1 GBP = 105.47
breaking news

“സ്ത്രീകൾ നയിക്കുന്ന വികസന മുന്നേറ്റം, ദാരിദ്ര്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ, മൂന്ന് തിന്മകൾ”; സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ

“സ്ത്രീകൾ നയിക്കുന്ന വികസന മുന്നേറ്റം, ദാരിദ്ര്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ, മൂന്ന് തിന്മകൾ”; സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ

2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്റെ അവസാന സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ സ്ത്രീകൾ നയിക്കുന്ന വികസന മുന്നേറ്റം, ദാരിദ്ര്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ച് എടുത്തു പറഞ്ഞു. ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പതിവിൽ നിന്ന് വ്യത്യസ്തമായ ശൈലിയിലാണ് പ്രധാനമന്ത്രി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്‌തത്. ഞങ്ങളുടെ ലക്ഷ്യം സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക, ജനങ്ങളെ ശാക്തീകരിക്കുക, ഇന്ത്യയെ വികസിത രാജ്യമാക്കുക എന്നിവയാണ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിലെ പ്രധാന വാഗ്ദാനങ്ങൾ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയായി രാജ്യം മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് വാഗ്ദാനം ചെയ്തു. “ദാരിദ്ര്യം കുറയുമ്പോൾ, മധ്യവർഗത്തിന്റെ വിഭാഗത്തിന്റെ ശക്തി വർദ്ധിക്കുന്നു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ രാജ്യം ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയുടെ കൂട്ടത്തിൽ എത്തും. ദാരിദ്ര്യത്തിൽ നിന്ന് കരകയറിയ 13.5 കോടി ജനങ്ങൾ മധ്യവർഗത്തിന്റെ ശക്തി വർധിപ്പിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

രാജ്യത്തെ നശിപ്പിച്ച “മൂന്ന് തിന്മകൾ” അവസാനിപ്പിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. അഴിമതിക്കെതിരെ പോരാടുക എന്നത് എന്റെ ജീവിതത്തിന്റെ പ്രതിബദ്ധതയാണ്. രണ്ടാമതായി, രാജവംശ രാഷ്ട്രീയം രാജ്യത്തെ നശിപ്പിച്ചു. അത് ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തു. മൂന്നാമത്തെ തിന്മ ദേശീയ സ്വഭാവത്തിന് കളങ്കമുണ്ടാക്കിയ പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കുമെന്നും മോദി പറഞ്ഞു. ഈ മൂന്ന് തിന്മകൾക്കെതിരെ ശക്തമായി തന്നെ ഞങ്ങൾ പോരാടും. ഇവ മൂന്നും ചേർന്ന് രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള കഴിവ് നമുക്ക് ഉണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കവെ, വനിതാ സ്വയം സഹായ സംഘങ്ങളുടെ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ഇന്ന് 10 കോടി സ്ത്രീകൾ വനിതാ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു,” എന്നും കൂട്ടിച്ചേർത്തു.

ഇന്ന്, സിവിൽ ഏവിയേഷനിൽ ഏറ്റവും കൂടുതൽ പൈലറ്റുമാരുള്ളത് ഇന്ത്യയിലാണെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും. വനിതാ ശാസ്ത്രജ്ഞരാണ് ചന്ദ്രയാൻ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ജി20 രാജ്യങ്ങളും സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നു എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ യുവജനങ്ങൾക്ക് മികച്ച ഭാവിയും പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ ഉറപ്പാക്കി. രാജ്യത്ത് അവസരങ്ങൾക്ക് ക്ഷാമമില്ലെന്നും അനന്തമായ അവസരങ്ങൾ നൽകാനുള്ള കഴിവ് രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് യുവാക്കളുടെ കഴിവിലും ശക്തിയിലും വിശ്വാസമുണ്ട്. നമ്മുടെ നയങ്ങളും ആചാരങ്ങളും അവർക്ക് കരുത്ത് പകരാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. നമ്മുടെ യുവാക്കൾ ഇന്ത്യയെ ലോകത്തിലെ ആദ്യത്തെ മൂന്ന് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

ഇപ്പോൾ സമാധാന അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും അത് വികസനത്തിന് സംഭാവന നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സുരക്ഷയും സമാധാനവും ഉള്ളപ്പോൾ നമുക്ക് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ഗവൺമെന്റിന്റെ ഓരോ നിമിഷവും ഓരോ രൂപയും പൗരന്മാരുടെ ക്ഷേമത്തിലേക്കാണ് പോകുന്നത്. സർക്കാരും പൗരന്മാരും ഐക്യത്തിലാണ് നിലകൊള്ളുന്നത്. ഞങ്ങൾ ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയും ചെയ്തു. ക്ഷേമപദ്ധതികളുടെ 10 കോടി വ്യാജ ഗുണഭോക്താക്കളെ എന്റെ സർക്കാർ ഒഴിവാക്കി; അനധികൃത സ്വത്ത് പിടിച്ചെടുക്കൽ 20 മടങ്ങ് വർദ്ധിച്ചു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ സർക്കാരിന്റെ കീഴിലുള്ള വികസന സംരംഭങ്ങൾ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ നേട്ടം അതിവേഗം ഉയരുകയാണ്. ആഴക്കടൽ ദൗത്യം, റെയിൽവേയുടെ നവീകരണം – വന്ദേ ഭാരത്, ബുള്ളറ്റ് ട്രെയിൻ എന്നിവയിലെല്ലാം നമ്മൾ മുന്നേറി കഴിഞ്ഞു. ഇന്റർനെറ്റ് ഗ്രാമങ്ങളിലെത്തി.

മണിപ്പൂരിലെ കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ പ്രതിബാധിച്ചു. മണിപ്പൂരിൽ സമാധാനത്തിനായി അഭ്യർത്ഥിച്ച പ്രധാനമന്ത്രി മോദി, സ്ഥിതി മെച്ചപ്പെടുകയാണെന്നും രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് മണിപ്പൂരിൽ, അക്രമാസക്തമായ അന്തരീക്ഷമാണ്. നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ അക്രമം അഴിച്ചുവിട്ടു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, സ്ഥിതി മെച്ചപ്പെടുകയാണെന്നും രാഷ്ട്രം മണിപ്പൂരിന്റെ കൂടെയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

77-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി പ്രധാനമന്ത്രി ബഹുവർണ്ണ രാജസ്ഥാനി ബന്ധാനി പ്രിന്റ് തലപ്പാവ് ധരിച്ചാണ് എത്തിയത്. ഒപ്പം ഓഫ് വൈറ്റ് കുർത്തയും അണിഞ്ഞു. 2014 മുതൽ എല്ലാ സ്വാതന്ത്ര്യ ദിനത്തിലും പ്രധാനമന്ത്രി മോദി വർണ്ണാഭമായ തലപ്പാവാണ് ധരിക്കാറ്.

നഴ്‌സുമാർ, അധ്യാപകർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, വില്ലേജുകളിലെ സർപഞ്ചുമാർ തുടങ്ങി വിവിധ തൊഴിലുകളിൽ നിന്നുള്ള 1800-ലധികം ആളുകൾ ചെങ്കോട്ടയിൽ നടന്ന ആഘോഷങ്ങളിൽ പ്രത്യേക അതിഥികളായി എത്തിയത്. ജന്‍ ഭഗിരഥി പദ്ധതിയുടെ ഭാഗമായാണ് ഇത്രയും അതിഥികളേയും അവരുടെ പങ്കാളികളേയും ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിലേക്ക് ക്ഷണിച്ചത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 2021-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനമാണ് ഈ വർഷത്തെ ആഘോഷങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more