മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. ഇന്ന് രാവിലെ 9.35ന് തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശതയിലായിരുന്നു. മുൻ വനം മന്ത്രിയായിരുന്നു. ഡയാലിസിസ് ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു
തൃശൂരിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് കെപി വിശ്വനാഥൻ. യൂത്ത് കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ച വിശ്വനാഥൻ, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി.
1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്നും 1987, 1991, 1996 വർഷങ്ങളിലും 2001 ലും കൊടകര നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 1994 വരെ കെ. കരുണകരന്റെയും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി സർക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. 2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൊടകരയിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ സി.രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, തൃശൂർ ഡിസിസി സെക്രട്ടറി, കെപിസിസി നിർവാഹക സമിതി, , ഖാദി ബോർഡ് അംഗം, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം, തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ചെയർമാൻ, ഡയറക്ടർ എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
click on malayalam character to switch languages