ഗസ്സയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗിബർസീയുസ്. ഗസ്സയിൽ ഒരാളും സുരക്ഷിതരല്ലെന്ന് യു.എൻ സെക്യൂരിറ്റി കൗൺസിലിനെ അദ്ദേഹം അറിയിച്ചു. ഗസ്സയിലെ ആരോഗ്യസംവിധാനം ഏറ്റവും മോശം അവസ്ഥയിലാണ് ഉള്ളത്. ഗസ്സയിൽ ഒക്ടോബർ ഏഴിന് ശേഷം ആരോഗ്യകേന്ദ്രങ്ങൾക്കെതിരെ 250ഓളം ആക്രമണങ്ങളാണ് ഉണ്ടായത്. 100ഓളം യു.എൻ ആരോഗ്യപ്രവർത്തകർ ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ 36 ആശുപത്രികളിൽ പകുതിയിലേറെ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മൂന്നിൽ രണ്ടെണ്ണവും പ്രവർത്തനം നിർത്തി. പ്രവർത്തിക്കുന്ന ആശുപത്രികളിൽ താങ്ങാവുന്നതിലേറെ രോഗികളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഹമാസ് കേന്ദ്രങ്ങളെന്ന് ആരോപിച്ച് ഗസ്സയിലെ നാല് ആശുപത്രികൾ ഇസ്രായേൽ സേന വളഞ്ഞിരുന്നു. അൽ റൻതീസി കുട്ടികളുടെ ആശുപത്രി, അൽ നാസർ ആശുപത്രി, സർക്കാർ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവയാണ് കരസേന വളഞ്ഞത്. ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫക്കുനേരെ വ്യാഴാഴ്ച രാത്രി മുതൽ അഞ്ചുതവണ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
ആശുപത്രികൾ പൂർണമായി തകർക്കാനും ഇവിടെ അഭയം തേടിയവരെ കൂട്ടക്കൊല ചെയ്യാനുമാണ് ഇസ്രായേൽ ശ്രമമെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയ വക്താവ് അശ്റഫ് അൽ ഖുദ്റ ആരോപിച്ചു. ഗസ്സയിൽ ഇതുവരെ 21 ആശുപത്രികൾ പൂട്ടി. അൽ ബുറാഖ് സ്കൂളിൽ വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ബോംബിങ്ങിൽ 50ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. വടക്കൻ ഗസ്സയിൽനിന്ന് തെക്കുഭാഗത്തേക്ക് പലായനം ചെയ്യുന്നവർക്ക് നേരെയുണ്ടായ ആക്രമണത്തിലും നിരവധി പേർ മരിച്ചു. 4,506 കുട്ടികളടക്കം ആകെ മരണസംഖ്യ 11,078 ആയി.
click on malayalam character to switch languages