‘കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ, വിവരവും വിവേകവുമാണ് വേണ്ടത്’: ജോയ് മാത്യു
Mar 21, 2024
ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി നടൻ ജോയ് മാത്യു. കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ. വിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടതെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. ഇങ്ങനെയൊരാൾ ഉന്നതനായ ഒരു കലാകാരൻ കൂടിയാവുമ്പോൾ അയാൾക്ക് കറുപ്പും വെളുപ്പുമല്ല ഏഴഴകാണ് .
നൃത്തപഠനത്തിൽ ഡോക്ടറേറ്റ് (കഷ്ടപ്പെട്ട് പഠിച്ചിട്ട് തന്നെ )നേടിയ RLV രാമകൃഷ്‌ണൻ തത്ക്കാലം കറുത്ത് തന്നെ ഇരിക്കട്ടെ .”പത്മ”കൾക്ക് വേണ്ടി യാചിക്കുന്ന ആശാന്മാരുടെ കാലത്ത് കലയുടെ തേര് തെളിച്ച് ധീരമായ് മുന്നോട്ട് പോവുക പ്രിയ സുഹൃത്തെ എന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
ജാതി അധിക്ഷേപത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നിരവധി പ്രമുഖരും രംഗത്തെത്തി. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം. “മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്.
ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ല” എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.
ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്
കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ വിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടത് ,അങ്ങനെയൊരാൾ ഉന്നതനായ ഒരു കലാകാരൻ കൂടിയാവുമ്പോൾ അയാൾക്ക് കറുപ്പും വെളുപ്പുമല്ല ഏഴഴകാണ് . നൃത്തപഠനത്തിൽ ഡോക്ടറേറ്റ് (കഷ്ടപ്പെട്ട് പഠിച്ചിട്ട് തന്നെ )നേടിയ RLV രാമകൃഷ്‌ണൻ തൽക്കാലം കറുത്ത് തന്നെ ഇരിക്കട്ടെ . “പത്മ”കൾക്ക് വേണ്ടി യാചിക്കുന്ന ആശാന്മാരുടെ കാലത്ത് കലയുടെ തേര് തെളിച്ച് ധീരമായ് മുന്നോട്ട് പോവുക പ്രിയ സുഹൃത്തെ
click on malayalam character to switch languages