യുക്മ കേരളപൂരം വള്ളംകളി – 2023 വേദിയിലേക്ക് മലയാളികളുടെ പ്രിയ താരങ്ങൾ…..വള്ളംകളി പ്രേമികൾക്ക് ആവേശം പകരാൻ സെലിബ്രിറ്റി ഗസ്റ്റുകളായെത്തുന്നത് ജോജു ജോർജ്ജും ചെമ്പൻ വിനോദ് ജോസും
Aug 17, 2023
അലക്സ് വർഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
ആഗസ്റ്റ് 26 ന് റോഥർഹാം മാൻവേഴ്സ് ലെയ്ക്കിൽ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആരവമുയരുമ്പോൾ, വള്ളംകളി പ്രേമികൾക്ക് ആവേശം പകരാൻ മലയാളികളുടെ പ്രിയ നടൻമാർ ജോജു ജോർജ്ജും ചെമ്പൻ വിനോദ് ജോസും എത്തുന്നു. നടനായും നിർമ്മാതാവായും ഗായകനായും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ജോജുവിനോടൊപ്പം നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തിളങ്ങുന്ന ചെമ്പൻ വിനോദ് ജോസും കൂടിയെത്തുമ്പോൾ വള്ളംകളി പ്രേമികളുടെ ആവേശം വാനോളം ഉയരുമെന്നുറപ്പ്.
1995 ൽ ഇറങ്ങിയ ‘മഴവിൽക്കൂടാരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഹരിശ്രീ കുറിച്ച ജോജു ഇതിനോടകം നൂറ്റി ഇരുപതോളം ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. 2018 ൽ പുറത്തിറങ്ങിയ ‘ജോസഫ്’ എന്ന ചിത്രത്തിലെ ജോസഫ് എന്ന നായക കഥാപാത്രം ജോജുവിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറി. അപ്പു പാത്തു പാപ്പു എന്ന സ്വന്തം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങിയ ജോസഫ്, ജോജുവിന്റെ അഭിനയതികവിന്റെ നേർക്കാഴ്ചയായി മാറി. അവിസ്മരണീയമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വെച്ച ജോസഫ് എന്ന കഥാപാത്രത്തിലൂടെ ജോജു, 2018 ലെ നല്ല നടനുള്ള കേരള സ്റ്റേറ്റ് അവാർഡും ദേശീയ അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി. നല്ല നടനുള്ള ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ജോജു നിർമ്മിച്ച ‘ചോല’ എന്ന ചിത്രം വെനീസ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ദുൽഖർ സൽമാൻ നായകനായ 2015 ലെ ‘ചാർലി’ എന്ന വമ്പൻ ഹിറ്റിലൂടെ സിനിമ നിർമ്മാണത്തിലേക്ക് കടന്ന ജോജു 2017 ൽ മഞ്ജുവാര്യരെ മുഖ്യ കഥാപാത്രമാക്കി ‘ഉദാഹരണം സുജാത’ എന്ന ഹിറ്റ് ചിത്രവും നിർമ്മിച്ചു. ബോക്സോഫീസിൽ ചരിത്ര വിജയം നേടിയതിനൊപ്പം നിരവധി അവാർഡുകളും വാരിക്കൂട്ടിയ ‘ജോസഫ്’ എന്ന ചിത്രത്തിന് ശേഷം ‘പൊറിഞ്ചു മറിയം ജോസ്’, ‘ചോല’, ‘മധുരം’, ‘ഇരട്ട’ എന്നീ ഹിറ്റ് ചിത്രങ്ങൾ കൂടി ജോജു നിർമ്മിച്ചു. 2021 ൽ പുറത്തിറങ്ങിയ ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറിയ ജോജു ഇതിനോടകം മൂന്ന് ചിത്രങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ‘ജോസഫ്’ ലെ “പാടവരമ്പത്തിലൂടെ” എന്ന ഗാനം പാടിക്കൊണ്ട് സിനിമ പിന്നണി ഗാന രംഗത്ത് തുടക്കം കുറിച്ച ജോജു ഇതിനോടകം മനോഹരങ്ങളായ നാല് ഗാനങ്ങൾ പാടിക്കഴിഞ്ഞു. ജോജു നായകനായ ജോഷി ചിത്രം ‘ആന്റണി’, ‘പുലിമട’ എന്നിവയാണ് ഉടൻ പുറത്തിറങ്ങാനുള്ള സിനിമകൾ. ദേശീയ, സംസ്ഥാന അവാർഡുകൾ ഉൾപ്പടെ ഇരുപതിലധികം അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ജോജു തൃശ്ശൂർ ജില്ലയിലെ മാള സ്വദേശിയാണ്.
2010 ൽ പുറത്തിറങ്ങിയ ‘നായകൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്ന് വന്ന ചെമ്പൻ വിനോദ് ജോസെന്ന ചെമ്പൻ വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഇതിനോടകം അറുപത്തിയഞ്ചോളം ചിത്രങ്ങൾ പൂർത്തിയാക്കിയ ചെമ്പൻ വിനോദ് 2018 ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ബെസ്റ്റ് ആക്‌ടർ അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
2017 ൽ പുറത്തിറങ്ങിയ ‘അങ്കമാലി ഡയറീസ്’, 2021 ൽ പുറത്തിറങ്ങിയ ‘ഭീമന്റെ വഴി’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ചെമ്പൻ വിനോദ് അഭിനേതാവെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും തന്റെ പ്രതിഭ തെളിയിച്ച് കഴിഞ്ഞു. ‘ആമേൻ’, ‘സപ്തമശ്രീ തസ്കര’, ‘ഇയ്യോബിന്റെ പുസ്തകം’, ‘കോഹിനൂർ’, ‘ഒപ്പം’, ‘പൊറിഞ്ചു മറിയം ജോസ്’, ‘ചുരുളി’, ‘രോമാഞ്ചം’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി ചെമ്പൻ വിനോദ് മാറിക്കഴിഞ്ഞു.
2018 ൽ പുറത്തിറങ്ങിയ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിലൂടെ നിർമാണ രംഗത്തേക്ക് കടന്ന ചെമ്പൻ വിനോദ്, ‘തമാശ’, ‘ജല്ലിക്കെട്ട്’, ‘ചുരുളി’, ‘ഭീമന്റെ വഴി’, ‘സുലൈഖ മൻസിൽ’ എന്നീ ചിത്രങ്ങൾക്ക് നിർമ്മാണ പങ്കാളിയായി. കുറച്ച് കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം മലയാള സിനിമാ രംഗത്തേക്ക് കടന്ന് വന്ന ചെമ്പൻ വിനോദ് എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശിയാണ്.
യുക്മ കേരളപൂരം വള്ളംകളി – 2023 ൻ്റെ പ്രധാന സ്പോൺസേഴ്സ് ലൈഫ് ലൈൻ ഫിനാൻസ്(അലൈഡ്), മട്ടാഞ്ചേരി കാറ്ററിംഗ്, മുത്തൂറ്റ് ഫിനാൻസ്, പോൾ ജോൺ സോളിസിറ്റേഴ്സ്, മലബാർ ഗോൾഡ്, എൻവെർടിസ് കൺസൽട്ടൻസി ലിമിറ്റഡ്, എസ് ബി ഐ യുകെ, ജി.കെ ടെലികോം, മലബാർ ഫുഡ്സ്, പുറത്തിറങ്ങാനിരിക്കുന്ന “ആൻറണി” സിനിമ എന്നിവരാണ്.
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്മ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ധൃതഗതിയിൽ നടന്ന് കൊണ്ടിരിക്കുകയാണ്. വള്ളംകളിയുടെ ആവേശത്തോടൊപ്പം കേരളീയ കലകളുടെ മനോഹരങ്ങളായ ദൃശ്യാവിഷ്ക്കാരങ്ങൾ കൂടി ചേരുമ്പോൾ അഞ്ചാമത് കേരളപൂരം വള്ളംകളി ഒരു അവിസ്മരണീയ ആഘോഷമായി മാറും.
നിങ്ങൾ ഇഷ്ടപ്പെടുന്ന താരങ്ങളോടൊപ്പം വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages