1 GBP = 113.37
breaking news

മെഡിറ്ററേനിയൻ കടൽ കടന്നുള്ള കുടിയേറ്റം; ഈ വർഷം മരിച്ചത് 2500 പേർ

മെഡിറ്ററേനിയൻ കടൽ കടന്നുള്ള കുടിയേറ്റം; ഈ വർഷം മരിച്ചത് 2500 പേർ

യുനൈറ്റഡ് നേഷൻസ്: മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതിനിടെ ഈ വർഷം മാത്രം മരിക്കുകയോ കാണാതാവുകയോ ചെയ്തത് 2500ലേറെ പേർ. 1,86,000ത്തോളം പേരാണ് ഇക്കാലയളവിൽ മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലെത്തിയതെന്ന് യു.എൻ അഭയാർഥി ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. അനധികൃതമായും അതീവ അപകടം പിടിച്ച രീതിയിലുമാണ് ബോട്ടുകളിൽ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്നത്. 

ആഭ്യന്തര സംഘർഷം, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാലാണ് കുടിയേറ്റം. ആളുകളെ കുത്തിനിറച്ചും മോശം കാലാവസ്ഥയെ നേരിട്ടും അപകടഭീഷണിയിലാണ് സഞ്ചാരം. കുടിയേറ്റക്കാരുടെയും അപകടത്തിൽപെടുന്നവരുടെയും എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്. ഇറ്റലിയിൽ കഴിഞ്ഞ വർഷം 70,000 പേരാണ് കുടിയേറിയെത്തിയതെങ്കിൽ ഈ വർഷം ഇതുവരെ 1,30,000 പേർ എത്തി. ഗ്രീസിലെത്തിയവരുടെ എണ്ണം മൂന്നിരട്ടിയായി. 

ഇറ്റലി, ഗ്രീസ്, സ്പെയിൻ, സൈപ്രസ്, മാൾട്ട തുടങ്ങിയ രാജ്യങ്ങളിലാണ് പിന്നീട് കൂടുതലായും അഭയാർഥികൾ എത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബർ അവസാനം വരെ 1680 പേരാണ് കുടിയേറ്റ ശ്രമത്തിനിടെ അപകടത്തിൽ മരിച്ചത്. 1,02,000 പേർ തുനീഷ്യൻ തീരത്തുനിന്നും 45,000ത്തിലേറെ പേർ ലിബിയൻ തീരത്തുനിന്നുമാണ് പുറപ്പെട്ടത്. 

സെപ്റ്റംബർ 24 വരെയുള്ള കണക്കാണിത്. അതിനിടെ കുടിയേറ്റത്തിനെതിരായ വികാരം വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്നുണ്ട്. ഇറ്റാലിയൻ തീരങ്ങളിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ ഒഴുക്കു തടയുമെന്ന് വാഗ്ദാനം നൽകിയാണ് പ്രധാനമന്ത്രി ജോർജിയ മെലോനി അധികാരത്തിലെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more