1 GBP = 106.75
breaking news

പുത്തൻ പുതുപ്പള്ളി  ആരെ വിജയിപ്പിക്കും ? – രാഷ്ട്രീയ വിശകലനം – റജി നന്തികാട്ട് 

പുത്തൻ പുതുപ്പള്ളി  ആരെ വിജയിപ്പിക്കും ? – രാഷ്ട്രീയ വിശകലനം – റജി നന്തികാട്ട് 

കഴിഞ്ഞ അര നൂറ്റാണ്ടായി പുതുപ്പള്ളിക്കാർക്ക്  തിരഞ്ഞെടുപ്പുകൾ  എപ്പോഴും വാശിയേറിയതായിരുന്നു  കാരണം ഒരു വശത്ത് കേരള രാഷ്ട്രീയത്തിലെ    പ്രമുഖനായ ഉമ്മൻ ചാണ്ടിയായത്കൊണ്ട്  അദ്ദേഹത്തെ തോല്പിക്കുവാൻ  പ്രചാരണം  ഏതറ്റവും വരെയും പോകുമായിരുന്നു. അദ്ദേഹമില്ലാതെ 53 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇപ്പോൾ. പുതുപ്പള്ളി    നിലനിർത്തേണ്ടത് യുഡിഎഫിൻറെ അഭിമാനമാന പ്രശ്‌നമാണ്. ഉമ്മൻ ചാണ്ടിയെ പോലെ എതിരാളി ശക്തനല്ല എന്ന ചിന്തയാൽ എൽഡിഫും ഉശിരൻ പ്രചാരണമാണ് നടത്തുന്നത്. വാശിയേറിയ കാൽപന്തുകളിയുടെ നാടാണ് പുതുപ്പള്ളി ഇവിടെ ഇലക്ഷനിലും അതെ പോരാട്ടവീര്യം കാണാം. 

കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ആരാണ് വിജയം വരിക്കുക?. 

മത്സരിച്ച  രണ്ടു തവണയും തോറ്റെങ്കിലും മൂന്നാം തവണ ജെയ്ക് സി തോമസിലൂടെ    പുതുപ്പള്ളി തിരിച്ചു പിടിക്കണം എന്ന ലക്ഷ്യത്തോടെ ഗംഭീര പ്രചാരണം എൽഡിഫ് നടത്തുകയാണ്. ഉമ്മൻ ചാണ്ടിക്ക് കേരളം നൽകിയ വിടവാങ്ങൽ കോൺഗ്രസിനെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി പുതുപ്പള്ളിയിൽ എത്തി പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ്. ഉമ്മൻ ചാണ്ടിയെ മനപ്പൂർവ്വം വേട്ടയാടി എന്ന തോന്നൽ സാധാരണ ജനങ്ങളുടെ ഇടയിൽ സജീവമായി നിറുത്തുവാൻ യുഡിഎഫിന് സാധിക്കുന്നു.  പുതുപ്പള്ളി മണ്ഡലം നൽകുന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരിക്കും  ഈ തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ  വിജയിക്കുക എന്നാണ്  യു ഡിഎഫ് പറയുന്നത്   . കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാളും വോട്ട് വിഹിതം വർധിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ എൻഡിഎ സ്ഥാനാർഥിയായി യുവനേതാവായ ലിജിൻ ലാലും കളത്തിൽ തന്റെ സാന്നിധ്യം ഉറപ്പാക്കുന്നു. 

സിപിഎം വളരെ പ്രതീക്ഷയോടെ കാണുന്ന യുവ നേതാവാണ് ജയ്ക്ക് സി തോമസ്. ജനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ ഇടതുപക്ഷ പാർട്ടികൾക്കും സ്വീകാര്യൻ. കഴിഞ്ഞ രണ്ടു തവണ ഉമ്മൻ ചാണ്ടിയോട്  മത്സരിച്ചു തോറ്റെങ്കിലും കഴിഞ തവണ ഭൂരിപക്ഷം 10000 ൽ താഴെ കൊണ്ടുവന്നത്‌  എൽഡിഎഫിന് വിജയപ്രതീക്ഷ നൽകുന്നു. അതുപോലെ ഓർത്തഡോക്സ്‌ സഭാവിഭാഗങ്ങൾ തമ്മിലുണ്ടായ കേസിലെ വിധിയിൽ പിണറായി ബാവാകക്ഷിക്ക് അനുക്കൂലമായി നിലപാടെടുത്തത് നല്ലൊരു ശതമാനം വോട്ട് ലഭിക്കുവാൻ കാരണമാകുമെന്നും എൽഡിഫ് വിശ്വസിക്കുന്നു. അതുപോലെ നിർണ്ണായകമായ ഒരു ഘടകം കേരളകോൺഗ്രസ് മാണി വിഭാഗം ശക്തി പ്രാപിച്ചത്  യുഡിഫ്   വിട്ടത് വോട്ട് വിഹിതം കുറയുവാൻ കാരണം ആകുമെന്നും കരുതുന്നു.    ഒരു കേഡർ പാർട്ടിയെന്ന നിലയിൽ സിപിഎം ചിട്ടയായി  പ്രവർത്തിക്കുന്നതും പുതുപ്പള്ളിയിലെ മത്സരം കൊഴുപ്പിക്കുന്നുണ്ട്.പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചാത്തുകളിൽ ആറെണ്ണവും ഭരിക്കുന്നത് ഇടതുപക്ഷം ആകുന്നതും എൽഡിഫിന് ആത്മവിശ്വാസം കൂടുതൽ നൽകുന്നു.   തുടർച്ചയായി എംഎൽഎ ആയിരുന്ന പാലായിൽ പിന്നീട് വന്ന തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി തോറ്റത് പോലെ പുതുപ്പള്ളിയിലെ ജനങ്ങളും ചിന്തിച്ചാൽ ജയ്ക്കിന് കാര്യങ്ങൾ എളുപ്പം ആകുമെന്നും എൽഡിഫ് കേന്ദ്രങ്ങളിൽ ഒരു അടക്കം പറച്ചിലും നടക്കുന്നു.

 ചാണ്ടി ഉമ്മാന്റെ പ്രവർത്തന മണ്ഡലം കേരളമായിരുന്നില്ല. ഡൽഹിയിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് കോൺഗ്രസ് രാഷ്ട്രീയത്തിൽ എത്തിയ വ്യക്തിയാണ് ചാണ്ടി ഉമ്മൻ. അത് കൊണ്ട് പുതുപ്പളി മണ്ഡലത്തിൽ അത്ര സുപരിചിതനല്ല. അതോടൊപ്പം  ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിവാദത്തിൽ വിമർശനവും നേരിട്ട് നിക്കുമ്പോൾ ആണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതും ചികത്സ വിവാദങ്ങൾ കെട്ടടങ്ങിയതും അത് ചാണ്ടി ഉമ്മാന്റെ പ്രതിച്ഛായ വളർത്തുവാൻ സഹായിച്ചു.   ഉമ്മൻ ചാണ്ടിയുടെ പെട്ടെന്നുള്ള മരണവും കേരളം അദ്ദേഹത്തിന് നൽകിയ സമാനതകളില്ലാത്ത വിടവാങ്ങലും പുതുപ്പളി ഉപതിരഞ്ഞെടുപ്പ് വേഗത്തിൽ പ്രഖ്യാപിക്കുന്നതും. ചാണ്ടി ഉമ്മനെ അല്ലാതെ വേറെ ഒരാളെ ചിന്തിക്കുവാൻ പോലും കോൺഗ്രസിന് ആകുമായിരുന്നില്ല. ജനങ്ങളുമായുള്ള സമ്പർക്കത്തിൽ ജയ്‌ക്കിനൊപ്പം വരില്ല എങ്കിലും  ഉമ്മൻ ചാണ്ടിയോടുള്ള സഹതാപവും സ്നേഹവും വോട്ടായി മറുവെന്നും വലിയ  ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിക്കുമെന്നും  യുഡിഫ് ഉറച്ചു വിശ്വസിക്കുന്നു.  അതോടൊപ്പം രണ്ടാം പിണറായി സർക്കാർ ചെയ്യുന്ന ജനദ്രോഹപരമായ പ്രവർത്തികൾക്കും  പോലീസിനെ ഉപയോഗിച്ച് സർക്കാരിനെ വിമർശിക്കുന്നവരെ നേരിടുന്ന പ്രവർത്തനങ്ങൾക്കുമെതിരെ  ജനങ്ങൾ പ്രതികരിക്കുമെന്ന് യുഡിഫ്  അനുഭാവികൾ വിശ്വസിക്കുന്നു.  

ജനങ്ങളിൽ സഹതാപമല്ല മണ്ഡലത്തിലെ വികസനമാണ് ചർച്ച ആകേണ്ടതെന്നാണ് എൽഡിഫ് വാദിക്കുന്നത്. എന്നാൽ യുഡിഫ് അതിനെ പ്രതിരോധിക്കുവാൻ തുടങ്ങിയതോടെ  എൽഡിഫ് അതിൽ നിന്നും പതുക്കെ അകലുന്ന കാഴ്ചയാണ് കാണുന്നത്. അത് പോലെ പിണറായി സർക്കാർ നടത്തുന്ന പൗരാവകാശ ധ്വസനത്തിനെതിരെ യുഡിഎഫ് കടന്നാക്രിമിക്കുന്നത് ജനങ്ങളിൽ യുഡിഎഫിന് അനുകൂലമായി ഒരു തരംഗം സൃഷ്ടിക്കുവാൻ കഴിയുന്നുണ്ട്‌. തിരഞ്ഞെടുപ്പിന് ഏതാനും നാൾ അകലെ നിക്കുമ്പോൾ ശക്സ്തമായ ഒരു മത്സരം തോന്നിപ്പിക്കുവാൻ രണ്ടു മുന്നണികൾക്കും കഴിയുന്നുണ്ട്. 

മണ്ഡലത്തിൽ പൊതുവെ നോക്കുമ്പോൾ യുഡിഫിനെതിരെ എന്തെല്ലാം വിമർശനം  ഉന്നയിച്ചാലും ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും അദ്ദേഹം നേരിട്ടസമാനതകളില്ലാത്ത  മാനസീകപീഡനങ്ങളും ജനങ്ങളിൽ ചാണ്ടി ഉമ്മനോട്    സഹതാപം വർദ്ധിപ്പിക്കുന്നുണ്ട്.

മൂന്നു മുന്നണികളും  യുവാക്കളെയാണ്  സ്ഥാനാർഥികളായി നിറുത്തിയിരിക്കുന്നത്. എൻഡിഎ സ്ഥാനാർഥി എത്ര വോട്ട് പിടിക്കും? അവസാന നിമിഷത്തിൽ  എന്തെങ്കിലും പൊടിക്കൈകളുമായി എൽഡിഫ് എത്തുമോ? അങ്ങനെ നിരവധി ചോദ്യങ്ങൾക്ക്    ഉത്തരം കിട്ടണമെങ്കിൽ  തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more