ഹേവാർഡ്സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ ഇടവക മദ്ധ്യസ്ഥയായ ആരോഗ്യ മാതാവിന്റെ തിരുന്നാൾ ഭക്ത്യാദരവോടെ ആഘോഷിച്ചു
Sep 25, 2023
ജിജോ അരയത്ത്
ഹേവാര്‍ഡ്സ്ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷനിൽ ഇടവക മദ്ധ്യസ്ഥയായ ആരോഗ്യമാതാവിന്റെ ഒരാഴ്ച നീണ്ടു നിന്ന തിരുന്നാളാഘോഷങ്ങള് പര്യവസാനിച്ചു. സെപ്തംബർ 16 തിയതി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി റവ.ഫാ. ബിനോയ് നിലയാറ്റിംഗല്‍ കൊടിയേറ്റി. റവ ഫാ. ജോസ് അഞ്ചാനിക്കൽ സഹ കാർമ്മികനായിരുന്നു. തുടർന്ന് കാഴ്ച്ചസമർപ്പണവും ആഘോഷപൂർവ്വകമായ റാസ കുർബാനയും നടത്തപ്പെട്ടു.
സെപ്തംബർ 17 ഞായറാഴ്ച മുതൽ തിരുന്നാളാഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ വിവിധ ഭവനങ്ങളിലും കൂടാതെ പള്ളിയിലുമായി ജപമാലയും നിത്യസഹായമാതാവിന്റെ നൊവേനയും ദിവസേനെ നടത്തപ്പെട്ടു. പ്രധാന തിരുന്നാള്‍ ദിനമായ സെപ്തംബര്‍ 23ാം തിയതി ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് പോള്‍സ് പള്ളിയില്‍ കഴുന്ന് നേര്‍ച്ച ആരംഭിച്ചു, പിന്നീട് പ്രസുദേന്തി വാഴ്ച്ച, അതോടൊപ്പം കാഴ്ച്ച സമർപ്പണവും, അതേ തുടര്‍ന്ന് ആഘോഷപൂർവ്വകമായ തിരുന്നാള്‍ പാട്ടു കുര്‍ബ്ബാനയും നടത്തപ്പെട്ടു.
വിശുദ്ധ കുര്‍ബ്ബാനയ്ക്ക് റവ.ഫാ. മാത്യു മുളയോലിൽ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. ജോസ് കുന്നുംപുറം വചന സന്ദേശം നല്കി. തുടര്‍ന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ വിവില്‍സ് ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ വച്ച് തിരുന്നാള്‍ പ്രദക്ഷിണവും, ലദീഞ്ഞും തുടർന്ന് ചെണ്ടമേളവും, സ്നേഹവിരുന്നും, കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികളും, സമ്മാനദാനവും നടത്തപ്പെട്ടു. കുട്ടികളുടെ വെൽക്കം ഡാൻസ്, മുതിർന്നവരുടെ ബൈബിള്‍ നാടകം, കഥാപ്രസംഗം, ഗ്രൂപ്പ് ഡാന്‍സുകള്‍, ഗ്രൂപ്പ് സോങ്സ്, സ്കിറ്റുകള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ തിരുന്നാളാഘോഷം വര്‍ണ്ണശബളമാക്കി.
തിരുന്നാള്‍ ഭക്തി സാന്ദ്രവും, മനോഹരവുമാക്കുവാൻ ഇടവക വികാരി റവ. ഫാ ബിനോയ് നിലയാറ്റിംഗലിന്റെ നേതൃത്വത്തിൽ മിറ്റി ടിറ്റോ, സില്‍വി ലൂക്കോസ്, അനു ജിബി, മിനു ജിജോ, സിബി തോമസ്, ഡെന്‍സില്‍ ഡേവിഡ്, ജെയിംസ് പി ജാന്‍സ്, ഷിജി ജേക്കബ്ബ്, ബിജു സെബാസ്റ്റ്യന്‍, സണ്ണി മാത്യു, ജെയിസണ്‍ വടക്കന്‍, ജിമ്മി പോള്‍, ഷാജു ജോസ്, സന്തോഷ് ജോസ്, ഡോണ്‍ ജോസ്, മാത്യു പി ജോയ്, പോളച്ചന് യോഹന്നാന്, ജിജോ അരയത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളും നടത്തി വന്നിരുന്നു. തിരുന്നാളിന്റെ ഭാഗമായി വിവില്‍ഡ്ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ മിഷനിലെ വുമൺ ഫോറത്തിന്റെ ചിന്തിക്കടയും കൂടാതെ മിഷന്‍ലീഗ് കുട്ടികളുടെ സ്റ്റാളും പ്രവർത്തിച്ചിരുന്നു.
ഹേവാർഡ്സ് ഹീത്ത് കമ്മ്യൂണിറ്റിയിൽ നിന്ന് 133 പ്രസുദേന്തിമാരും, 9 സ്പോൺസേഴ്സും ചേർന്നാണ് തിരുന്നാൾ ഏറ്റെടുത്തു നടത്തി ഭക്തി സാന്ദ്രവും, മനോഹരവുമാക്കാൻ മുമ്പോട്ടു വന്നത്. ഹേവാർഡ്സ് ഹീത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി ഏകദേശം 600 ഓളം ആളുകൾ തിരുന്നാൾ തിരുക്കർമങ്ങൾക്കു സാക്ഷിയായി പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹം പ്രാപിച്ചു.
click on malayalam character to switch languages