ഒരു കോടതിമുറിയിൽ നിന്നാണ് കുറുക്കൻ ആരംഭിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ കള്ളസാക്ഷി ഒരു സെക്യൂരിറ്റി ഗാർഡിനെ മർദ്ദിച്ചുകൊന്നയാൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ കോടതിയെ സഹായിക്കുന്നു. അയാൾ കള്ളസാക്ഷിയാണെന്നും പറയുന്നത് നുണയാണെന്നും കോടതിയ്ക്കും വക്കീലന്മാർക്കുമൊക്കെ അറിയാമെങ്കിലും അത് തെളിയിക്കാൻ കഴിയുന്ന തെളിവുകൾ ഇല്ലാത്തതും തൻ്റെ സാക്ഷിമൊഴി സത്യമാണെന്ന് ബോധ്യപ്പെടുത്തുന്ന വാദഗതികളുമൊക്കെയാണ് ഈ സാക്ഷിയുടെ പ്രത്യേകത. ഇയാളാണ് കുറുക്കൻ.
ചെറിയ സ്പോയിലറുകൾ ഉണ്ടാവാം
ഈ കഥാപാത്രത്തെ രജിസ്റ്റർ ചെയ്യാനാണ് ഈ സീൻ. അതിനു ശേഷമാണ് സിനിമ കഥയിലേക്ക് കടക്കുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള, അബദ്ധങ്ങൾ തുടർക്കഥയാക്കിയ എസ് ഐ ദിനേശും അയാൾ ഒരു കൊലക്കേസിൽ വിദഗ്ധമായി ഫ്രെയിം ചെയ്യുന്ന ഒരു ഹാക്കറും പത്രവിതരണക്കാരനുമായ യുവാവും മേല്പറഞ്ഞ കള്ളസാക്ഷി കൃഷ്ണനും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് പിന്നീട് സിനിമ പറയുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഒരു യുവതി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടതായി പൊലീസ് കണ്ടെത്തുന്നു. ഈ കൊലപാതകം ഹാക്കറും പത്ര വിതരണക്കാരനുമായ യുവാവ് ചെയ്തതാണെന്ന് എസ് ഐ സാഹചര്യത്തെളിവുകൾ വച്ച് വരുത്തിത്തീർക്കുന്നു. ഇത് തെളിയിക്കാൻ അയാൾ മേല്പറഞ്ഞ കുറുക്കൻ്റെ സഹായം തേടുന്നു. എന്നാൽ, ഹാക്കറിന് മറ്റ് ചില പ്ലാനുകളാണ് ഉണ്ടായിരുന്നത്.
സിനിമയുടെ തുടക്കവും ക്ലൈമാക്സും കോടതിമുറിയിലാണ്. ആദ്യ സീനിൽ പ്രോസിക്യൂഷൻ വിജയിക്കുമ്പോൾ അവസാന സീനിൽ പ്രോസിക്യൂഷൻ പരാജയപ്പെടുന്നു. സിനിമ മൊത്തത്തിൽ കണ്ടിരിക്കാൻ രസമുള്ള രണ്ട് മണിക്കൂറാണ്. തമാശപ്പടമെന്ന തരത്തിലാണ് സിനിമയുടെ ട്രീറ്റ്മെൻ്റ്. ചില നല്ല തമാശ സീനുകളുണ്ട്. നല്ല സീനുകളും രസമുള്ള കാഴ്ചകളുമുണ്ട്.
മുകുന്ദൻ ഉണ്ണിക്ക് ശേഷം വിനീത് ശ്രീനിവാസൻ്റെ നെഗറ്റീവ് കഥാപാത്രം എന്ന കൗതുകം രസമുള്ളതാണ്. ഒപ്പം, ശ്രീനിവാസൻ അവതരിപ്പിച്ച ക്യാരക്ടറും രസമുണ്ടായിരുന്നു. ഏറെക്കാലത്തിനു ശേഷം ശ്രീനിവാസൻ വെള്ളിത്തിരയിൽ നിറഞ്ഞാടുന്നതിൻ്റെ രസം സിനിമയുടെ ആസ്വാദനം വർധിപ്പിച്ചിട്ടുണ്ട്. ചുറ്റുമുണ്ടായിരുന്ന കഥാപാത്രങ്ങളൊക്കെ കൃത്യമായ രീതിയിൽ തങ്ങളുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു. ടെക്നിക്കൽ വശങ്ങൾ പരിഗണിക്കുമ്പോൾ പശ്ചാത്തല സംഗീതം, ക്യാമറ എന്നീ മേഖലകൾ മികച്ചുനിന്നു.
മലയാളത്തിൽ ഇന്നുവരെ വരാത്ത ഒരു പ്രമേയമൊന്നുമല്ല കുറുക്കൻ്റേത്. എന്നാൽ, പുതുമ അവകാശപ്പെടാവുന്ന ചിന്ത അതിലുണ്ട് താനും. അതുകൊണ്ട് തന്നെ തീയറ്ററീലിരുന്ന് കുറുക്കൻ ആസ്വദിക്കാം.
click on malayalam character to switch languages