1 GBP = 105.54
breaking news

ഏഴാം നമ്പർ ജേഴ്സി ധോണിക്ക് സ്വന്തം; ഇനി ആരും ധരിക്കില്ല, ബിസിസിഐയുടെ ആദരം

ഏഴാം നമ്പർ ജേഴ്സി ധോണിക്ക് സ്വന്തം; ഇനി ആരും ധരിക്കില്ല, ബിസിസിഐയുടെ ആദരം

ഫുട്ബോളിലെ ഏഴാം നമ്പർ ജേഴ്സി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖമാണ്. ഏഴാം നമ്പർ ജഴ്സിയിൽ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് CR7 കുതിച്ചപ്പോൾ ലോകം അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു. ക്രിക്കറ്റിന്റെ കാര്യമെടുത്താൽ ഏഴാം നമ്പറിന് ഒരേയൊരു അവകാശി മാത്രമേയുള്ളൂ. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി.

ഏഴാം നമ്പർ ജേഴ്‌സിയണിഞ്ഞ് ധോണി ഇന്ത്യയെ നയിച്ചത് അസാധ്യമെന്നു കരുതിയ ഉയരങ്ങളിലേക്ക്. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയാണ് ധോണി. ഇന്ത്യൻ ടീമിനും ക്രിക്കറ്റിനും മഹിയുടെ സംഭാവനകൾ മറക്കാനാവില്ല. ഇനി ഇതുപോലൊരു നായകനെ ടീമിന് ലഭിക്കില്ല എന്ന് തന്നെ പറയാം. അതാണ് ധോണിയുടെ മഹത്വം. ധോണിയും അദ്ദേഹം ധരിച്ച ഏഴാം നമ്പർ ജേഴ്സിയും ഇന്ത്യക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. ഇപ്പോഴിതാ എം.എസ് ധോണിയോടുള്ള ആദരവ് പ്രകടിപ്പിച്ച ബിസിസിഐ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ധോണി ഉപയോഗിച്ചിരുന്ന ഏഴാം നമ്പര്‍ ജേഴ്സി ഇനി മറ്റാര്‍ക്കും ഉപയോഗിക്കാനാകില്ല. കരിയറിൽ ധോണി ധരിച്ച ഏഴാം നമ്പർ ജേഴ്സി ബിസിസിഐ പിൻവലിച്ചു. ധോണിക്ക് നല്‍കുന്ന ആദരവിന്റെ ഭാഗമായാണ് ഏഴാം നമ്പര്‍ ജേഴ്സിയുടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിനു മുന്‍പ് ഇത്തരത്തില്‍ ഒരു ജേഴ്സിയുടെ വിരമിക്കല്‍ പ്രഖ്യാപിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പർ ജേഴ്സിയാണ്. ഇനി മുതല്‍ 7, 10 നമ്പറുകള്‍ ഇനി ലഭ്യമല്ലെന്ന് ബിസിസിഐ കളിക്കാരെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യൻ താരം ഷർദുൾ താക്കൂർ 10-ാം നമ്പർ ജേഴ്സി കുറച്ചുകാലത്തേയ്ക്ക് ധരിച്ചിരുന്നു. തീരുമാനത്തിനിതിരെ ശക്തമായ എതിർപ്പ് ഉയർന്നതോടെ 10-ാം നമ്പർ ജേഴ്സി സച്ചിനോടൊപ്പം വിരമിച്ചതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ ഇന്ത്യൻ താരങ്ങൾക്ക് 60 വ്യത്യസ്ത നമ്പറിലുള്ള ജഴ്സികൾ ലഭ്യമാണെന്നും ബിസിസിഐ വ്യക്തമാക്കി. ഒരു കളിക്കാരന്‍ ഒരു വര്‍ഷത്തേക്ക് ടീമിന് പുറത്താണെങ്കില്‍ പോലും അവന്റെ നമ്പര്‍ മറ്റാര്‍ക്കും നല്‍കില്ല. അരങ്ങേറ്റക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ 30 നമ്പറുകളുണ്ടെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more