വനിതകളെ ഇറക്കിയിരിക്കുന്നത്. സംസ്ഥാന നിയമസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനുടമയായ കെ കെ ഷൈലജയെയാണ് വടകരയിൽ ഇറക്കിയിരിക്കുന്നത്. എറണാകുളത്ത് കെ എസ്ടിഎ നേതാവും പറവൂർ നഗരസഭാംഗവുമായ കെ ജെ ഷൈനും അരിവാൾ ചുറ്റി നക്ഷത്രത്തിൽ ജനവിധി തേടും. സിപിഎം പട്ടികയിലേക്ക് അപ്രതീക്ഷിതമായി വന്ന പേരാണ് ഷൈൻ.

വയനാട്ടിൽ രാഹുൽ ഗാന്ധിയോട് ഏറ്റുമുട്ടാൻ സിപിഐ കളത്തിലിറക്കിയിരിക്കുന്ന് ഒരു വനിതയെയും ദേശീയ നേതാവിനെയും തന്നെയാണ്. കണ്ണൂർകാരിയായ ആനിരാജയാണ് സിപിഐ സ്ഥാനാർത്ഥി. ആലത്തൂരിലെ സിറ്റിംഗ് എംപി രമ്യാ ഹരിദാസും ആലപ്പുഴയിലെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ഒഴികെയുള്ളവർ ലോക് സഭാ മത്സരത്തിൽ കന്നിക്കാർ കൂടിയാണ്.

അതേസമയം മറ്റൊരു കണക്ക് കൂടി ശ്രദ്ധേയമാണ് കേരളത്തിൽ നിന്ന് ഇതുവരെ 9 വനിതകൾ മാത്രമാണ് ലോക്സഭയിലേക്കെത്തിയിട്ടുള്ളത്. കേരളരൂപീകരണത്തിന് അഞ്ചുവർഷം മുൻപ് 1951ലെ ആദ്യ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് ആനി മസ്ക്രീൻ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തിയതും കൂടി ചേർത്താണ് ഈ കണക്ക്. ആകെയുള്ള ഒമ്പതു പേരിൽ അഞ്ചുപേരെയും വിജയിപ്പിച്ച് ലോക്സഭയിലേക്ക് അയച്ചത് സിപിഎമ്മാണ്. ഒരാളെ സിപിഐയും. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം കോൺഗ്രസിന് രണ്ടു വനിതകളെ മാത്രമാണ് ലോക്സഭയിൽ എത്തിക്കാനായത്. സാവിത്രി ലക്ഷ്മൺ, രമ്യ ഹരിദാസ് എന്നിവരാണ് കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തിയ വനിതകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more