സാലിസ്ബറി: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് അംഗ അസ്സോസിയേഷനുകളിൽ നിന്ന് ലഭിക്കുന്നത് ആവേശകരമായ സ്വീകരണം. രജിസ്ട്രേഷന് മണിക്കൂറുകൾ ബാക്കി നിൽക്കവേ മത്സരാർത്ഥികളുടെ എണ്ണം 250ലധികമായി. നിലവിൽ റീജിയണിലെ കൂടുതൽ അസോസിയേഷനുകൾ കലാമേളയിൽ പങ്കെടുക്കുവാനും കൂടുതൽ മത്സരാർത്ഥികളെ അണിനിരത്തുന്നതിനും മുന്നോട്ട് വന്നതോടെയാണ് മത്സരാർഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. ഇനിയും രജിസ്ട്രേഷൻ നടത്താത്ത അസോസിയേഷനുകൾ കൂടി രംഗത്തെത്തുന്നതോടെ മത്സരാർത്ഥികളുടെ എണ്ണം മുന്നൂറ് കവിയുമെന്നാണ് സൂചന. സൗത്ത് വെസ്റ്റ് റീജിയൺ ചരിത്രത്തിൽ തന്നെ ഇതൊരു റെക്കോർഡായി മാറും.
ഇന്ന് രാത്രിയോടെ രജിസ്ട്രേഷൻ അവസാനിക്കും. ചെസ്റ്റ് നമ്പറുകളും മറ്റു വിവരങ്ങളും ഒക്ടോബർ 21 രാവിലെ ഒൻപത് മണിയോടെ രജിസ്ട്രേഷൻ കൗണ്ടറിൽ നിന്ന് അതാത് അസോസിയേഷൻ ഭാരവാഹികൾക്ക് നൽകും. റീജിയണിലെ പ്രധാന അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേളയിൽ വിപുലമായ ഒരുക്കങ്ങളാണ് ഭാരവാഹികൾ നടത്തുന്നത്. റീജിയണൽ ഭാരവാഹികളും എസ് എം എ ഭാരവാഹികളും അംഗങ്ങളും അടങ്ങുന്ന ഒരു യോഗം പ്രസിഡന്റ് സുജു ജോസെഫിന്റെ അദ്ധ്യക്ഷതയിൽ അവസാന വട്ട ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച്ച വിളിച്ച് ചേർത്തിട്ടുണ്ട്.
മത്സരങ്ങളുടെ ഭാഗമായുള്ള ജൂനിയർ സബ്ജൂനിയർ വിഭാഗങ്ങളുടെ പ്രസംഗ മത്സര വിഷയങ്ങൾ ഇതിനകം തന്നെ അസ്സോസിയേഷനുകൾക്ക് കൈമാറിയതായി റീജിയണൽ സെക്രട്ടറി സുനിൽ ജോർജ്ജ് അറിയിച്ചു. രജിസ്ട്രേഷൻ ഫീ അടയ്ക്കുന്നതിനുള്ള അവസാന തിയതി ഒക്ടോബർ 19 ആണെന്ന് ട്രഷറർ രാജേഷ് രാജ് അറിയിച്ചു. ഒക്ടോബർ 21 ന് സാലിസ്ബറിക്കടുത്ത് ഫോർഡിംഗ്ബ്രിഡ്ജിലെ ദി ബർഗെറ്റ് സ്കൂളിൽ നടക്കുന്ന കലാമേളയ്ക്ക് രാവിലെ ഒൻപത് മണിയോടെയാകും തുടക്കമാകുക. യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ കലാമേളയിൽ പങ്കെടുക്കും.
ലൈഫ് ലൈൻ, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, ട്യൂട്ടർ വേവ്സ്, ബി കണക്ട് ഇവന്റസ്, ടൈംലെസ്സ് സ്റ്റുഡിയോ, മട്ടാഞ്ചേരി, ജെ എം പി സോഫ്റ്റ്വെയർ, സീക്കോം അക്കൗണ്ടൻസി സർവീസസ് തുടങ്ങിയ പ്രമുഖരാണ് സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് സ്പോൺസർമാരായായുള്ളത്. സൗത്ത് വെസ്റ്റ് റീജിയണിലെ പതിനേഴോളം അസോസിയേഷനുകൾ മാറ്റുരയ്ക്കുന്ന കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് റീജിയണൽ കമ്മിറ്റി നടത്തുന്നത്. സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേളയിൽ നാല് വേദികളിലായിട്ടായിരിക്കും മത്സരങ്ങൾ അരങ്ങേറുക. കലാമേളയിൽ പങ്കെടുക്കുന്നവർക്കായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന നാടൻ വിഭവങ്ങളോട് കൂടിയ ഭക്ഷണശാലയും സംഘാടകർ ഒരുക്കുന്നുണ്ട്. കലാമേള വൻ വിജയമാക്കുന്നതിന് ഏവരുടെയും പിന്തുണ റീജിയണൽ കമ്മിറ്റി അഭ്യർത്ഥിച്ചു.
click on malayalam character to switch languages