1 GBP = 106.75
breaking news

ലോക പ്രവാസി മലയാളികൾക്ക് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – മൂന്നാം ഭാഗം

ലോക പ്രവാസി മലയാളികൾക്ക് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – മൂന്നാം ഭാഗം

അലക്സ് വർഗ്ഗീസ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

നവംബർ നാലാം തീയ്യതി പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ലീവ് സ്കൂളിലെ “ഇന്നസെൻ്റ് നഗറിൽ” അരങ്ങുണരുമ്പോൾ പ്രവാസ ലോകത്തിലെ ഒരു സംഘടനയ്ക്കും  അവകാശപ്പെടാനില്ലാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ ബഹുമതിയുമായി യുക്മ കലാമേള | അഭംഗുരം അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. യുകെയിലേക്ക് എത്തിച്ചേർന്ന പുതു തലമുറയ്ക്ക് യുക്മ കലാമേളകളുടെ ചരിത്രം എത്തിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. യുക്മയെന്ന വടു വൃക്ഷത്തിൻ്റെ നേതൃത്വത്തിൽ  യുക്മയെ നെഞ്ചിലേറ്റിയ യു കെ മലയാളികളായ നൂറ് കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനത്തിൻ്റെ, പ്രവർത്തനത്തിൻ്റെ പ്രതിഫലനമാണ് ഓരോ കലാമേളകളുടെയും വൻവിജയം എന്ന് എടുത്ത് പറയുവാൻ കൂടി ഈയവസരം ഉപയോഗിക്കുന്നു. 

യുക്മ ദേശീയ കലാമേള അരങ്ങേറുന്ന “ഇന്നസെൻ്റ് നഗറി”ൽ തിരിതെളിയാൻ ഇനി നാല് ദിവസം മാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ നാൾവഴിയിലൂടെ ഒരു യാത്ര ഈ അവസരത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ ഒരു സമൂഹത്തിന്റെ മലയാളിയുടെ  ഒത്തൊരുമയുടെയും സംഘാടക ശേഷിയുടെയും ചരിത്രം കൂടിയാവുന്നു ഇത്.

തുടർച്ചയായി പതിനാല് വർഷങ്ങൾ ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ “യുക്മ” ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന  യുക്മ ദേശീയ കലാമേളകൾ,  രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന  മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ  തന്നെയാണ്. തുടർച്ചയായി രണ്ടാം വർഷവും ആതിഥേയത്വം വഹിക്കാൻ ഭാഗ്യം ലഭിച്ച ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ “ഇന്നസെൻ്റ്  നഗറിൽ” യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം തട്ടകത്തിൽ പ്രത്യേകം സജ്ജീകൃതമായ അഞ്ച് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്

യുക്മ ദേശീയ കലാമേളകളുടെ ചരിത്രം ഒരു പ്രവാസി സമൂഹത്തിന്റെ  ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും   ചരിത്രം കൂടിയാവുന്നത് നാം കാണുകയായിരുന്നു. 2010 ൽ ബ്രിസ്റ്റോളിൽനടന്ന പ്രഥമ ദേശീയ കലാമേളയുടെയും തുടർന്നുള്ള രണ്ട്  വർഷങ്ങളിലായി സൗത്തെന്റ്- ഓണ്‍-സി, സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റ് എന്നീ നഗരങ്ങളിൽ സംഘടപ്പിക്കപ്പെട്ട ദേശീയ മേളകളുടെയും ചരിത്രം ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിൽ ലിവർപൂൾ, ലെസ്റ്റർ, ഹണ്ടിങ്ടൺ എന്നീ നഗരങ്ങളിൽ സംഘടിപ്പിക്കപ്പെട്ട കലാമേളകളെപ്പറ്റിയും നാം വായിച്ചു.

ഒരു രാജ്യം മുഴുവൻ വന്നെത്തുന്ന ദേശീയ കലാമേള ഒരുവർഷം നീണ്ടുനിൽക്കുന്ന ഒരുപറ്റം ആളുകളുടെ കഠിന പരിശ്രമത്തിന്റെ വിജയങ്ങൾ കൂടിയാണ്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന നൃത്ത – സംഗീത പരിശീലനങ്ങൾ, നാട്ടിൽനിന്നും പലഘട്ടങ്ങളായി രക്ഷിതാക്കൾ കടൽകടത്തി യു കെ യിൽ എത്തിക്കുന്ന, ആയിരക്കണക്കിന് മത്സരാർത്ഥികൾക്കാവശ്യമായ ആടയാഭരണങ്ങളും രംഗ സജ്ജീകരണ വസ്തുക്കളും, മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ കണ്ടെത്താനുള്ള അസോസിയേഷൻ പ്രവർത്തകരുടെ പരിശ്രമങ്ങൾ,  സാമ്പത്തിക ഭാരം താങ്ങിക്കൊണ്ട് റീജിയണൽ കലാമേളകൾ സംഘടിപ്പിക്കാനുള്ള റീജിയണൽ ഭാരവാഹികളുടെയും പ്രവർത്തകരുടെയും പ്രയത്‌നങ്ങൾ അങ്ങനെപോകുന്നു യുക്മ ദേശീയ കലാമേളകൾ യാഥാർഥ്യമാക്കുന്നതിന് പിന്നിലെ കാണാപ്പുറങ്ങൾ. ലിവർപൂൾ, ലെസ്റ്റർ, ഹണ്ടിങ്ടൺ എന്നിവിടങ്ങളിൽ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കലാമേളകളെക്കുറിച്ചാണ് ഇന്ന് നമ്മൾ വായിക്കുവാൻ പോകുന്നത്. 

ചരിത്രമറിയുക എന്നത് ആത്മബോധത്തിന് മിഴിവേകുന്ന ഒന്നാണ്. കഴിഞ്ഞ പത്തുവർഷമായി യു കെ മലയാളികളുടെ കലാ സാംസ്ക്കാരിക വളർച്ച ലക്ഷ്യമാക്കി യുക്മ സംഘടിപ്പിക്കുന്ന കലാമേളകൾ എല്ലാ പ്രവാസി സമൂഹങ്ങൾക്കും ജ്വലിക്കുന്ന മാതൃകയാണ്. 

യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു യാത്ര എന്ന ഈ പരമ്പരയുടെ ആദ്യ രണ്ട് ഭാഗങ്ങൾ വായിച്ചു അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർ നിരവധിയാണ്. യുക്മ എന്ന സംഘടനയിൽ സജീവം അല്ലായെങ്കിൽപ്പോലും, ഈ പ്രവാസി സംഘടനയെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന അനവധി ആളുകളും അക്കൂട്ടത്തിൽ ഉണ്ട് എന്നത് യുക്മയ്ക്കും യുക്മ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾക്കുമുള്ള അംഗീകാരംകൂടിയായി കാണുന്നു. മൂന്നാം ഭാഗത്തിൽ മൂന്ന് ദേശീയ കലാമേളകളായ കവൻട്രി 2016, ഹെയർഫീൽഡ് 2017, ഷെഫീൽഡ് 2018 എന്നീ ദേശീയ കലാ മേളകളിലൂടെയാണ് നാം ഈ ലേഖനത്തിലൂടെ  കടന്നു പോകുന്നത്.

ഏഴാമത് ദേശീയ കലാമേള കവൻട്രിയിൽ

2016 നവംബര്‍ 5 ശനിയാഴ്ച്ച  കവൻട്രിയിലെ വാർവിക്  മെറ്റന്‍ സ്കൂളില്‍ ഏഴാമത് യുക്മ ദേശീയ കലാമേള അരങ്ങേറി. യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണും മിഡ്‌ലാൻഡ്‌സ് ലെ ഏറ്റവും ശക്തമായ മലയാളി സംഘടകളിലൊന്നായ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും കലാമേളയുടെ സംയുക്ത ആതിഥേയരായി. സ്റ്റോക്ക്-ഓൺ-ട്രെന്റിനും, ലെസ്റ്ററിനും ശേഷം മിഡ്‌ലാൻഡ്‌സ് റീജിയണ്‍ ഇത് മൂന്നാം തവണയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. 

ജ്ഞാനപീഠം ജേതാവായ, യശഃശരീരനായ ഒ എൻ വി കുറുപ്പിന്റെ അനുസ്മരണാർത്ഥം “ഒ എൻ വി നഗർ” എന്ന് നാമകരണം ചെയ്ത കലാമേള നഗർ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിൽ ദർശിച്ചിട്ടില്ലാത്ത വൻ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. വിശ്വ മഹാകവി വില്യം ഷേക്‌സ്‌പിയറിന്റെ  ജന്മനാട്ടിൽ നടക്കുന്ന കലാമേളയെന്ന സവിശേഷത കൂടി 2016 ലെ യുക്മ ദേശീയ കലാമേളയ്ക്ക് സ്വന്തം. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ, അർദ്ധരാത്രിക്കു ശേഷം വിധി പ്രഖ്യാപനങ്ങൾ വന്നപ്പോൾ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ഒരിക്കൽക്കൂടി ദേശീയ ജേതാക്കളായി. മിഡ്‌ലാൻഡ്‌സ് റീജിയണിലെ തന്നെ ശക്തരായ ബർമിംഗ്ഹാം സിറ്റി മലയാളീ കമ്മ്യൂണിറ്റിയും, സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷനും ചാമ്പ്യൻ അസോസിയേഷൻ പട്ടം പങ്കിട്ടെടുത്തു.

ഹെയർഫീൽഡിൽ  അരങ്ങൊരുക്കി സൗത്ത് ഈസ്റ്റ് റീജിയൺ 

ഇതാദ്യമായാണ് സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ദേശീയ കലാമേള വന്നെത്തുന്നത്. ഇദംപ്രഥമമായി ലണ്ടനിൽ നടക്കുന്ന യുക്മ ദേശീയ മേള എന്നനിലയിലും എട്ടാമത് ദേശീയ കലാമേള ഏറെ ശ്രദ്ധ ആകർഷിക്കപ്പെട്ട ഒന്നായിരുന്നു. സൗത്ത് ഈസ്റ്റ് റീജിയന്റെയും  അസോസിയേഷൻ ഓഫ് സ്‌ലോ മലയാളീസിന്റെയും സംയുക്ത ആതിഥേയത്വത്തിലാണ് മേള അണിയിച്ചൊരുക്കിയത്. മത്സരങ്ങളുടെ സമയക്രമങ്ങളും മുൻഗണനാ ക്രമങ്ങളും പുനർ നിർണ്ണയിച്ചുകൊണ്ട്, നാല് വേദികൾക്ക് പകരം അഞ്ച് വേദികളിൽ ഒരേസമയം മത്സരങ്ങൾ നടത്താനായത് എട്ടാമത് ദേശീയ മേളയുടെ ഒരു സവിശേഷതയായി. 

മലയാളത്തിന്റെ മികച്ച ജനപ്രിയ നടനായ, അന്തരിച്ച  കലാഭവൻ മണിയുടെ പേരിൽ നാമകരണം ചെയ്ത കലാമേള കലാഭവൻ മണി നഗരിയിൽ രാവിലെ ഒൻപത്‌ മണിമുതൽ ആരംഭിച്ച ജനപ്രവാഹം അർധരാത്രിക്ക് ശേഷവും സജീവമായിരുന്നു. 2017 ഒക്റ്റോബർ 28 ശനിയാഴ്ച നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡ് അക്കാഡമിയിൽ ചരിത്രം വഴിമാറുമോ എന്ന ആകാംക്ഷയിലായിരുന്ന കലാസ്നേഹികളെ നിരാശരാക്കാതെ ഈസ്റ്റ് ആൻഡ് വെസ്റ്റ്  മിഡ്‌ലാൻഡ്‌സ് റീജിയൺ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക്  വിജയികളായി. ഒരു വർഷത്തെ ഇടവേളക്ക് ശേഷം സൗത്ത് വെസ്റ്റ്  റീജിയണിലെ വമ്പന്മാരായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ രണ്ടാംവട്ടവും അസോസിയേഷൻ വിഭാഗം ചാമ്പ്യൻമാരായി.    

ദശാബ്‌ദി വർഷത്തിലെ ഐതിഹാസിക മേളക്ക് ആതിഥേയത്വം വഹിക്കാൻ ഷെഫീൽഡ്

യുക്മ രൂപംകൊണ്ടതിന്റെ പത്താം വാർഷികം ആചരിക്കപ്പെടുന്ന ചരിത്രദശയിൽ നടക്കുന്ന ദേശീയ കലാമേള എന്ന ഖ്യാതി സ്വന്തമാക്കിയാണ് 2018 ലെ യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് നടന്ന് കയറിയത്. യുക്മ ജന്മമെടുത്ത 2009 ൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക ആയിരുന്നു സ്വാഭാവികമായി യുക്മ നേതൃത്വം ലക്‌ഷ്യം വച്ചത്. തുടർന്ന് വന്ന എല്ലാവർഷങ്ങളിലും റീജിയണൽ തലത്തിലും ദേശീയ തലത്തിലും കൃത്യമായി കലാമേളകൾ സംഘടിപ്പിക്കുകയുണ്ടായിട്ടുണ്ട്. ഓരോ വർഷം കഴിയുന്തോറും വർദ്ധിച്ചുവരുന്ന സംഘാടക മികവും, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന കഠിന പരിശീലനങ്ങളിലൂടെ ആർജ്ജിതമാകുന്ന ക്രമപ്രവർദ്ധിതമായ വാശിയും ഉത്സാഹവും യുക്മ കലാമേളകളുടെ നിലവാരവും മേന്മയും വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ദശവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടു നടന്ന കലാമേള എന്നനിലയിലാവും ഒൻപതാം ദേശീയ കലാമേള യുക്മയുടെ ചരിത്രത്തിൽ അവിസ്മരണീയമാവുക. 

2018 ഒക്റ്റോബർ 27 ന്  സൗത്ത് യോർക്‌ഷെയറിലെ ഷെഫീൽഡിൽ നടന്ന ഒൻപതാമത് യുക്മ ദേശീയ കലാമേള യുക്മ യോർക്‌ഷെയയർ ആൻഡ് ഹംബർ റീജിയന്റെയും ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ആകസ്മികമായി മരണമടഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് “ബാലഭാസ്‌ക്കർ നഗർ” എന്ന് നാമകരണം ചെയ്ത പെനിസ്റ്റൺ ഗ്രാമർ സ്കൂളിൽ അഞ്ച് വേദികളിലായി ദേശീയ കലാമേള അരങ്ങേറി. യുക്മ കലാമേളകളുടെ ചരിത്രത്തിൽ ആദ്യമായി റീജിയണൽ – ദേശീയ കലാമേളകൾ  പൂർണമായും കുറ്റമറ്റരീതിയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയ മേള എന്നനിലയിലും ഷെഫീൽഡ് കലാമേള എന്നെന്നും ഓർമ്മിക്കപ്പെടും. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണെ പിന്നിലാക്കി ആതിഥേയരായ യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ ഇദംപ്രഥമമായി യുക്മ ദേശീയ കലാമേള ജേതാക്കളായി. യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയണിലെ ശക്തരായ ഈസ്റ്റ് യോർക്‌ഷെയർ കൾച്ചറൽ അസോസിയേഷൻ – ഹൾ, അസോസിയേഷൻ വിഭാഗം ചാമ്പ്യന്മാരായി.

ഭാഷയും തനതായ കലാരൂപങ്ങളും ഒരു ജനതയുടെ സംസ്ക്കാരത്തിന്റെ നിദർശനങ്ങൾ ആണ്. കാലദേശങ്ങളെ അതിജീവിക്കുമ്പോഴാണ് സംസ്ക്കാരം മഹത്തരമെന്ന് വാഴ്ത്തപ്പെടുന്നത്. പിറന്ന നാടിന്റെ നന്മകൾ ഈ പ്രവാസി സമൂഹത്തിൽ സജീവമാക്കുവാനും, വരുംതലമുറയ്ക്ക് പകർന്ന്നൽകാനും യുക്മ കലാമേളകൾ വഹിക്കുന്ന പങ്ക് നിസ്തുലങ്ങളാണ്. ജന്മനാടിന് അഭിമാനകരങ്ങളായ യുക്മ കലാമേളകൾ ലോക പ്രവാസി മലയാളി സമൂഹത്തിന് തിളങ്ങുന്ന മാതൃകയാണ്. അമ്മിഞ്ഞ പാലിലൂടെ ഓരോ മലയാളിയുടെ ജീവരക്തത്തിലും അലിഞ്ഞു ചേർന്ന സാംസ്ക്കാരിക തേജസ്സ് യു കെ മലയാളി സമൂഹത്തിൽ പ്രോജ്വലിപ്പിക്കുവാൻ യുക്മകലാമേളകൾ നൽകുന്ന സംഭാവനകൾ കാലാതീതമായി നിലനിൽക്കും എന്നതിൽ സംശയമില്ല. 

ഇതൊരു യാത്രയാണ്. ഒരു പ്രവാസി ജനതയുടെ സാംസ്ക്കാരിക സ്വത്വത്തിന്റെ ആത്മീയ യാത. പുത്തൻ നേതൃത്വങ്ങൾ യുക്മയുടെ ദീപശിഖ വരുംതലമുറക്ക് കൈമാറിക്കൊണ്ടിരിക്കുമ്പോഴും, നമ്മുടെ ഒത്തൊരുമയുടെ ജൈത്യയാത്ര തുടർന്നുകൊണ്ടേയിരിക്കും……….. പ്രവാസി ലോകത്തിന് അത്ഭുതമായ യുക്മ കലാമേളകൾ അരങ്ങുകൾ കീഴടക്കിക്കൊണ്ടേയിരിക്കും.

യു കെ യുടെ വ്യാവസായിക നഗരം എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിൽ 2019ലെയും, തുടർന്ന് ലോകത്തെ ദുരന്തമുഖവും കണ്ണീരിലുമാഴ്ത്തിയ കോവിഡ് മഹാമാരിയിലും യുക്മയെന്ന മഹാപ്രസ്ഥാനം കണ്ണിലെണ്ണയൊഴിച്ച് ഉണർന്ന് തന്നെയിരുന്നു. ലോകമെങ്ങും വിറങ്ങലിച്ച് നിന്ന, ജനക്കൂട്ടങ്ങൾക്ക് സാഹചര്യത്തിൻ്റെ സമ്മർദ്ദങ്ങളാൽ വിലക്ക് കല്പിക്കപ്പെട്ട കെട്ടനാളുകളിലും യുക്മ കലാമേളകൾ അഭംഗുരം തുടർന്ന് കൊണ്ടിരുന്നു. ഒരു പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൻ്റെ ഇഛാശക്തിയും യുകെ മലയാളികളുടെ തോൽക്കാൻ സമ്മതമില്ലായ്മയും 2020,2021 വർഷങ്ങളിൽ നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി ഒട്ടേറെപ്പേർ എന്നന്നേക്കുമായി വേർപിരിഞ്ഞപ്പോഴും വെർച്വൽ കലാമേളയെന്ന ലോകത്തെങ്ങും കേട്ട് കേഴ് വിയല്ലാത്ത ആശയത്തിലൂടെ നടപ്പിലാക്കി യുക്മ കലാമേളകൾക്ക് ഇടവേള നൽകാതിരിക്കാൻ നമുക്ക് കഴിഞ്ഞു. 2022-ൽ ഗ്ലോസ്റ്ററിൽ നടന്ന യുക്മ കലാമേളയുടെ കൂടി ചരിത്രത്തോടെ ഈ ലേഖന പരമ്പര അവസാനിക്കുകയാണ്.  

ഈ പരമ്പര വായിച്ച് നല്ല അഭിപ്രായങ്ങൾ അറിയിച്ച എല്ലാ വായനക്കാർക്കും നന്ദി അറിയിക്കുന്നു. എല്ലാവരേയും നവംബർ 4 ശനിയാഴ്ച നടക്കുന്ന പതിനാലാമത് യുക്മ ദേശീയ കലാമേള വേദിയായ ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ ഇന്നസെൻ്റ് നഗറിലേക്ക് സ്വാഗതം ചെയ്യുന്നു.

അവസാന ഭാഗത്തിൽ വായിക്കുക…. 2019 മാഞ്ചസ്റ്റർ കലാമേള, 2020,2021 വെർച്ച്വൽ കലാമേളകൾ,2022 ഗ്ലോസ്റ്റർ കലാമേള

(2019 – 2022 കാലയളവിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ലേഖകൻ, യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ ആയി നിലവിൽ പ്രവർത്തിക്കുന്നു)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more