1 GBP = 106.75
breaking news

അരമില്ല്യൻ പൌണ്ട് സ്കോളർഷിപ്പും മൈക്കിൾ ഫാരഡെ അവാർഡും നേടി മലയാളികളുടെ അഭിമാനമായി മാറിയ ഡോ.ജൂണ സത്യന് യുക്മയുടെ ആദരവ്….. യുക്മ ദേശീയ കലാമേളയിലെ വിശിഷ്ടാതിഥി കൌൺസിലർ ഡോ.ജൂണ സത്യൻ.

അരമില്ല്യൻ പൌണ്ട് സ്കോളർഷിപ്പും മൈക്കിൾ ഫാരഡെ അവാർഡും നേടി മലയാളികളുടെ അഭിമാനമായി മാറിയ ഡോ.ജൂണ സത്യന് യുക്മയുടെ ആദരവ്….. യുക്മ ദേശീയ കലാമേളയിലെ വിശിഷ്ടാതിഥി കൌൺസിലർ ഡോ.ജൂണ സത്യൻ.

അലക്സ് വർഗ്ഗീസ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

പതിനാലാമത് യുക്മ ദേശീയ കലാമേളക്ക് നാളെ ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ ഇന്നസെൻ്റ് നഗറിൽ അരങ്ങുണരും. യു കെ യുടെ നാനാഭാഗങ്ങളിലുള്ള ആയിരത്തോളം കലാപ്രതിഭകൾ അവസാനവട്ട പരിശീലനവും പൂർത്തിയാക്കി വേദിയിലേക്ക്…. എല്ലാ വഴികളും ഗ്ലോസ്റ്ററിലേക്ക്…. കലാമേളയ്ക്ക് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെയും, ജനറൽ സെക്രട്ടറി കുര്യൻ ജോർജിൻ്റേയും ജനറൽ കൺവീനർ ജയകുമാർ നായർ, ഇവൻറ് ഓർഗനൈസർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി യുക്മ ദേശീയ സമിതി. 

യുക്മ ദേശീയ കലാമേളയിൽ ഇതാദ്യമായിട്ടാണ് യുകെ മലയാളികൾക്ക് അഭിമാനമായി മാറിയ ഒരു വ്യക്തിയെ വിശിഷ്ടാതിഥിയായി ക്ഷണിച്ച് ആദരിക്കുന്നത്. ആദരം ഏറ്റുവാങ്ങുന്നത് ഡോ.ജൂണ സത്യനാണ്. നോർത്ത് അംബ്രിയ യൂണിവേഴ്സിറ്റിയിൽ അസ്സോസ്സിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്ന ഡോ.ജൂണ സത്യൻ കരസ്ഥമാക്കിയത്, മികച്ച ശാസ്‌ത്ര ഗവേഷകർക്കുള്ള യു കെ ഗവൺമെന്റിന്റെ അര മില്ല്യൻ പൌണ്ട് സ്കോളർഷിപ്പാണ്. മെയ്സർ സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനായാണ് ഏകദേശം അഞ്ച് കോടി രൂപ മൂല്യം വരുന്ന സ്കോളർഷിപ്പാണ്  ഈ പാലാ സ്വദേശിനിയെ തേടിയെത്തിയത്. സ്വപ്നതുല്യമായ അംഗീകാരം നേടി വെറും മൂന്ന് മാസങ്ങൾക്ക് ശേഷം ഡോ.ജൂണയേയും സഹപ്രവർത്തകരെയും തേടിയെത്തിയത് ലോക പ്രശസ്തമായ മൈക്കിൾ ഫാരഡെ അവാർഡാണ്. ഫിസിക്സിലെ മികച്ച ഗവേഷകർക്ക് നൽകുന്ന മൈക്കിൾ ഫാരഡെ അവാർഡ് നേടിയ ആറംഗ സംഘത്തിലെ ഏക വനിതയാണ് ജൂണ സത്യൻ. 

തിരക്കേറിയ അദ്ധ്യാപന ജോലി, ലോകമറിയുന്ന ഗവേഷക എന്നീ നിലകളിൽ തിളങ്ങുമ്പോഴും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൊതു പ്രവർത്തക എന്ന നിലയിലും ഡോ.ജൂണ ഏറെ പ്രശസ്തയാണ്. ന്യൂകാസിൽ ബ്ളേക്ക്ലോ വാർഡിലെ കൗൺസിലറായി 2022 ൽ ലേബർ പാർട്ടി ടിക്കറ്റിൽ വിജയിച്ച ജൂണ മുഴുവൻ പൊതുപ്രവർത്തകർക്കും ഒരു മാതൃകയാണ്.

യു കെ എഞ്ചിനീയറിംഗ് ആൻഡ് ഫിസിക്കൽ സയൻസ് റിസർച്ച് കൌൺസിലാണ് മെയ്സർ സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനായി ഇത്രയും വലിയ തുക ജൂണക്ക് നൽകിയത്. പാലാ ശ്രാമ്പിക്കൽ തോമസിന്റെയും ഡെയ്സിയുടെയും മകളായ ജൂണ വിവാഹം കഴിച്ചിരിക്കുന്നത് ചാലക്കുടി സ്വദേശി സത്യൻ ഉണ്ണിയെയാണ്. 7 വയസ്സ്കാരായ മിലൻ സത്യയും മിലിൻഡ് സത്യയുമാണ് മക്കൾ.

നാളെ രാവിലെ 10 AM ന് കലാമേളയുടെ അരങ്ങുകൾ ഉണരും. അഞ്ച് സ്റ്റേജുകളിലായിട്ടാണ് ഇത്തവണ മത്സരങ്ങൾ നടക്കുക. മത്സരങ്ങളുടെ സമയക്രമം യുക്മ ദേശീയ സമിതി പുറത്ത് വിട്ടിട്ടുണ്ട്. എല്ലാവരും സമയക്രമം പാലിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

നാളെ ഇന്നസെൻ്റ് നഗറിൽ നടക്കുന്ന പതിനാലാമത് യുക്മ ദേശീയകലാമേളയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, കലാമേള ജനറൽ കൺവീനർ ജയകുമാർ നായർ, കലാമേള ഇവൻറ് ഓർഗനൈസർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more