ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (എൽമ) 15-മത് ഓണാഘോഷ പരിപാടികൾ വ്യത്യസ്തത കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി
Sep 21, 2023
ബാസ്റ്റിൻ മാളിയേക്കൽ
ലണ്ടനിലെ മലയാളി കൂട്ടായ്മകളിൽ ഏറ്റവും വലുതും പഴക്കം ചെന്നതിൽ ഒന്നുമായ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഈ സെപ്റ്റംബർ മാസം ഒമ്പതാം തീയതി ക്രാനം സെന്റ് പീറ്റേഴ്സ് ഹാളിൽ വച്ച് വ്യത്യസ്തവും വൈവിധ്യവുമായ പരിപാടികൾ കൊണ്ടും ജനബാഹുല്യം കൊണ്ടും ശ്രദ്ധേയമായി. കൃത്യം പത്തുമണി മുതൽ വിവിധങ്ങളായ കായിക മത്സരങ്ങളോടെ ആരംഭിച്ച, അത്യന്തം വാശിയേറിയ വടംവലി അടക്കമുള്ള മത്സരത്തിൽ ധാരാളം മുതിർന്നവരുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
തുടർന്ന് ഓണാഘോഷത്തിന്റെ പ്രാധാന്യവും കേരളത്തിന്റെ സാംസ്കാരിക തനിമയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി കുട്ടികളുടെ ഒരു നിശ്ചലദൃശ്യം (Tableau) അവതരിപ്പിച്ചതും, കേരളത്തിലെ അത്തച്ചമയ ഘോഷയാത്രയെ ഓർമിപ്പിക്കുന്ന വിധത്തിൽ യുകെയിൽ ആദ്യമായി ഓണത്തോട് അനുബന്ധിച്ച് എല്‍മ നടത്തിയ ഘോഷയാത്രയിൽ മാവേലി തമ്പുരാൻ, വാമനൻ, കഥകളി വേഷം കെട്ടിയ കലാകാരന്മാർ , പുലികളി സംഘം , മോഹിനിയാട്ട വേഷം കെട്ടിയ മോഹിനിമാർ , ചെണ്ട വാദ്യഘോഷാ മേളങ്ങൾ,മുത്തുകുട, താലപ്പൊലിയെന്തിയ മങ്കമാർ, തിരുവാതിര സംഘം, വിവിധ മതങ്ങളെയും വിവിധ സംസ്കാരങ്ങളെയും പ്രതിനിധീകരിച്ചു വിവിധ വേഷത്തിൽ അണിനിരന്ന കുട്ടികൾ എന്നിവർ ഘോഷയാത്രയെ അനുഗമിച്ചത് എല്ലാവർക്കും ഒരു പുതിയ കാഴ്ച അനുഭവവും അറിവുമായി. ഘോഷയാത്രയ്ക്ക് ശേഷം മാവേലിത്തമ്പുരാൻ നിലവിളക്ക് കൊളുത്തി എൽമയുടെ ഈ വർഷത്തെ ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും അതിനുശേഷം ഏകദേശം 50 ഓളം മങ്കമാർ 5 സംഘങ്ങളായി തിരിഞ്ഞു നടത്തിയ മെഗാ തിരുവാതിര ഒരു ദൃശ്യാനുഭവമായി.
ഇതിനെല്ലാം മേമ്പൊടിയായി സുധിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മെഗാ പൂക്കളവും, കുട്ടികൾ തയ്യാറാക്കിയ ആനയുടെ വലിയ കട്ടൗട്ടും മറ്റൊരു വിസ്മയമായി… തുടർന്ന് വിഭവസമൃദ്ധവും രുചികരമായ ഓണസദ്യ ഏകദേശം 500 ഓളം ആൾക്കാരുടെ പങ്കാളിത്തത്തോടെ നടത്തുകയും ഇതേത്തുടർന്ന് വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കുകയും എല്‍മ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ ചായ സൽക്കാരം നടത്തുകയും ചെയ്തു. കുഞ്ഞു കുട്ടികളുടെ വെൽക്കം ഡാൻസോടെ ആരംഭിച്ച പരിപാടിയിൽ, നാടോടി നൃത്തം,സിനിമാറ്റിക് ഡാൻസ്, കോൽക്കളി, ഇൻസ്ട്രുമെന്റൽ മ്യൂസിക്, വഞ്ചിപ്പാട്ട്, ഓണപ്പാട്ട് എന്നിങ്ങനെയുള്ള ധാരാളം കലാപരിപാടികൾ അവതരിപ്പിച്ചു. അതിനുശേഷം പ്രസിഡണ്ട് അഡ്വക്കേറ്റ് ലിജോ ഉമ്മന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്ലോബൽ സ്റ്റഡി ലിങ്ക് സ്ഥാപകൻ റെജിലേഷ് സമ്മാനദാനം നിർവഹിക്കുകയും സെക്രട്ടറി ബാസ്ററ്യൻ മാളിയേക്കൽ നന്ദി അറിയിക്കുകയും ചെയ്തു..
ഈ അവസരത്തിൽ തന്നെ എല്‍മയുടെ ഒരു വെബ് പേജ് ലോഞ്ച് ചെയ്യുകയും ചെയ്തു. ഈ പരിപാടികൾക്കെല്ലാം മേൽനോട്ടം വഹിച്ചു ട്രഷറർ ബിനു ലൂക്കും ജോയിൻ ട്രഷറർ ഹരീഷ് ഗോപാലും അഡ്വൈസർ പയസ് തോമസും പ്രോഗ്രാമുകൾ എല്ലാം കോഡിനേറ്റ് ചെയ്ത് പ്രോഗ്രാം കോഡിനേറ്റർ ശുഭ ജന്റിലും കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡണ്ട് ധന്യ കെവിനും ജോയിൻ സെക്രട്ടറി ജനീസ് രഞ്ജിത്തും മുൻപിൽ തന്നെ ഉണ്ടായിരുന്നു. ഏകദേശം 7 മണിക്ക് ഡിജെയോടു കൂടി പരിപാടികൾക്ക് സമാപനമായി.
click on malayalam character to switch languages