1 GBP = 106.06
breaking news

യുക്മ ദേശീയ കലാമേള; അഞ്ചു വേദികളിലും ഇടതടവില്ലാതെ മത്സരങ്ങൾ…. വേദികളുടെ നിയന്ത്രണം ഇവരുടെ കയ്യിൽ ഭദ്രം …

യുക്മ ദേശീയ കലാമേള; അഞ്ചു വേദികളിലും ഇടതടവില്ലാതെ മത്സരങ്ങൾ…. വേദികളുടെ നിയന്ത്രണം ഇവരുടെ കയ്യിൽ ഭദ്രം …

ചെൽട്ടൻഹാം: പതിനാലാമത് യുക്മ ദേശീയ കലാമേളയിൽ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ അഭൂതപൂർവമായ പ്രേക്ഷക ബാഹുല്യം കൊണ്ടും മത്സരങ്ങളുടെ ഗുണനിലവാരം കൊണ്ടും മേള ഏറെ ശ്രദ്ധേയമാകുകയാണ്. വൈകുന്നേരം ആറുമണിക്ക് ശേഷവും ചെൽറ്റൻഹാമിലെ ഇന്നസെന്റ് നഗറിൽ പ്രേക്ഷകരുടെ ഒഴുക്ക് തുടരുകയാണ്.

ഇടതടവില്ലാതെ നടക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കാനും സമയക്രമമനുസരിച്ച് മത്സരാർത്ഥികളെ വേദികളിലെത്തിക്കാനും സ്റ്റേജ് മാനേജർമാർ എടുക്കുന്ന പ്രയത്നം പ്രശംസനീയമാണ്. ഓരോ വേദികളും അനുഭവസമ്പന്നരായ യുക്മ പ്രവർത്തകരാണ് കൈകാര്യം ചെയ്യുന്നതെന്ന് ദേശീയ കലാമേള കൺവീനർ ജയകുമാർ നായർ പറഞ്ഞു. സ്റ്റേജ് ഒന്ന് യുക്മ ദേശീയ നിർവ്വാഹക സമിതിയംഗം സാജൻ സത്യൻ, യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയൻ പ്രസിഡന്റ് വർഗ്ഗീസ് ഡാനിയേൽ, സാംസൺ പോൾ തുടങ്ങിയവരുടെ നിയന്ത്രണത്തിലാണ്. സ്റ്റേജ് രണ്ടിൽ ദേശീയ നിർവ്വാഹക സമിതിയംഗം അഡ്വ. ജാക്സണും യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയണൽ സെക്രട്ടറി അമ്പിളി സെബാസ്റ്റിയനും ജിഎംഎ പ്രതിനിധി റോബി മേക്കരയുമാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.

യുക്മ നേഴ്‌സസ് ഫോറം വൈസ് പ്രസിഡന്റ് സിൽവി ജോസ്, ജിഎംഎ പ്രതിനിധി സണ്ണി ലൂക്കോസ്, ബാബു സെബാസ്റ്റ്യൻ തുടങ്ങിയവരാണ് സ്റ്റേജ് മൂന്നിൽ മത്സരങ്ങൾ നിയന്ത്രിക്കുന്നത്. മുൻ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹി സജിമോൻ സേതു, ബിനു ഏലിയാസ് തുടങ്ങിയവർക്കാണ് സ്റ്റേജ് നാലിന്റെ ചുമതല. യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡണ്ട് സുരേന്ദ്രൻ ആരക്കോട്ട്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ സെക്രട്ടറി ജോബിൻ ജോർജ്ജ്, ബിജോയ് വർഗ്ഗീസ് എന്നിവരാണ് സ്റ്റേജ് അഞ്ച് നിയന്ത്രിക്കുന്നത്.

രാവിലെ പത്ത് മണി മുതൽ തന്നെ ഇടതടവില്ലാതെ സമയക്രമമനുസരിച്ച് മത്സരങ്ങൾ ഓരോ വേദികളിലും നടത്തിയെടുക്കുന്നതിൽ സ്റ്റേജ് മാനേജർമാർ കാണിക്കുന്ന മിടുക്ക് എടുത്ത് പറയേണ്ടത് തന്നെയാണെന്ന് യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ പറഞ്ഞു.

മാഗ്നാവിഷൻ ഒരുക്കുന്ന കലാമേളയുടെ തത്സമയ സംപ്രേക്ഷണം ഇവിടെ കാണാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more