1 GBP = 108.08
breaking news

ആറാമതും ലോകകിരീടത്തില്‍ മുത്തമിട്ട് ഓസീസ് പട

ആറാമതും ലോകകിരീടത്തില്‍ മുത്തമിട്ട് ഓസീസ് പട

അഹമ്മദാബാദ്: ആ സ്വപ്നം ചിറകറ്റു. ഇന്ത്യന്‍ മോഹങ്ങള്‍ പൊലിഞ്ഞപ്പോള്‍ ആറാം ലോകകിരീടത്തില്‍ ഓസീസ് മുത്തമിട്ടു. ഒരിക്കല്‍ കൂടി ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ ഫൈനല്‍ ട്രാജഡിയായി. ഒരു കളിയും തോല്‍ക്കാതെ പത്തരമാറ്റ് ജയത്തോടെ മുന്നേറിയിട്ടും ഫൈനലില്‍ വീണുപോയി. ആര്‍ത്തലയ്ക്കുന്ന കാണികളും 140 കോടി ജനങ്ങളുടെ പ്രാര്‍ഥനകള്‍ക്കും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായില്ല. ആറാം ലോകകപ്പുമായി കങ്കാരുക്കള്‍ മടങ്ങുമ്പോള്‍ ഓസീസിനെതിരെ രണ്ട് ഫൈനലിലും തോറ്റ നിരാശയില്‍ ഇന്ത്യ. 2003 ഫൈനലിന് പിന്നാലെ ഇതാ 2023 ഫൈനലിലും ഇന്ത്യയ്ക്ക് കണ്ണീര്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഓസ്‌ട്രേലിയയോട് ആറുവിക്കറ്റിന് തോറ്റ് ഇന്ത്യ കണ്ണീരണിഞ്ഞു. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ വില്ലനായി മാറി. ഹെഡ് 137 റണ്‍സെടുത്തപ്പോള്‍ ലബൂഷെയ്ന്‍ 58 റണ്‍സ് നേടി പുറത്താവാതെ നിന്നു. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ 2023 ലോകകപ്പിലും ഹെഡ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്തു.

തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യ ഇത്രയും മികച്ച ഫോമില്‍ കളിച്ച മറ്റൊരു ലോകകപ്പ് ഇല്ല. കപ്പ് ഉയര്‍ത്താനായില്ലെങ്കിലും ഇന്ത്യന്‍ ടീമിനെ ചേര്‍ത്തുവെക്കാം. അത്രയും സുന്ദരമായ കളി കാഴ്ചവെച്ചതിന്. ഓസീസ് അടക്കം ലോകകകപ്പ് കളിക്കാനെത്തിയ എല്ലാ ടീമിനേയും തോല്‍പിച്ച ഏക ടീമെന്ന നിലയില്‍ രോഹിത്തും സംഘവും മടങ്ങുന്ന തലയുയര്‍ത്തി തന്നെ. കമിന്‍സ് പറഞ്ഞത് അവര്‍ അക്ഷരംപ്രതി നടപ്പാക്കുകയായിരുന്നു. ഒരു ലക്ഷത്തോളം വരുന്ന കാണികളുടെ ആരവവും ചെറുത്താണ് അവര്‍ കപ്പുമായി മടങ്ങുന്നത്. ട്രാവിസ് ഹെഡ് എന്ന പോരാളി ആരെയും പേടിക്കാതെ ബാറ്റുവീശിയപ്പോള്‍ ആര്‍ത്തലച്ച സ്‌റ്റേഡിയം മൂകമായി. മൂന്നാം കിരീടത്തില്‍ ഇന്ത്യ മുത്തമിടുന്നത് കാണാനെത്തിയ ആരാധകര്‍ കണ്ണീരണിഞ്ഞ് സ്‌റ്റേഡിയം വിട്ടു. ഓസീസ് തിരിച്ചുമടങ്ങുന്നു ആറാം ലോകകിരീടവുമായി. ഇന്ത്യ സ്വന്തം മണ്ണില്‍ കിരീടമുയര്‍ത്തുന്നത് കാണാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖരുണ്ടായിരുന്നു. പക്ഷേ നിരാശയോടെ മടങ്ങാനായിരുന്നു ഏവരുടെയും വിധി.

ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് ബുംറ ചെയ്ത ആദ്യ ഓവറില്‍ തന്നെ 15 റണ്‍സ് കിട്ടി. ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡ്ഡുമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വാര്‍ണറെ മടക്കി ഷമി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. ഏഴുറണ്‍സെടുത്ത വാര്‍ണര്‍ സ്ലിപ്പില്‍ നിന്ന കോലിയുടെ കൈയ്യിലൊതുങ്ങി. പിന്നാലെ മിച്ചല്‍ മാര്‍ഷ് ക്രീസിലെത്തി. ആദ്യ നാലോവറില്‍ ഓസീസ് 41 റണ്‍സാണ് അടിച്ചെടുത്തത്.

എന്നാല്‍ അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെ മടക്കി ബുംറ വമ്പന്‍ തിരിച്ചുവരവ് നടത്തി. 15 പന്തില്‍ 15 റണ്‍സെടുത്ത മാര്‍ഷിനെ ബുംറ വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഓസീസ് 41 ന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. പിന്നാലെ വന്ന സ്റ്റീവ് സ്മിത്തിനും പിടിച്ചുനില്‍ക്കാനായില്ല. വെറും നാല് റണ്‍സ് മാത്രമെടുത്ത സ്മിത്തിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കി. സ്മിത്ത് പുറത്താകുമ്പോള്‍ ഓസീസ് സ്‌കോര്‍ 47 റണ്‍സിലാണെത്തിയത്.

സ്മിത്തിന് പകരം വന്ന മാര്‍നസ് ലബൂഷെയ്‌നിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് ടീമിനെ നയിച്ചു. 8.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. ആദ്യ പത്തോവറില്‍ ടീം 60 റണ്‍സാണ് നേടിയത്. ലബൂഷെയ്ന്‍ പ്രതിരോധിച്ചപ്പോള്‍ മറുവശത്ത് ഹെഡ് അനായാസം ബാറ്റുവീശി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 19.1 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. പിന്നാലെ ഹെഡ് അര്‍ധസെഞ്ചുറി നേടി. 58 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം കുറിച്ചത്. ഹെഡ്ഡും ലബൂഷെയ്‌നും അനായാസം ബാറ്റിങ് തുടര്‍ന്നതോടെ ഇന്ത്യന്‍ ക്യാമ്പില്‍ നിരാശ പടര്‍ന്നു. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാന്‍ രോഹിത്തിന് സാധിച്ചില്ല. പിന്നാലെ ലബൂഷെയ്‌നും ഹെഡ്ഡും സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ഒടുവിൽ അനായാസ വിജയവും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more