1 GBP = 113.49
breaking news

സർക്കാരിന്റെ മോഡേൺ സ്‌ളേവറി ഹെൽപ് ലൈൻ ഉപയോഗപ്പെടുത്തുന്ന ഓവർസീസ് കെയർ വർക്കർമാരുടെ എണ്ണത്തിൽ വർദ്ധനവെന്ന് റിപ്പോർട്ട്; അധികവും ഇന്ത്യക്കാരെന്ന് സൂചന

സർക്കാരിന്റെ മോഡേൺ സ്‌ളേവറി ഹെൽപ് ലൈൻ ഉപയോഗപ്പെടുത്തുന്ന ഓവർസീസ് കെയർ വർക്കർമാരുടെ എണ്ണത്തിൽ വർദ്ധനവെന്ന് റിപ്പോർട്ട്; അധികവും ഇന്ത്യക്കാരെന്ന് സൂചന

ലണ്ടൻ: സർക്കാരിന്റെ മോഡേൺ സ്‌ളേവറി ഹെൽപ്പ് ലൈൻ ഉപയോഗപ്പെടുത്തുന്ന വിദേശ കെയർ വർക്കർമാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കെയർ മേഖലയിലെ ജീവനക്കാരുടെ വിടവുകൾ നികത്താൻ സഹായിക്കുന്നതിനായി വിസ നിയമങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് യുകെയിലെത്തിയ വിദേശ തൊഴിലാളികളിൽ നിന്നുള്ള കോളുകളിലാണ് വർദ്ധനവെന്ന് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം വിസ നിയമങ്ങൾ മാറിയതിനെത്തുടർന്ന് തങ്ങളെ കൊണ്ടുവന്ന ഏജന്റുമാർക്ക് വൻതുക നൽകിയതായി പലരും പറഞ്ഞു. 2022-ൽ 700-ലധികം കെയർ സ്റ്റാഫ് തങ്ങളുടെ ഹെൽപ്പ് ലൈൻ ഉപയോഗിച്ചതായി അൺസീൻ യുകെ പറഞ്ഞു. ചാരിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് 2021-ൽ, കെയർ മേഖലയിലെ 15 കേസുകളെ കുറിച്ച് ഹെൽപ്പ്ലൈനുമായി ബന്ധപ്പെട്ടുവെന്നാണ്, ഇതിൽ ഇരയാകാൻ സാധ്യതയുള്ള 63 പേർ ഉൾപ്പെടുന്നു. 2022 ആയപ്പോഴേക്കും 106 കേസുകൾ ഉണ്ടായി, അതിൽ 708 ഇരകളാണ് ഉണ്ടായിരുന്നത്. എന്നാൽ 2023-ൽ കണക്കുകൾ ഇതിലുമധികം വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

യുകെയിലേക്കുള്ള യാത്രയ്ക്കും സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾക്കുമായി ചില തൊഴിലാളികളിൽ നിന്ന് ആയിരക്കണക്കിന് പൗണ്ട് ഈടാക്കുന്നതായി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. സ്‌പോൺസർഷിപ്പിന്റെ ചിലവ് നൂറ് പൗണ്ട് മാത്രമായിരിക്കെ സത്യസന്ധതയില്ലാത്ത ഏതാനും തൊഴിലുടമകളും ഏജന്റുമാരും തൊഴിലാളികളിൽ നിന്ന് 25,000 പൗണ്ട് വരെ ഈടാക്കുകയും പലിശ ചേർക്കുകയും അവരുടെ വേതനത്തിൽ നിന്ന് കടം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ചാരിറ്റി പറയുന്നു. തൊഴിലാളികൾ ഒരിക്കലും കടം വീട്ടാൻ കഴിയാത്ത ചക്രവ്യൂഹത്തിലാണെന്നും റിപ്പോർട്ട് പറയുന്നു.

ഹോം കെയറിൽ ജോലി ചെയ്യുന്നതിനായി ഇന്ത്യയിൽ നിന്ന് യുകെയിൽ എത്തിയ ദിവ്യ എന്ന പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് അതികഠിനമായ യാതന. മറ്റ് നാല് കെയർ വർക്കർമാർക്കൊപ്പമാണ് തന്നെ പാർപ്പിച്ചിരിക്കുന്നതെന്നും അവരുടെ പാസ്‌പോർട്ടുകൾ കമ്പനി അധികൃതർ പിടിച്ച് വച്ചിരിക്കുകയാണ്. മൂന്ന് വർഷത്തെ കരാരാണ് തങ്ങളെക്കൊണ്ട് ഒപ്പിടീപ്പിച്ചതെന്നും ഇവർ പരാതിപ്പെടുന്നു. 12 മണിക്കൂർ ഷിഫ്റ്റ് പൂർത്തിയാക്കിയാൽ അടുത്ത 12 മണിക്കൂർ ഷിഫ്റ്റിലേക്ക് തന്റെ തൊഴിലുടമ നേരിട്ട് കൊണ്ടുപോകുമെന്നും അവർ പറയുന്നു.
ഒരു ഷിഫ്റ്റിനിടയിൽ ആശങ്കാകുലനായ ഒരു ക്ലയന്റ് അവളെ ഉറങ്ങാൻ അനുവദിക്കുകയും ഭക്ഷണം നൽകുകയും ചെയ്തതായും ഇവർ റിപ്പോർട്ട് ചെയ്യുന്നു.

സിംബാബ്‌വെയിൽ നിന്നെത്തിയ ജാനറ്റ്, സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റിനായി തന്റെ തൊഴിലുടമ 10,000 പൗണ്ട് ഈടാക്കിയതായി ഹെൽപ്പ് ലൈനിനോട് പറഞ്ഞു. 18 മണിക്കൂർ ഷിഫ്റ്റിൽ, 10 ദിവസം തുടർച്ചയായുള്ള ജോലിയാണ് തന്നെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്നും ഇവർ പറയുന്നു. ഇങ്ങനെ നിരവധിപേരാണ് ദിവസവും ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുന്നതെന്ന് അൺ സീൻ ചാരിറ്റി വ്യക്തമാക്കുന്നു.

വിഷയം സർക്കാർ ഗൗരവമായി എടുക്കുമെന്നാണ് സൂചന. റിപ്പോർട്ട് സഭയിലെത്തിയതോടെ മന്ത്രിമാർ തന്നെ നേരിട്ട് ഇടപെടുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള നിരവധിപേരാണ് ഇത്തരം ചതിക്കുഴികളിൽ പെട്ടിട്ടുള്ളത്. ഇത്തരം കമ്പനികൾക്കും ഏജന്റുമാർക്കുമെതിരെ ശക്തമായ നടപടികൾ എടുക്കുമെന്ന് തന്നെയാണ് അധികൃതർ വ്യക്തമാക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more