1 GBP = 113.28
breaking news

ഇസ്രായേൽ റഫ അതിർത്തി തുറന്നു; ഗുരുതരമായി പരിക്കേറ്റവരെ റഫ അതിർത്തി വഴി ഈജിപ്തിലെത്തിക്കും

ഇസ്രായേൽ റഫ അതിർത്തി തുറന്നു; ഗുരുതരമായി പരിക്കേറ്റവരെ റഫ അതിർത്തി വഴി ഈജിപ്തിലെത്തിക്കും

ഗസ്സ: യുദ്ധം തുടങ്ങിയ ഒക്ടോബർ ഏഴിനു ശേഷം ആദ്യമായി ഇസ്രായേൽ റഫ അതിർത്തി തുറന്നു. ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫലസ്തീനിക​ളെ റഫ അതിർത്തി വഴി ചികിത്സക്കായി ഈജിപ്തിലെത്തിക്കും. ഇരട്ട പാസ്​പോർട്ട് കൈവശമുള്ള ചില വിദേശ പൗരന്മാർക്കും പുറത്തു കടക്കാനാവുമെന്നാണ് കരുതുന്നത്.

ഒക്ടോബർ ഏഴിനാണ് ഇസ്രായേൽ റഫ അതിർത്തി അടച്ചത്. പരിമിതമായ എണ്ണം സഹായ ട്രക്കുകൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതിനായി കുറച്ച് ദിവസത്തേക്ക് ഭാഗികമായി തുറന്നിരുന്നു. ഒക്ടോബർ 7 മുതൽ ഇതുവരെ 196 സഹായ ട്രക്കുകൾ ഗസ്സയിലേക്ക് കടന്നതായാണ് റഫ ക്രോസിംഗ് മീഡിയ ഡയറക്ടർ അറിയിച്ചിരിക്കുന്നത്. അതേസമയം ഗസ്സ ജബലിയ അഭയാർഥി ക്യാമ്പിൽ ബോംബിട്ട്​ സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന്​ ഫലസ്​തീനികളെ കൊന്നൊടുക്കിയ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. എന്നാൽ ഹമാസ്​ നേതാവിനെ ലക്ഷ്യമിട്ടാണ്​ ജബലിയ ക്യാമ്പിന്​ ബോംബിട്ടതെന്നാണ് ഇസ്രായേലിന്‍റെ വിശദീകരണം. ഇസ്രായേലിനെതിരെ കൂടുതൽ ശക്​തമായ ആ​ക്രമണം ഉണ്ടാകുമെന്ന്​ ഹിസ്​ബുല്ലയും ഹൂത്തികളും മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്.

ഇസ്രായേലിന് ബന്ദികളുടെ കാര്യത്തിൽ ഒരുവിധത്തിലുള്ള ആശങ്കയുമില്ലെന്നും ഗസ്സയിലെ നിരന്തരമുള്ള ആക്രമണത്തിൽ അവർ കൊല്ലപ്പെട്ടേക്കാമെന്നും ഹമാസ് മുന്നറിയിപ്പ് നകി. ബന്ദികളെ വിട്ടയക്കാമെന്ന് ഞങ്ങൾ അറിയിച്ചിട്ടും ഇസ്രായേൽ അത് കണക്കിലെടുക്കുന്നില്ലെന്നും ഹമാസ് വക്താവ് ഗാസി ഹമദ് ആരോപിച്ചു. ഇസ്രായേലിന്റെ ആക്രമണവും കൂട്ടക്കൊലയും അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും അദ്ദേഹം അൽജസീറക്കു നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു. ജബലിയ അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴു ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു. അതിൽ മൂന്നുപേർ വിദേശപാസ്​പോർട്ടുകൾ കൈവശമുള്ളവരാണ്.

ഈജിപ്തിലെ സിനായ് ഉപദ്വീപിന്റെ അതിർത്തിയാണ് റഫ. ഫലസ്തീനികൾക്ക് ഗസ്സയിൽ നിന്ന് പുറത്തുകടക്കാനുള്ള ഏക വഴിയാണിത്. ഗസ്സയുടെ കിഴക്കും വടക്കും ഇസ്രായേലിന്റെ അതിർത്തിയാണ്. പടിഞ്ഞാറ് മെഡിറ്ററേനിയൻ കടലും. ഗസ്സയുടെ തെക്ക് ഈജിപ്ഷ്യൻ അതിർത്തിയാണ്. ഇസ്രായേലിനെ കൂടാതെ ഗസ്സ മുനമ്പുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ഈജിപ്ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more